20 April Saturday
അവഹേളനം വെെക്കം ശതാബ്ദി ആഘോഷവേദിയില്‍

തന്റെ സേവനം പാർടിക്ക് വേണ്ടെങ്കിൽ നിർത്തിപോകാമെന്ന് കെ മുരളീധരൻ; കോൺഗ്രസിൽ വീണ്ടും വെടിപൊട്ടൽ

വെബ് ഡെസ്‌ക്‌Updated: Friday Mar 31, 2023


കോട്ടയം  
നവോത്ഥാന കേരളത്തിന്റെ പാരമ്പര്യം അവകാശപ്പെടാൻ സംഘടിപ്പിച്ച വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷവേദിയിലും കോൺഗ്രസ്‌ ചേരിപ്പോര്‌. വൈക്കത്ത്‌  സംഘടിപ്പിച്ച ശതാബ്ദി ആഘോഷ സമ്മേളനത്തിൽ ക്ഷണിച്ചുവരുത്തിയ തരൂരിനെയും കെ മുരളീധരൻ എംപിയെയും മാത്രം സംസാരിക്കാൻ അനുവദിക്കാതിരുന്നത്‌ പരസ്യവിഴുപ്പലക്കിലേക്ക്‌ വളർന്നു. വ്യാഴാഴ്ച വൈകിട്ട് കോൺഗ്രസ്‌ പ്രസിഡന്റ്‌ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത  ചടങ്ങിൽ മുൻ കെപിസിസി പ്രസിഡന്റുമാരായ എം എം ഹസനും രമേശ് ചെന്നിത്തലയും കെ മുരളീധരനും  മുൻനിരയിൽ ഉണ്ടായിട്ടും മുരളീധരനെ സംസാരിക്കാൻ അനുവദിച്ചില്ല. 

അവഗണന തുടർന്നാൽ ഇനി പ്രവർത്തിക്കാനില്ലെന്നും പാർടിക്ക് സേവനം വേണ്ടെങ്കിൽ പ്രവർത്തനം നിർത്താമെന്നും  മുരളീധരൻ കൊച്ചിയിൽ തുറന്നടിച്ചു.   പ്രസംഗിക്കാൻ മറ്റ്‌ രണ്ട്‌ മുൻ അധ്യക്ഷന്മാർക്കും അവസരം നൽകിയപ്പോൾ ഒരാളെമാത്രം ഒഴിവാക്കിയതിന്റെ കാരണം അറിയില്ല.  സമയപരിമിതി  എനിക്കുമാത്രം ബാധകമാകുന്നത്‌ എങ്ങനെയാണ്‌. ശതാബ്‌ദിസംബന്ധിച്ച്‌ വീക്ഷണത്തിന്റെ സപ്ലിമെന്റിലും പേരു  കൊടുത്തില്ല.  ഇക്കാര്യങ്ങളെല്ലാം എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനോടും കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനോടും പറഞ്ഞിട്ടുണ്ടെന്നും മുരളീധരൻ കൊച്ചിയിൽ മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു.

നേതാക്കളുടെ പ്രതികരണത്തെക്കുറിച്ചുള്ള ചോദ്യത്തിന്‌  ഒരാൾ ഒഴിഞ്ഞാൽ അത്രയും സുഖം എന്ന് കരുതുന്നവരോട് പറഞ്ഞിട്ടെന്ത്‌ കാര്യം,  അവർ സന്തോഷം പ്രകടിപ്പിച്ചു എന്നായിരുന്നു മറുപടി. കച്ചേരി നിർത്തിയവനോട് പാട്ടു പാടാമോ എന്ന് ചോദിക്കുന്നതുപോലെയാണ്‌ അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന ചോദിക്കുന്നതെന്നും മുരളീധരൻ പറഞ്ഞു.  പ്രത്യേകം ക്ഷണിച്ചുവരുത്തിയിട്ടും  സംസാരിക്കാൻ അവസരം നിഷേധിച്ചതിൽ ശശി തരൂരിന്‌ പ്രതിഷേധമുണ്ടെങ്കിലും  പരസ്യമായി പ്രതികരിച്ചിട്ടില്ല.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top