24 April Wednesday

ഗള്‍ഫില്‍ കോവിഡ് കേസുകള്‍ ഒമ്പതര ലക്ഷം കവിഞ്ഞു; രോഗമുക്തി 95 ശതമാനം

അനസ് യാസിന്‍Updated: Sunday Nov 8, 2020

മനാമ> ആറ് ഗള്‍ഫ് രാജ്യങ്ങളിലായി കൊറോണവൈറസ് ബാധിതര്‍ ഒമ്പതര ലക്ഷം പിന്നിട്ടു. ഞായറാഴ്ച വൈകീട്ടുവരെ ഗള്‍ഫില്‍ 960,085 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതില്‍ 8,727പേര്‍ മരിച്ചു.
അതേസമയം രോഗ മുക്തിയില്‍ ഗള്‍ഫ് രാജ്യങ്ങള്‍ മുന്നേറുകയാണ്. ആകെ രോഗികളില്‍ 95.71 ശതമാനം- 918,973 പേര്‍ക്ക് രോഗം ഭേദമായി.

ഗള്‍ഫില്‍ ഏറ്റവും കൂടുതല്‍ കേസുകളും മരണവും സൗദിയിലാണ്. ഇതുവരെ 3,50,592 പേര്‍ക്ക് രോഗം ബാധിച്ചു. ഇതില്‍ 5,540 പേര്‍ മരിച്ചു. 337,386 പേര്‍ക്ക് രോഗം ഭേദമായി.മിക്ക ഗള്‍ഫ് രാജ്യങ്ങളിലും പ്രതിദിന കേസുകള്‍ കുറഞ്ഞു. അതേസമയം, രോഗ മുക്തി വര്‍ധിക്കുകയും ചെയ്തു. ഗള്‍ഫില്‍ ഏറ്റവും വലിയ രോഗ മുക്തി ബഹ്റൈനിലാണ്. ബഹ്നൈില്‍ 83,264 പേര്‍ക്ക് രോഗം പിടിപ്പെട്ടതില്‍ 80,763 പേര്‍ ആശുപത്രി വിട്ടു.

 രണ്ടാം സ്ഥാനത്ത് ഖത്തറാണ്- 1,34,203 രോഗികളില്‍ 1,31,276 പേര്‍ക്ക് രോഗം ഭേദമായി. ജിസിസിയില്‍ ഏറ്റവും കുറഞ്ഞ മരണ നിരക്കും ഖത്തറിലാണ്. ഇതുവരെ 232 പേര്‍ മാതമാണ് മരിച്ചത്.നിയന്ത്രണങ്ങള്‍ നീക്കിയതോടെ യുഎഇയില്‍ പ്രതിദിന കേസുകള്‍ കഴിഞ്ഞ രാണ്ടാഴ്ചയിലേറെയായി ആയിരത്തിന് മുകളിലാണ്. സൗദിയില്‍ പ്രതിദിന കേസുകള്‍ അഞ്ഞൂറിന് താഴെയെത്തി.

യുഎഇയില്‍ 1,42,143  സ്ഥിരീകരിച്ച കേസുകളില്‍ 1,38,291 പേര്‍ക്ക് രോഗം ഭേദമായി. കുവൈത്തില്‍ 1,31,743 പേര്‍ക്കും ഒമാനില്‍ 1,18,140 പേര്‍ക്കും ഇതുവരെ രോഗം സ്ഥിരീകരിച്ചു. സൗദി കഴിഞ്ഞാല്‍ കൂടുതല്‍ മരണം ഒമാനിലാണ്. ഇതുവരെ 1,301 പേര്‍ മരിച്ചു. കുവൈത്ത്-811, യുഎഇ-514, ബഹ്റൈന്‍-329  എന്നിങ്ങനെയാണ് മറ്റ് ഗള്‍ഫ് രാജ്യൂങ്ങളിലെ കോവിഡ് ബാധിത മരണം.

അതിനിടെ, യുഎഇ തലസ്ഥാനമായ അബുദബി എമിറേറ്റിലേക്കുള്ള പ്രവേശനത്തിന് ഏര്‍പ്പെടുത്തിയ പുതിയ നിബന്ധന ഞായറാഴ്ച നിലവില്‍ വന്നു. മറ്റ് എമിറേറ്റുകളില്‍ നിന്നും വിദേശത്തു നിന്നും അബുദബിയില്‍ പ്രവേശിക്കുന്ന വിദേശികള്‍ യാത്രക്ക് 48 മണിക്കൂര്‍ മുന്‍പ് നടത്തിയ കോവിഡ് ഇല്ലെന്ന് തെളിയിക്കുന്ന ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

ജൂണ്‍ മുതല്‍ നിലവിലുള്ള ഈ നിയമത്തില്‍ മാറ്റമില്ല. എന്നാല്‍, അബുദബിയില്‍ എത്തി നാലു ദിവസത്തില്‍ കൂടുതല്‍ കഴിയുന്നവര്‍ നാലാം നാള്‍ ടെസ്റ്റ് നടത്തണം< എട്ട് ദിവസത്തില്‍ കൂടുതല്‍ കഴിയുന്നവര്‍ക്ക് നാലാം നാളിലെ ടെസ്റ്റിന് പുറമേ എട്ടാം നാളും ടെസ്റ്റ് നടത്തിയിരിക്കണം. നേരത്തെ അബുദബിയില്‍ എത്തി ആറാം നാള്‍ പിസിആര്‍ ടെസ്റ്റ് മതിയായിരുന്നു. നിയമം ലംഘിക്കുന്നവര്‍ക്ക് കടുത്ത പിഴ ചുമത്തുമെന്നും അധികൃതര്‍ അറിയിച്ചു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top