28 March Thursday

നെടുമ്പാശേരി വിമാനത്താവളത്തിലെ പ്രവാസി മലയാളിയുടെ മരണം കേന്ദ്ര സർക്കാരിന് നിവേദനവുമായി കേരള കോൺഗ്രസ് എം ആസ്ട്രേലിയ

വെബ് ഡെസ്‌ക്‌Updated: Wednesday Apr 26, 2023

അഭിഷേക് ജോസ് സവിയോ

മെൽബൺ> അവധി കഴിഞ്ഞ് നാട്ടിൽ നിന്നും തിരികെ മടങ്ങിയ മലയാളി യുവാവ് വിമാനത്താവളത്തിൽ ഹൃദയാഘാതം മൂലം മരിയ്ക്കാനിടയായ സാഹചര്യം അന്വേഷിക്കണമെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട്‌ കേരള കോൺഗ്രസ് എം ആസ്ട്രേലിയ ഘടകം നിവേദനം നൽകി.

ഓസ്‌ട്രേലിയയിൽ നഴ്‌സായ,കോതമംഗലം  ഇഞ്ചൂർ പുന്നവേലിൽ പരേതനായ ജോയ് കുര്യാക്കോസിന്റെയും സ്വപ്‌ന ജോയിയുടെയും മകൻ അഭിഷേക് ജോസ് സവിയോ (37) ആണ് മരണപ്പെട്ടത്. നെടുമ്പാശേരി വിമാനത്താവളത്തിലെ പ്രവേശനകവാടത്തിൽ വച്ച് സി ഐ എസ് എഫ് ഉദ്യോഗസ്ഥൻമാരുടെ മുൻപിൽ വച്ചായിരുന്നു അഭിഷേകിന്  ഹൃദയാഘാതമുണ്ടായത് എന്നിട്ട് പോലും അടിയന്തര പരിചരണം ലഭ്യമാക്കുന്നതിൽ അധികൃതരുടെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായെന്നും ആശുപത്രിയിലേക്ക് മാറ്റുന്നതിനായി ആംബുലൻസിൻ്റെ ലഭ്യത വൈകിയതുമാണ് അഭിഷേകിൻ്റെ പെട്ടെന്നുള്ള മരണത്തിനു കാരണം എന്നുമാണ് അറിയുവാൻ സാധിച്ചത്.
 

അഞ്ച് വർഷത്തിലധികമായി ഓസ്‌ട്രേലിയയിലെ ക്യൂൻസ്‌ലാന്റിലെ കെയിൻസിൽ നഴ്‌സായ അഭിഷേക് ഒരാഴ്ചത്തെ അവധിക്കാണ് നാട്ടിലെത്തിയത്. മടക്കയാത്രയ്ക്കിടെയാണ് ഹൃദയാഘാതം ഉണ്ടായത്. അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. കെയിൽസിലെ മലയാളി അസോസിയേഷൻ ഭാരവാഹി കൂടിയായിരുന്നു അഭിഷേക്. ഭാര്യ ജോസ്‌ന ക്യൂൻസ്‌ലാന്റിൽ നഴ്‌സാണ്. ഹെയ്‌സൽ (4), ഹെയ്ഡൻ (1) എന്നിവർ മക്കളാണ്. അഭിഷേകിനുണ്ടായ ദുരവസ്ഥ ഒരു പ്രവാസിയ്ക്കു പോലും ഉണ്ടാകുവാൻ പാടില്ലെന്നും ഇതിനായി എംപി മാരായ ജോസ് കെ മാണി, തോമസ് ചാഴികാടൽ എന്നിവർ മുഖേന വിമാനതാവള അധികൃതർക്കും കേന്ദ്ര സർക്കാരിനും നിവേദനം നല്കിയതായി പ്രവാസി കേരള കോൺഗ്രസ്സ് എ) നാഷണൽ പ്രസിഡൻ്റ് ജിജോ കുഴികുളം, സിജോ ഈന്തനാംകുഴി, ജിൻസ്  ജയിംസ് എന്നിവർ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top