19 April Friday
സ്പുട്‌നിക് വാക്‌സിനും അനുമതി

കോവിഡ് വര്‍ധന: അടിയന്തിരമല്ലാത്ത ശസ്ത്രക്രിയകള്‍ ദുബായ് നിര്‍ത്തി

അനസ് യാസിന്‍Updated: Thursday Jan 21, 2021

ദുബായ് > അടിയന്തിരമല്ലാത്ത എല്ലാ ശസ്ത്രക്രിയകളും ഫെബ്രുവരി 19 വരെ നിര്‍ത്തിവെക്കാന്‍ ദുബായ് ഹെല്‍ത്ത് അതോറിറ്റി (ഡിഎച്ച്എ) ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കി.

രാജ്യത്ത് കൊറോണവൈറസ് കേസുകള്‍ വര്‍ധിച്ചപാശ്ചാത്തലത്തിലാണ് നിര്‍ദേശം. വ്യാഴാഴ്ച തീരുമാനം പ്രാബല്യത്തില്‍ വന്നു. ഡിഎച്ച്എയുടെ ലൈസന്‍സുള്ള എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍, ഡേ കെയര്‍ സെന്ററുകള്‍ എന്നിവക്കെല്ലാം തീരുമാനം ബാധകമാണ്. സമൂഹത്തിന് ഏറ്റവും ഉയര്‍ന്ന നിലവാരത്തിലുള്ള പരിചരണം ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ക്ക് അനുസൃതമായാണ് നടപടിയെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.

ഗള്‍ഫില്‍ മറ്റ് രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ കുറയുമ്പോള്‍ യുഎഇയില്‍ വര്‍ധിക്കുകയാണ്. തുടര്‍ച്ചയായ ഒന്‍പതാം ദിവസവും യുഎഇയില്‍ പുതിയ കേസുകള്‍ മുവായിരത്തിന് മുകളില്‍. വ്യാഴാഴ്ച 3,529 പുതിയ കേസുകളും നാലു മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ സ്ഥിരീകരിച്ച കേസുകള്‍ 267,258 ആയി. ഇതില്‍ 239,322 പേര്‍ക്ക് രോഗമുക്തി. ഇതുവരെ 766 പേര്‍ മരിച്ചു. 27,170 പേരാണ് ചികിത്സയിലുള്ളത്.

അതേസമയം, ലോക്ഡൗണ്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ കൊണ്ടുവരില്ലെന്നാണ് റിപ്പോര്‍ട്ട്. മാര്‍ച്ചോടെ ജനസംഖ്യയിലെ അമ്പതു ശതമാനത്തിലധികം പേര്‍ക്ക്  കുത്തിവെപ്പ് നടത്തുക എന്നതാണ് യുഎഇ ലക്ഷ്യമിടുന്നത്. ഇതിനായി നിലവില്‍ തെരഞ്ഞെടുത്ത സെന്ററുകള്‍ക്ക് പുറമേ ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍ സെന്ററുകളും ഒരുക്കും. പ്രതിദിന കോവിഡ് വാക്‌സിന്‍ വിതരണത്തില്‍ യുഎഇ ലോകത്ത് ഒന്നാം സ്ഥാനത്താണ്.

അടിയന്തിര ഉപയോഗത്തിന് റഷ്യയുടെ സ്പുട്‌നിക് വാക്‌സിന് വ്യാഴാഴ്ച ആരോഗ്യ, പ്രതിരോധ മന്ത്രാലയം അനുമതി നല്‍കി. ഇതോടെ അനുമതി ലഭിച്ച വാക്‌സിന്‍ മൂന്നായി. ചൈനയുടെ സിനോഫാം, അമേരിക്കയുടെ ഫൈസര്‍ എന്നിവക്ക് നേരത്തെ അനുമതി നല്‍കിയിരുന്നു. 16 വയസിന് മുകളില്‍ പ്രായക്കാര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. സിനോഫാം വാക്‌സിനാണ് രാജ്യത്ത് കുത്തിവെക്കുന്നത്. ദുബായില്‍ മാത്രം ഫൈസര്‍ വാക്‌സിനും തെരഞ്ഞെടുക്കാം. വ്യാഴാഴ്ച വരെ 22.4 ലക്ഷ പേര്‍ കുത്തിവെപ്പ് എടുത്തു. 

 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top