25 April Thursday

ദുബായിയിൽ നിന്ന്‌ 50 മിനുട്ടു കൊണ്ട് അബുദാബിയിലെത്താം; ഇത്തിഹാദ് റെയിൽ പദ്ധതി വിപുലീകരിച്ചു

കെ എൽ ഗോപിUpdated: Tuesday Dec 7, 2021

ദുബായ്‌> യു എ ഇ റെയിൽവേ ശൃംഖലയായ ഇത്തിഹാദ്  റെയിൽ പദ്ധതിയുടെ വിപുലീകരണം സർക്കാർ പ്രഖ്യാപിച്ചു. ഇതിലൂടെ 50 മിനിറ്റ്‌ കൊണട്‌ ദുബായിയിൽനിന്നും അബുദാബിയിലെത്താം.  ചരക്കു നീക്കങ്ങൾ സുഗമമാക്കാൻ എമിറേറ്റുകളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ഈ റെയിൽ പദ്ധതി 2009 ജൂണിലാണ് കമ്മീഷൻ ചെയ്‌തത്‌.  2016മുതൽ ഇത് പ്രവർത്തനക്ഷമമായി. പദ്ധതിയിൽ യാത്രാ ട്രെയിനുകളും ഉൾപ്പെടുത്തിയുള്ള പ്രഖ്യാപനമാണ് സർക്കാർ ഇപ്പോൾ നടത്തിയിരിക്കുന്നത്. സൗദി അതിർത്തിയായ ഗുവൈഫാത്തിൽ നിന്ന് ഒമാൻ കടലിടുക്കിലുള്ള കിഴക്കൻ അതിർത്തിയായ ഫുജൈറ വരെ യു എ ഇ യിലെ വിവിധ എമിറേറ്റുകളെ ബന്ധിപ്പിക്കുന്ന ഈ പദ്ധതിക്ക് 5,000 കോടി ദിര്‍ഹമാണ് വകയിരുത്തിയിരിക്കുന്നത്

യു  എ ഇ വൈസ്  പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവരുടെ സാന്നിധ്യത്തിലാണ്‌ പദ്ധതി പ്രഖ്യാപിച്ചത്‌.

മണിക്കൂറില്‍ 200 കിലോ മീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ട്രെയിൻ വഴി അബുദാബിയില്‍ നിന്ന് ദുബായിലേക്ക് 50 മിനുട്ടിലും അബുദാബിയില്‍ നിന്ന് ഫുജൈറയിലേക്ക് ഒരു മണിക്കൂർ 40 മിനുട്ടിലും എത്താനാകും. യുഎഇ സുവർണ ജൂബിലിയുടെ ഭാഗമായ 50 പദ്ധതികളിൽ വരുന്ന യുഎഇ റെയില്‍ പദ്ധതി ദുബായ്‌ എക്‌സ്‌പോ 2020-ല്‍ നടന്ന പ്രത്യേക ചടങ്ങിലാണ്‌ അവതരിപ്പിച്ചത്.

യുഎഇയിലെ 11 പ്രധാന നഗരങ്ങളെയും പ്രദേശങ്ങളെയും ഇത് ബന്ധിപ്പിക്കും. രാജ്യത്തെ പ്രധാന വ്യവസായ-ഉത്പാദന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നതിനും പുതിയ വ്യാപാര പാതകള്‍ തുറക്കുന്നതിനും ജനസഞ്ചാരം സുഗമമാക്കുന്നതിനും മേഖലയിലെ ഏറ്റവും വികസിത തൊഴില്‍-ജീവിത അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമുള്ള കാഴ്ചപ്പാടാണ് ഈ പദ്ധതിയെന്ന്‌ അബുദാബി കിരീടാവകാശി മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top