27 April Saturday

ദുബായ് സൂപ്പർ കപ്പിന് തുടക്കമായി

കെ എൽ ഗോപിUpdated: Friday Dec 9, 2022

ദുബായ്> ദുബായ് സൂപ്പർ കപ്പ് 2022ന് തുടക്കമായി. ഡിസംബർ 8 മുതൽ 16 വരെ അൽ-നാസർ ക്ലബ്ബിലെ അൽ മക്തൂം സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ. ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ എച്ച്.എച്ച് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന ചാമ്പ്യൻഷിപ്പ് ദുബായ് സ്‌പോർട്‌സ് കൗൺസിലിന്റേയും (ഡിഎസ്‌സി) അൽ-നാസർ ക്ലബ്ബിൻ്റെയും പങ്കാളിത്തത്തോടെ എഎംഎച്ച് സ്‌പോർട്‌സ് ആണ്  സംഘടിപ്പിക്കുന്നത്. നാല് എലൈറ്റ് യൂറോപ്യൻ ഫുട്ബോൾ ടീമുകളുടെ പങ്കാളിത്തം ചാമ്പ്യൻഷിപ്പിൻ്റെ സവിശേഷതയാണ്.

അന്താരാഷ്ട്ര കായിക മത്സരങ്ങൾക്ക് ആതിഥേയത്വം നൽകി ആഗോള കായിക ഭൂപടത്തിൽ ദുബായിയുടെ സ്ഥാനം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സൂപ്പർ കപ്പ് മത്സരങ്ങൾക്ക് ദുബായ് ഇടമൊരുക്കുന്നത് എന്ന് ദുബായ് സ്‌പോർട്‌സ് കൗൺസിൽ ചെയർമാൻ എച്ച്.എച്ച് ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം “ദുബായ് സൂപ്പർ കപ്പ് 2022” പന്തിൽ ഒപ്പുവെച്ചുകൊണ്ട് പറഞ്ഞു. വർഷം മുഴുവനും ദുബായിൽ നടക്കുന്ന വിവിധ ടൂർണമെൻ്റുകളിൽ അന്താരാഷ്ട്ര ടീമുകളുടെ പങ്കാളിത്തം ഉണ്ടാകുമെന്നും, യുഎഇയിലെയും ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികൾക്കും അവരുടെ പ്രിയപ്പെട്ട താരങ്ങളുടെ മത്സരം കാണാൻ ഇതുവഴി അവസരമൊരുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ചാമ്പ്യൻഷിപ്പ് ലീഗിൽ ആറ് തവണ മുത്തമിട്ട ലിവർപൂൾ, ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്തുള്ള ആഴ്‌സനൽ ഉൾപ്പെടെ നാല് യൂറോപ്യൻ ഫുട്ബോൾ ടീമുകൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നുണ്ട്. ഏഴ് തവണ ചാമ്പ്യൻസ് ലീഗ് നേടിയ ഇറ്റാലിയൻ ഫുട്ബോൾ ക്ലബ് എസി മിലാൻ, എട്ടുതവണ ഫ്രഞ്ച് കപ്പ് സ്വന്തമാക്കിയ ഫ്രഞ്ച് ഫുട്ബോൾ ക്ലബ് ഒളിംപിക് ലിയോണൈസ് എന്നിവയാണ് മറ്റു രണ്ടു ടീമുകൾ. ഡിസംബർ എട്ടിന് ആഴ്സണലും ഒളിമ്പിക് ലിയോണൈസും തമ്മിലായിരുന്നു ആദ്യ മത്സരം. ഡിസംബർ 11ന് നടക്കുന്ന രണ്ടാം മത്സരത്തിൽ ലിവർപൂൾ ഒളിമ്പിക് ലിയോണൈസുമായി ഏറ്റുമുട്ടും. ഡിസംബർ 13ന് ആഴ്സണൽ എസി മിലാനുമായി കളിക്കും, ഡിസംബർ 16ന് ലിവർപൂളും എസി മിലാനും മത്സരിക്കും.

പങ്കെടുക്കുന്ന ഫുട്ബോൾ താരങ്ങളിൽ ഈജിപ്ഷ്യൻ ഫുട്ബോൾ താരവും ലിവർപൂൾ കളിക്കാരനുമായ മുഹമ്മദ് സലാ, ആഴ്സണൽ ഫുട്ബോൾ താരം മുഹമ്മദ് എൽനെനി,  ലിവർപൂളിനൊപ്പം കളിക്കുന്ന ബ്രസീലിയൻ താരം റോബർട്ടോ ഫിർമിനോ, ആഴ്സണലിൻ്റെ ഡിഫൻഡർ ഗബ്രിയേൽ മഗൽഹെസ്, നോർവേ ദേശീയ ടീമിൻ്റെയും ആഴ്സണൽ ടീമിൻ്റെയും ക്യാപ്റ്റൻ മാർട്ടിൻ ഒഡെഗാർഡ്,  അൾജീരിയൻ താരവും എസി മിലാൻ താരവുമായ ഇസ്മായിൽ ബിൻ നാസർ, ലിയോൺ താരം അലക്സാണ്ടർ ലകാസെറ്റ് എന്നിവർ  ഉൾപ്പെടുന്നു.

ലോകകപ്പ് മത്സരങ്ങളോടനുബന്ധിച്ചാണ് ടൂർണ്ണമെൻറ് സംഘടിപ്പിക്കുന്നത് ലോകകപ്പ് മത്സരങ്ങൾ ഇല്ലാത്ത ദിവസങ്ങളിലാണ് സൂപ്പർ കപ്പ് മത്സരങ്ങളുടെ പോരാട്ടം. ലോകകപ്പിൽ കളിക്കാത്ത താരങ്ങളാണ് ഇവിടെ ബൂട്ട് കെട്ടുന്നത്. ടീമുകൾ നേരത്തെ തന്നെ എത്തി അവരുടെ പരിശീലനം തുടരുന്നത്  സോഷ്യൽ മീഡിയ വഴി പല ടീമുകളും പങ്കുവെച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top