23 April Tuesday

"എക്സ്പോ 2020' ഒക്‌ടോബർ ഒന്നുമുതൽ; മേളയെ വരവേൽക്കാൻ ഒരുങ്ങി ദുബായ്

കെ എൽ ഗോപിUpdated: Thursday Sep 9, 2021

അടിസ്ഥാസൗകര്യമേഖലയിലെ വിപുലമായ നിക്ഷേപസാധ്യ‌തകൾ ലക്ഷ്യംവച്ച് "ദുബായ്‌ എക്സ്പോ 2020' ഒക്ടോബർ 1 മുതൽ 2022 മാർച്ച് 31 വരെ നടക്കും. എക്സ്പോ 2020 ദുബായ് എമിറേറ്റിനും മറ്റു ഗൾഫ് രാജ്യങ്ങൾക്കും അഭൂതപൂർവമായ സാമ്പത്തിക വളർച്ച ഉറപ്പാക്കുമെന്ന് അധികൃതർ പറയുന്നു. മഹാമേള ലോകരാജ്യങ്ങളെ കണ്ണി ചേർക്കുകയും, അനിവാര്യമായ ആഗോള വെല്ലുവിളികളെ നേരിടുന്നതിന് കരുത്തുറ്റ ഒരു കണ്ണിയായി മാറുകയും ചെയ്യുമെന്നാണ്‌ അധികൃതർ പ്രതീക്ഷിക്കുന്നത്‌.

191 രാജ്യങ്ങളെയും ദശലക്ഷക്കണക്കിന് സന്ദർശകരെയും ഒരുമിച്ച് കൊണ്ടുവരുന്നതിനുള്ള ആഗോള ബന്ധമെന്ന നിലയിൽ യുഎഇയുടെ അതുല്യമായ സ്ഥാനത്തെ പ്രയോജനപ്പെടുത്തുന്ന ഒന്നായി എക്സ്പോ 2020 മാറും. സുതാര്യമായ സാധ്യതകളാണ് മുന്നോട്ടു വെക്കുന്നത്. എക്സ്പോയുടെ ഭാഗമായി നിർമ്മിക്കുന്ന അടിസ്ഥാന സൗകാര്യങ്ങളുടെ 80 ശതമാനത്തിലധികം നിലനിർത്തി ബിസിനസുകൾക്കും താമസക്കാർക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ ഉപയോഗപ്രദമാക്കി രാജ്യത്തെ സാമ്പത്തികസ്ഥിതി ശക്തിപ്പെടുത്തലാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വ്യവസായങ്ങളുടെയും സാങ്കേതികവിദ്യകളുടെയും ഭാവി ത്വരിതപ്പെടുത്തുന്നതിന് ആവശ്യമായ കർമപദ്ധതിയും, കൂട്ടായ്‌മയും ലക്ഷ്യംവച്ചുകൊണ്ട് ഒരു ആഗോള കേന്ദ്രമായി "ഡിസ്ട്രിക്‌ട് 2020" മാറും.

കോവിഡ്‌ ആരംഭിച്ചതിനുശേഷം നടക്കുന്ന ആദ്യ ആഗോള സംരംഭവും, മിഡിൽ ഈസ്‌റ്റ്‌ മേഖലയിലെ ആദ്യത്തെ വേൾഡ് എക്സ്പോയുമാണ്‌ "എക്സ്പോ 2020'. ലോകമെമ്പാടുമുള്ള ബിസിനസ് കൂട്ടായ്‌മകൾ, അന്താരാഷ്ട്ര സംഘടനകൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവ മേളയിൽ ഒത്തുചേരും. കൂടുതൽ വൈവിധ്യമാർന്നതും സുസ്ഥിരവുമായ ആഗോള സമ്പദ്‌വ്യവസ്ഥയെ വളർത്തിയെടുക്കാനും ഊർജ്ജസ്വലമായ ഒരു ബിസിനസ് അന്തരീക്ഷം പ്രചോദിപ്പിക്കാനും സുസ്ഥിരമായ വളർച്ച കൈവരിക്കാനും ഇത് സഹായിക്കുമെന്ന് ലോകത്തിലെ ബിസിനസ് സമൂഹവും പ്രതീക്ഷിക്കുന്നു.

2020 ഒക്ടോബർ 20ന് ആരംഭിക്കാനിരുന്ന എക്സ്പോ കോവിഡ്‌ മഹാമാരിയെതുടർന്നാണ് നീട്ടിവെച്ചത്. മഹാമാരി ആരംഭിച്ചതിനു ശേഷം അതിനെ നേരിടാനുള്ള കർമ്മനിരതമായ പ്രവർത്തനങ്ങൾ ലോകത്തിനു മാതൃകയാകുന്ന വിധത്തിൽ യുഎഇ സർക്കാർ നടത്തി. രാജ്യത്തിലെ സ്വദേശികളും, വിദേശികളും ഭേദമില്ലാതെ എല്ലാവർക്കും സൗജന്യമായി സർക്കാർ വാക്‌സിൻ നൽകി. കോവിഡിന്റെ രണ്ടാം തരംഗം ശക്തമായപ്പോൾ പല വിദേശരാജ്യങ്ങളിൽ നിന്നുമുള്ള ആളുകളെ രാജ്യത്തിനകത്തു പ്രവേശിക്കാൻ സർക്കാർ അനുമതി നൽകിയില്ല. അതിൽ നിന്നെല്ലാം ബഹുദൂരം മുന്നോട്ടു പോയി മേളയുടെ വിജയത്തിന് ആവശ്യമായ ജാഗ്രതയോടെയുള്ള പ്രവർത്തനത്തിലൂടെ ജനജീവിതം സാധാരണ നിലയിലാക്കി മേളയെ വരവേൽക്കാൻ ഒരുങ്ങി നിൽക്കുകയാണ് ഇപ്പോൾ ദുബായ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top