19 April Friday

ചിന്ത പ്രസിദ്ധീകരിച്ച 'നേതാജി സുഭാഷ് ചന്ദ്രബോസ്' പ്രകാശനം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Tuesday Nov 9, 2021

 

ചിന്ത പബ്ലിഷേഴ്‌സ് പ്രസിദ്ധീകരിച്ച ഡോ. വിനി ദേവയാനി പരഭാഷപ്പെടുത്തിയ 'നേതാജി സുഭാഷ് ചന്ദ്രബോസ് എഴുത്ത് ജീവിതം ദര്‍ശനം' ഷാര്‍ജ പുസ്തകോത്സവത്തില്‍വെച്ച് ലോക കേരള സഭ അംഗം ഇ കെ സലാം പ്രകാശനം ചെയ്തു. ലോക കേരള സഭ അംഗവും, കേരള പ്രവാസി ക്ഷേമനിധി ബോര്‍സ് ഡയറക്ടറുമായ ആര്‍ പി മുരളി പുസ്തകം ഏറ്റുവാങ്ങി. അലൈന്‍ മലയാളി സമാജം പ്രവര്‍ത്തകനായ ജിതേഷ് പുസ്തകം പരിചയപ്പെടുത്തി. പ്രസ്തുത ചടങ്ങില്‍ മാസ്സ് ഷാര്‍ജ പ്രസിഡന്റ് താലിബ്, മാസ്സ് സെക്രട്ടറി മനു ബി. കെ, സാഹിത്യ വിഭാഗം കണ്‍വീനര്‍ ദീപ്തി ബിനു എന്നിവര്‍ പങ്കെടുത്തു.

ചരിത്രത്തെ വളച്ചൊടിക്കാനും സ്വന്തമാക്കാനും നടക്കുന്ന സമകാലിക ശ്രമങ്ങളില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവും അതിലെ പങ്കാളിത്തവും വലിയ ഒരു വിഷയമാണ്. സുഭാഷ് ചന്ദ്ര ബോസിന്റെ ജീവിതം പുനര്‍ വായിക്കപ്പെടേണ്ടതിന്റെ ആവശ്യകത ഇവിടെയാണ്. സുഭാഷ് ചന്ദ്രബോസിന്റെ സ്വന്തം രചനകളിലൂടെ അദ്ദേഹത്തെ അടുത്തറിയാനുള്ള ശ്രമമാണ് 'നേതാജി സുഭാഷ് ചന്ദ്രബോസ് എഴുത്ത് ജീവിതം ദര്‍ശനം'.

ഗാന്ധിക്കും നെഹ്രുവിനുമൊപ്പം തലയെടുപ്പും ജനകീയതയുമുള്ള നേതാവായിരുന്നു നേതാജി എന്ന് വിളിക്കപ്പെട്ടിരുന്ന സുഭാഷ് ചന്ദ്ര ബോസ്. ഗാന്ധിയുടെ എതിര്‍ ചേരിയില്‍ നിന്ന് പോലും കോണ്‍ഗ്രസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടയാള്‍. കോണ്‍ഗ്രസിന്റെ ഒത്തുതീര്‍പ്പ് സമരത്തിന് കുട പിടിക്കാന്‍ തയ്യാറാകാതെ ഒടുവില്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തോട് ആയുധമെടുത്തു പോരാടാന്‍ അദ്ദേഹം തുനിഞ്ഞു. അതിനുവേണ്ടി നടത്തിയ കൂട്ടുകെട്ടുകള്‍ ഇടതുപക്ഷ ചേരിയില്‍ നിന്നും അദ്ദേഹത്തെ തല്‍ക്കാലത്തേക്കെങ്കിലും അകറ്റിയിരുന്നു. അകാലമൃത്യുവോടെ അദ്ദേഹത്തിന്റെ പൂര്‍വകാല ചരിത്രം എഴുത്തുകള്‍ ഇവയൊക്കെ വേണ്ട വിധം ശ്രദ്ധിക്കപ്പെടാതെ പോവുകയും ചെയ്തു. അതിന്റെയൊരു വീണ്ടെടുപ്പാണ് ഈ പുസ്തകം. ഇന്ത്യന്‍ ദേശീയ പ്രസ്ഥാനം എത്ര വൈവിധ്യങ്ങള്‍ നിറഞ്ഞതായിരുന്നു എന്ന് അടിവരയിടുന്നവ കൂടിയാണ് ഈ സമാഹാരത്തിലെ ഉള്ളടക്കം. ഇന്ത്യന്‍ സ്വാതന്ത്ര്യ പ്രസ്ഥാനത്തെ കൂടുതല്‍ അടുത്ത് നിന്ന് കാണാന്‍ ഈ പുസ്തകം വായനക്കാരെ സഹായിക്കും.

നവംമ്പര്‍ 13 വരെ ഷാര്‍ജ എക്‌സ്‌പോ സെന്ററിലാണ് പുസ്തകോത്സവം. ഹാള്‍ നമ്പര്‍ 7 ല്‍ ZD 3 ലാണ് ചിന്ത പവലിയന്‍


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top