20 April Saturday

ചാര്‍ട്ടേര്‍ഡ് വിമാനം; കോണ്‍ഗ്രസ് സംഘടനയായ യുഎഇ ഇന്‍കാസില്‍ പൊട്ടിത്തെറി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 15, 2020

ദുബായ്> കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മറവില്‍ നടന്ന സാമ്പത്തിക ഇടപാടിനെ ചൊല്ലി കോണ്‍ഗ്രസിന്റെ  യുഎഇയിലെ സാംസ്‌കാരിക സംഘടനയായ ഇന്‍കാസ് പൊട്ടിത്തെറിയുടെ വക്കില്‍.ഇന്‍കാസ് യു.എ.ഇ കമ്മിറ്റി യുടെ നേതൃത്വത്തില്‍, റാസല്‍ഖൈമ കേന്ദ്രീകരിച്ചുള്ള ഒരു ട്രാവല്‍ ഏജന്‍സി വഴി ഏര്‍പ്പെടുത്തിയ ചാര്‍ട്ടേര്‍ഡ് വിമാനങ്ങളുടെ പേരില്‍ നടന്ന സാമ്പത്തിക ഇടപാടിലെ ദുരൂഹതയാണ് പൊട്ടിത്തെറിക്ക് കാരണമായത്.

ട്രാവല്‍ ഏജന്‍സി ഉടമയും ഇന്‍കാസ് റാസല്‍ഖൈമ പ്രസിഡന്റും ഒരാളാണ് എന്നതാണ് സംശയങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഇന്‍കാസ് യുഎഇ കമ്മറ്റിയുടെ അനുമതിയില്ലാതെയാണ് ഈ ട്രാവല്‍ ഏജന്‍സിക്ക് ഇന്കാസിന്റെ ചാര്‍ട്ടേര്‍ഡ് വിമാനങ്ങളുടെ ചുമതല നല്‍കിയത്. ഇത് ഇന്‍കാസിന്റെ കേന്ദ്രട്രഷററും അബുദാബിയിലെ ഒരു രജിസ്ട്രേഡ് സംഘടനയുടെ പ്രസിഡന്റുമായ വ്യക്തി ചോദ്യം ചെയ്തതോടുകൂടിയാണ്  വിവാദത്തിന് തിരികൊളുത്തിയത്.

അധിക വിമാന ചാര്‍ജ് വാങ്ങിയാണ് ആളെകൊണ്ട് പോയതെന്നും ട്രഷററായി തന്നെ മനപ്പൂര്‍വം ഒഴിവാക്കിയത് അഴിമതിക്ക് കളമൊരുക്കാനാണെനും അദ്ദേഹം ആരോപിക്കുന്നു.

 അബുദാബിയിലെ ഒരു പ്രമുഖ വ്യവസായി, കോവിഡ് കാല പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്‍കാസിന് നല്‍കിയ ഇരുപത്തയ്യായിരം ദിര്‍ഹം (ഏകദേശം അഞ്ച് ലക്ഷത്തി പന്ത്രണ്ടായിരം രൂപ) യുഎഇ ട്രഷറര്‍ പോലും അറിയാതെ ദുബായിലുള്ള ഇന്‍കാസ് കമ്മിറ്റി ഭാരവാഹികള്‍ അബുദാബിയില്‍ വന്നു വാങ്ങിപ്പോയതും, അത് ചെലവഴിച്ച രീതി സുതാര്യമല്ലാത്തതും അദ്ദേഹത്തെ ചൊടിപ്പിച്ചിരുന്നു. ഇതിനെ ചൊല്ലിയുള്ള വാക്പോര് കേന്ദ്രകമ്മിറ്റിയുടെ വാട്‌സ് ആപ് ഗ്രൂപ്പില്‍ ഏതാനും ദിവസങ്ങളായി തുടര്‍ന്നുവരികയാണ്.

റാസല്‍ഖൈമ ഇന്ത്യ അസോസിയേഷന്റെയും ഇന്‍കാസിന്റെയും സംയുക്താഭിമുഖ്യത്തില്‍ 36 വിമാന സര്‍വ്വീസുകളാണ് ഇതുവരെ നടത്തിയത്. ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലെ സുതാര്യത ഇല്ലായ്മ ഇന്‍കാസിനെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തിയിരിക്കുകയാണെന്നും അവ സംഘടന ഇന്നുവരെ അഭിമുഖീകരിക്കാത്ത പൊട്ടിത്തെറിയിലേക്ക് ഇന്‍കാസിനെ നയിക്കുമെന്നും ഇന്‍കാസ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top