25 April Thursday

സിപിഐ എം ഇരുപത്തിമൂന്നാം പാർടി കോൺഗ്രസ്: ബ്രിട്ടൺ, അയർലാൻഡ്‌ സമ്മേളനങ്ങൾക്ക്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Sunday Jan 9, 2022

ലണ്ടൻ > സിപിഐ എം 23ാം പാർടി കോൺഗ്രസിന് മുന്നോടിയായി ബ്രിട്ടനിലും അയർലാൻഡിലുമുള്ള   ബ്രാഞ്ചുകളുടെ സമ്മേളനങ്ങൾക്ക് തുടക്കമായി. സിപിഐ എമ്മിന്റെ ഓവർസീസ് വിഭാഗമായ അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്യൂണിസ്റ്റ്സ് (എഐസി) യുടെ ഹീത്രൂ ബ്രാഞ്ചിന്റെ സമ്മേളനത്തോടെയാണ് ബ്രാഞ്ച് സമ്മേളനങ്ങൾ ആരംഭിച്ചത്.

പാർടി അംഗങ്ങൾ പങ്കെടുത്ത സമ്മേളനം പാർട്ടി ദേശീയ സെക്രട്ടറി ഹർസെവ് ബെയ്‌ൻസ്‌ ഉദ്ഘാടനം ചെയ്‌തു. പാർടി ദേശീയ എക്‌സിക്യൂട്ടീവ് അംഗങ്ങളായ രാജേഷ് ചെറിയാൻ, രാജേഷ് കൃഷ്‌ണ, ജനേഷ് തുടങ്ങിയവർ സമ്മേളനത്തിൽ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി ബിനോജ് ജോൺ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു.
 
ബിരിയാണി മേള നടത്തി വാക്‌സിൻ ചലഞ്ചിലേക്ക്‌ ഫണ്ട് സ്വരൂപിച്ചതും കേരളത്തിലെ പ്രളയദുരിതാശ്വാസ ഫണ്ടിലേക്ക്‌ സഹായം നൽകാനായി  ബ്രാഞ്ച് ഏറ്റെടുത്തു നടത്തിയ പ്രവർത്തനവും പാവപ്പെട്ട വിദ്യാർഥികളുടെ പഠനസഹായത്തിനായി ബ്രാഞ്ച് നടത്തിയ പ്രവർത്തനങ്ങളും മാതൃകാപരമായിരുന്നെന്നു യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. തുടർന്ന് ബ്രാഞ്ചിലെ പ്രവർത്തനങ്ങളെക്കുറിച്ചും ലോക രാഷ്‌ട്രീയ സംഭവവികാസങ്ങളെക്കുറിച്ചും ബ്രാഞ്ചിലെ അംഗങ്ങൾ പങ്കെടുത്ത വിശദമായ ചർച്ചകൾ നടന്നു.

യുകെയിൽ പുതുതായി വരുന്ന വിദ്യാർഥികൾക്ക് വേണ്ട സഹായ സഹകരണങ്ങൾ ചെയ്‌തു കൊടുക്കുവാനും വ്യാജ ഏജന്റുമാരുടെ ചതിക്കുഴിയിൽ വീഴാതിരിക്കാനുള്ള മാർഗനിർദ്ദേശങ്ങൾ നൽകാനുമുള്ള പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തണമെന്ന് സമ്മേളനം തീരുമാനിച്ചു.

എഐസി യു കെ ആൻഡ്‌ അയർലാൻഡ്‌ ദേശീയ സമ്മേളനത്തിന്‌ ആതിഥ്യം വഹിക്കുന്നത് ഹീത്രൂ ബ്രാഞ്ചാണ്. ദേശീയ സമ്മേളനം വൻവിജയമാക്കുവാനുള്ള പ്രവർത്തനങ്ങൾക്ക് സമ്മേളനം രൂപരേഖ തയ്യാറാക്കി. അടുത്ത സമ്മേളനം വരെ ബ്രാഞ്ചിന്റെ പ്രവർത്തനങ്ങൾ നയിക്കുവാനായി ബിനോജ് ജോണിനെ സെക്രട്ടറിയായി യോഗം തിരഞ്ഞെടുത്തു.

ബ്രാഞ്ച് സമ്മേളനങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികൾ പങ്കെടുക്കുന്ന എഐസി ദേശീയ സമ്മേളനം  ഫെബ്രുവരി 5, 6 തീയ്യതികളിൽ ഹീത്രൂവിലാണ്‌ നടക്കുക. പാർടി ദേശീയ സമ്മേളനത്തിൽ ഉയർത്താനുള്ള പതാക മാർക്‌സിസ്റ്റ് ആചാര്യൻ കാൾ മാർക്‌സിന്റെ ശവകുടീരത്തിൽ നിന്ന് ജനുവരി 22ന്‌ പ്രയാണം ആരംഭിക്കും. പാർട്ടി സെക്രട്ടറി ഹർസേവ് ബെയ്‌‌ൻസ്‌ കൈമാറുന്ന പതാക സ്വാഗതസംഘം ചെയർമാൻ ബിനോജ് ജോണും കൺവീനർ രാജേഷ് കൃഷ്‌ണ‌യും ചേർന്ന് ഏറ്റുവാങ്ങി മാർക്‌സ് മെമ്മോറിയൽ ലൈബ്രറിയിൽ എത്തിക്കും. അവിടെ നിന്നും പതാക ഹീത്രോയിലെ സമ്മേളന നഗരിയിൽ എത്തിച്ചേരും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top