19 April Friday

ചില്ലയിൽ റിയാദിൽ നിന്നുള്ള എഴുത്തുകൾ

വെബ് ഡെസ്‌ക്‌Updated: Monday Nov 21, 2022

റിയാദ് > റിയാദിലെ എട്ട് മലയാളി എഴുത്തുകാരുടെ കൃതികളുടെ വായനാനുഭവങ്ങളുടെ അവതരണവും ചർച്ചയും ചില്ല നവംബർ വായനയുടെ ഭാഗമായി മലസിലെ മലസ് റെസ്റ്റോറന്റ് ഹാളിൽ നടന്നു. മലയാളത്തിലെ മുഖ്യധാര ആനുകാലികങ്ങളിൽ എഴുതുന്നവരും തുടക്കക്കാരുമായ എഴുത്തുകാരുടെ ഓരോ കൃതിയാണ് അവതരണങ്ങൾക്ക് പരിഗണിച്ചത്.

അവതരണങ്ങൾക്ക് ആമുഖമായി സജിത്ത് കെ.പി സംസാരിച്ചു. റിയാദിൽ നിന്ന് എഴുതുന്ന മലയാളി എഴുത്തുകാരുടെ കൃതികളെ തുറന്ന ചർച്ചയിലേക്ക് കൊണ്ടുവരിക എന്നതാണ് ചില്ലയുടെ എന്റെ വായനയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഫൈസൽ കൊണ്ടോട്ടിയുടെ 'ചെമ്പകക്കൊമ്പിലെ പ്യുപ്പ' എന്ന നോവലിന്റെ വായനാനുഭവം പങ്കുവച്ചുകൊണ്ട് സുധീർ അഹമ്മദ് അവതരണങ്ങൾക്ക് തുടക്കം കുറിച്ചു. ബീനയുടെ 'തീരെ ചെറിയ ചിലർ ജീവിച്ചതിന്റെ മുദ്രകൾ' എന്ന കൃതിയുടെ വായനാനുഭവം  വിപിൻകുമാർ പങ്കുവച്ചു. സബീന എം.സാലി രചിച്ച 'ലേഡി ലാവൻഡർ' എന്ന നോവൽ മൂസ കൊമ്പൻ അവതരിപ്പിച്ചു. എം.ഫൈസൽ എഴുതിയ 'സങ്കട് മോചൻ' എന്ന കഥാസമാഹാരത്തിലെ കഥകളെ കുറിച്ച് ടി.ആർ സുബ്രഹ്മണ്യൻ സംസാരിച്ചു. ‘ഗ്രിഗർ സാംസയുടെ കാമുകി' എന്ന ജോസഫ് അതിരുങ്കലിന്റെ കഥാസമാഹാരത്തിന്റെ വായനാനുഭവമാണ് പ്രശോഭ് കെ.ജി സദസുമായി പങ്കുവച്ചത്. ഖമർബാനു വലിയകത്ത് എഴുതിയ 'ഗുൽമോഹറിതളുകൾ' എന്ന കവിതാസമാഹാരത്തിന്റെ വായനാനുഭവം സജ്ന മടപ്പള്ളി അവതരിപ്പിച്ചു. നജീം കൊച്ചുകലുങ്കിന്റെ ഓർമകളുടെ സമാഹാരമായ 'കനൽമനുഷ്യൻ' സഫറുദ്ദീൻ താഴേക്കോട് പങ്കുവച്ചു. നിഖില സമീർ എഴുതിയ 'അമേയ' എന്ന കവിതാസമാഹരത്തിന്റെ വായനാനുഭവം ബഷീർ കാഞ്ഞിരപ്പുഴ അവതരിപ്പിച്ചു.

പുസ്തകവാതരണത്തിന്  ശേഷം നടന്ന ചർച്ചയിൽ വിനയൻ, സുരേഷ് ബാബു, അബ്ദുൽ റസാഖ് തുടങ്ങിയവർ പങ്കെടുത്തു. കൃതികളുടെ ആസ്വാദനത്തിൽ അധിഷ്ഠിതമായ വായനയാണ് അവതാരകരും ചർച്ചയിൽ പങ്കെടുത്തവരും നടത്തിയത്. തുടർന്ന് എല്ലാ എഴുത്തുകാരും അവരുടെ എഴുത്തിന്റെ പശ്ചാത്തലവും അനുഭവവും പങ്കുവെച്ചു. പ്രവാസലോകത്തു നിന്ന് എഴുതിത്തുടങ്ങുന്നവർ ചില പ്രസാധകരുടെ പ്രലോഭനങ്ങളിലും ചതിയിലും വീഴാതിരിക്കണമെന്ന മുന്നറിയിപ്പ് ചർച്ചയിൽ ഉയർന്നുവന്നു. എഴുത്തിന്റെ ഗുണവും മികവുമാണ് ഒരു കൃതിയുടെ പ്രസിദ്ധീകരണത്തിന് കാരണമാകേണ്ടതെന്ന് എല്ലാവരും അഭിപ്രായപ്പെട്ടു. എഴുത്ത് സർഗാത്മകപ്രവൃത്തിയാകുന്നത് സൗന്ദര്യാത്മകവും സാമൂഹ്യവുമായ സാദ്ധ്യതകൾ തുറന്നിടുമ്പോഴാണെന്ന വസ്തുത മലയാളത്തിലെ ചില മികച്ച കൃതികളിൽ നിന്നുള്ള ഉദ്ധരണികൾ കൊണ്ട് അവതാരകർ ചൂണ്ടിക്കാണിച്ചു. സുരേഷ് ലാൽ പരിപാടിയുടെ മോഡറേറ്ററായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top