27 April Saturday

ദുബായ് ഫിറ്റ്‌നസ് ചാലഞ്ചിന് പരിസമാപ്തി

കെ എല്‍ ഗോപിUpdated: Monday Nov 28, 2022

ദുബായ്>  ആരോഗ്യമുള്ള പൗരന് ആരോഗ്യമുള്ള ശരീരം എന്ന സന്ദേശം പ്രചരിപ്പിച്ചുകൊണ്ട് കഴിഞ്ഞ ഒരു മാസമായി നീണ്ടുനിന്ന ഫിറ്റ്‌നസ് ചാലഞ്ചിന് ഇന്ന് പരിസമാപ്തി. കായിക സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിന് ജനങ്ങളെ പ്രാപ്തമാക്കി,  ആരോഗ്യ ശീലങ്ങള്‍ ജീവിതക്രമത്തിന്റെ ഭാഗമാക്കി മാറ്റിയെടുക്കാന്‍ പ്രോത്സാഹനം നല്‍കുന്ന ഫിറ്റ്‌നസ് ചാലഞ്ച് ഒക്ടോബര്‍ 29ന് ആരംഭിച്ച് പുതിയ റെക്കോര്‍ഡുകള്‍ സ്ഥാപിച്ചാണ് അവസാനിക്കുന്നത്.

ദുബായ് കിരീടാവകാശിയും, എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷേക്ക് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നേതൃത്വത്തിലായിരുന്നു ഒരു മാസം നീണ്ടുനിന്ന ഈ ആരോഗ്യ സംരക്ഷണ യജ്ഞം. റെക്കോര്‍ഡ് പങ്കാളിത്തമാണ് ഈ തവണ ഉണ്ടായത്. ഫിറ്റ്‌നസ് ചാലഞ്ചിന്റെ ഭാഗമായി നടന്ന ദുബായ് റൈഡിലും ദുബായി റണ്ണിലും ഇതുതന്നെയായിരുന്നു സ്ഥിതി.

34,897 സൈക്കിളുകളാണ് ഷെയ്ഖ് സായിദ് റോഡിലെ ദുബായ് റൈഡില്‍ പങ്കെടുത്തത്. നാലു മണിക്കൂറോളം ഇതിനായി ഗതാഗതം വഴിതിരിച്ചുവിട്ടു. ദുബായ് റണ്ണില്‍ ഓടാന്‍ ഇറങ്ങിയത് 1.90 ലക്ഷം പേരാണ്.  ഷെയ്ക്ക് ഹംദാന്‍ നേരിട്ടെത്തിയാണ് ഓട്ടത്തിന് നേതൃത്വം നല്‍കിയത്. 5, 10 കിലോമീറ്ററുകളില്‍ നടന്ന ഈ ഓട്ടം ലോകത്തിലെ ഏറ്റവും വലിയ റണ്ണുകളില്‍ ഒന്നായിരുന്നു.

ഒട്ടനവധി ഫിറ്റ്‌നസ് വില്ലേജുകളിലും, പട്ടണങ്ങളിലും നിരവധി പരിപാടികളാണ് അരങ്ങേറിയത്. ഫുട്‌ബോള്‍, യോഗ, ബോക്‌സിങ്, ക്രിക്കറ്റ്, തുഴച്ചില്‍ എന്നിങ്ങനെയുള്ള മത്സരങ്ങള്‍ക്ക് പുറമേ വിവിധ കായിക ഇനങ്ങളില്‍ സൗജന്യ പരിശീലനവും സംഘടിപ്പിക്കപ്പെട്ടു.

ദുബായ് സിലിക്കന്‍ ഒയാസിസ്, ഡിജിറ്റല്‍ പാര്‍ക്ക്, ഹത്ത വാലി സെന്റര്‍, ദുബായ് ഡിസൈന്‍ ഡിസ്ട്രിക്ട്, സബീല്‍ ലേഡീസ് ക്ലബ്, ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍, സബീല്‍ സ്‌പോര്‍ട്‌സ് ഡിസ്ട്രിക്ട്, ബ്ലൂ വാട്ടേഴ്‌സ്,  ദുബായ് ഹില്‍സ് മാള്‍, കൈറ്റ് ബീച്ച്, ഫെസ്റ്റിവല്‍ സിറ്റി, സെയിലിംഗ് ക്ലബ്, ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ തുടങ്ങി വിവിധ സ്ഥലങ്ങളില്‍ കായിക മത്സരങ്ങള്‍ നടന്നു.

വമ്പിച്ച ഓഫറുകളും മത്സരങ്ങളില്‍ പങ്കെടുത്തവര്‍ക്ക് ലഭിക്കുകയുണ്ടായി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top