27 April Saturday

ഷാങ്ഹായ് സഹകരണ സംഘടനയില്‍ സംവാദ പങ്കാളിയാകാന്‍ സൗദി തീരുമാനം

അനസ് യാസിന്‍Updated: Wednesday Mar 29, 2023

മനാമ > ചൈനയുമായി കൂടുതല്‍ അടുക്കുന്നതിന്റെ സൂചന നല്‍കി ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ)യിലേക്ക് സൗദിയും. എസ്‌സിഒയില്‍ സൗദി അറേബ്യക്ക് 'സംവാദ പങ്കാളി' പദവി നല്‍കുന്ന ധാരണാ പത്രത്തിന് ജിദ്ദ അല്‍ സലാം കൊട്ടാരത്തില്‍ സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ അംഗീകാരം നല്‍കിയാതായി സൗദി പ്രസ് ഏജന്‍സി അറിയിച്ചു.

സാമ്പത്തിക, സുരക്ഷ, പാരിസ്ഥിതിക മേഖലയിലെ സഹകരണം ലക്ഷ്യമാക്കി ചൈന, റഷ്യ, കസാഖ്‌സ്‌താന്‍, കിര്‍ഗിസ്‌താന്‍, തജികിസ്‌താന്‍, ഉസ്ബകിസ്‌താന്‍ എന്നീ രാജ്യങ്ങളുടെ തലവന്മാര്‍ 2001 ജൂണ്‍ 15ന് ചൈനയിലെ ഷാങ്ഹായിയില്‍ യോഗം ചേര്‍ന്ന് രൂപീകരിച്ചതാണ് എസ്‌സിഒ. 2017 ജൂണില്‍ ഇന്ത്യയെയും പാകിസ്താനെയും ഉള്‍പ്പെടുത്തി. 2021ലാണ് സൗദിയെ സംവാദ പങ്കാളിയാക്കാനുള്ള പ്രവേശന പ്രക്രിയക്ക് തുടക്കമായത്.
നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാനായി ചൈനയുടെ മധ്യസ്ഥതയില്‍ ഇറാനുമായി കരാറായതിനു മൂന്നാഴ്ചക്കകമാണ് സുപ്രധാന സുരക്ഷാ കൂട്ടായ്മയുമായി അടുക്കാനുള്ള സൗദിയുടെ തീരുമാനം. സൗദിക്കും ഇറാനും ഇടയല്‍ ഒരു പാലമായി വര്‍ത്തിക്കാമെന്ന കഴിഞ്ഞ വര്‍ഷം ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ വാഗ്ദാനമാണ് അനുരഞ്ജന പ്രക്രിയയ്ക്ക് തുടക്കമിട്ടത്.

സല്‍മാന്‍ രാജാവിന്റെ മകനും സൗദി കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാനുമായി ചൊവ്വാഴ്ച നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ മധ്യപൂര്‍വേഷ്യയിലെ സംഘര്‍ഷങ്ങള്‍ ലഘൂകരിച്ചതിന് പ്രസിഡന്റ് അഭിനന്ദിച്ചു. ചൈന പ്രോത്സാഹിപ്പിക്കുന്ന സംവാദം പ്രാദേശിക ഐക്യവും സഹകരണവും ശക്തിപ്പെടുത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുമെന്നും ഷി പറഞ്ഞു.

ലോകത്തിലെ 40 ശതമാനം ജനസംഖ്യയും 30 ശതമാനത്തിലേറെ ജിഡിപിയും ഉള്‍ക്കൊള്ളുന്ന എട്ട് രാജ്യങ്ങളാണ് കൂട്ടായ്മയിലുള്ളത്. ഇറാന് സ്ഥിരാംഗത്വം നല്‍കാന്‍ കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ ഉസ്ബക്കിസ്ഥാനിലെ സമര്‍ഖണ്ഡില്‍ നടന്ന ഉച്ചകോടിയില്‍ തീരുമാനമായിരുന്നു. ബലാറുസിന് അംഗത്വം നല്‍കാനുള്ള നടപടിക്രമങ്ങള്‍ക്കും തുടക്കമിട്ടു. ബഹ്‌റൈന്‍, മലദ്വീപ്, യുഎഇ, കുവൈത്ത്, മ്യാന്മര്‍ എന്നിവയെ ഉച്ചകോടി സംവാദ അംഗങ്ങളായും അംഗീകരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top