29 March Friday

ഇന്ത്യയിൽ മാദ്ധ്യമപ്രവർത്തനവും അഭിപ്രായ സ്വാതന്ത്ര്യവും വെല്ലുവിളി നേരിടുന്നു: ചില്ല

വെബ് ഡെസ്‌ക്‌Updated: Monday Feb 6, 2023

റിയാദ്> വർത്തമാനകാല ഇന്ത്യയിൽ മാദ്ധ്യമപ്രവർത്തനവും അഭിപ്രായ സ്വാതന്ത്ര്യവും നേരിടുന്ന വെല്ലുവിളിയിൽ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് ചില്ലയുടെ പ്രതിമാസ വായന ശിഫ അൽ ജസീറ ക്ലിനിക് ഹാളിൽ നടന്നു. ബിബിസിയുടെ ഇന്ത്യ ദ മോഡി ക്വസ്റ്റ്യൻ എന്ന ഡോക്യുമെന്ററി ഇന്ത്യയിലെ സാമൂഹ്യമാദ്ധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യാൻ ഉത്തരവിടുകയും അത് പ്രദർശിപ്പിച്ച വിദ്യാർത്ഥികൾ അടക്കമുള്ളവരെ അറസ്റ്റ് ചെയ്യുകയും ചെയ്‌ത സാഹചര്യം ഇന്ത്യൻ ജനാധിപത്യത്തിന്റെ നിലനിൽപ്പ് തന്നെ അപകടത്തിലാക്കുന്നുവെന്ന് സംവാദത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. സംവാദത്തിന് മുന്നോടിയായി ആനന്ദിന്റെ ആൾക്കൂട്ടം, സാറാ ജോസഫിന്റെ ബുധിനി, അശോകൻ ചരുവിലിന്റെ കാട്ടൂർക്കടവ്, എമിലി ബ്രോണ്ടിയുടെ വതറിംഗ് ഹൈറ്റ്സ്, കെ എൻ പണിക്കരുടെ കലുഷിതമായ കാലം ചെരീഫ് ചുങ്കത്തറയുടെ ഇന്ത്യ 350 CC എന്നീ പുസ്തകങ്ങളുടെ വായനാനുഭവങ്ങളുടെ അവതരണം നടന്നു.

വതറിംഗ് ഹൈറ്റ്സിന്റെ വായനാനുഭവം പങ്കുവെച്ചുകൊണ്ട് സജന മടപ്പള്ളി പരിപാടിക്ക് തുടക്കം കുറിച്ചു. ഇംഗ്ലീഷ് വിക്ടോറിയൻ സാമൂഹ്യചട്ടങ്ങളെയും സദാചാരമൂല്യങ്ങളെയും വെല്ലുവിളിക്കുന്ന നോവൽ ക്രൂരതയുടെ പാത്രവൽക്കരണം കൊണ്ടും കഥ പറച്ചിലിന്റെ പുതുമകൊണ്ടും പത്തൊമ്പതാം നൂറ്റാണ്ടിലെ മികച്ച രചനയായി നിലകൊള്ളുന്നു എന്ന് അവതാരക അഭിപ്രായപ്പെട്ടു. ഷെരീഫ് ചുങ്കത്തറ എഴുതിയ ഇന്ത്യൻ യാത്രാനുഭവങ്ങളുടെ സമാഹാരമായ ഇന്ത്യ 350 CC ഗ്രന്ഥകാരന്റെ ഇന്ത്യൻ യാത്രാനുഭവങ്ങളിലെ വൈവിദ്ധ്യങ്ങളെ വായനക്കാരുമായി പങ്കുവെക്കുന്നു. ഇന്ത്യൻ ഗ്രാമീണ ജീവിതത്തിന്റെ തുടിപ്പ് മനസ്സിലാക്കാൻ പുസ്തകം സഹായകമാണെന്ന് അവതാരകൻ ഫൈസൽ കൊണ്ടോട്ടി പറഞ്ഞു.

സീബ കൂവോട് അവതരിപ്പിച്ച ബുധിനി വികസനപദ്ധതികളുടെ പേരിൽ സ്വന്തം മണ്ണിൽ നിന്ന് കുടിയിറക്കപ്പെടുന്ന ഗോത്രജനതയുടെ കഥയാണ് പറയുന്നത്. അത്തരം ഗോത്രങ്ങളിലും ഏറ്റവും അടിച്ചമർത്തപ്പെടുന്നതും ഒറ്റപ്പെടുത്തപ്പെടുന്നതും സ്ത്രീകളാണ് എന്ന വസ്തുത കൂടി നോവൽ പങ്കുവെക്കുന്നു എന്ന് അവതാരക ചൂണ്ടിക്കാട്ടി. അശോകൻ ചരുവിലിന്റെ ഏറ്റവും പുതിയ നോവൽ വായന അവതരിപ്പിച്ചത് വിപിൻ കുമാറാണ്. കാട്ടൂർ കടവ് എന്ന ദേശത്തിലൂടെ ഇതിഹാസമാനമുള്ള കഥാപ്രപഞ്ചം തീർക്കുകയാണ് എഴുത്തുകാരൻ എന്ന് അവതാരകൻ അഭിപ്രായപ്പെട്ടു. കമ്യൂണിസ്റ്റ് പാർട്ടിയും വിമർശനവും ഇടകലരുന്ന സർഗാത്മകവും ഭാവനാത്മകവുമായ ഉജ്ജ്വല നോവലാണിത്.

കലുഷിതമായ കാലം എന്ന പുസ്തകം കെ എൻ പണിക്കരുടെ തന്നെ ജീവിതാനുഭവങ്ങളുടെ ശക്തമായ പകർപ്പാണെന്ന് പുസ്തകം അവതരിപ്പിച്ച സുരേഷ് ലാൽ പറഞ്ഞു. ഇന്ത്യയിലേയും വിദേശത്തേയും സർവകലാശാലകളിൽ ചരിത്രാദ്ധ്യാപകനായി ജോലി ചെയ്ത ഗ്രന്ഥകാരന്റെ വിപുലവും വൈവിദ്ധ്യപൂർണവുമായ അനുഭവങ്ങൾ കൃത്യമായ ആശയരൂപമുള്ള ചരിത്രകാരനെയും സാമൂഹ്യമനുഷ്യനെയും പരുവപ്പെടുത്തിയ പ്രക്രിയ പുസ്തകത്തിൽ വായിച്ചെടുക്കാൻ സാധിക്കുന്നു എന്ന് അവതാരകൻ വിലയിരുത്തി. കൊമ്പൻ മൂസ അവതരിപ്പിച്ച ആൾക്കൂട്ടം മലയാള നോവൽ സാഹിത്യത്തിലെ ഒരു നാഴികക്കല്ലാണ്. ആധുനിക ജീവിതത്തിന്റെ സമസ്യകളിൽ പെട്ട് സ്വത്വം നഷ്ടപ്പെടുന്ന മനുഷ്യർ വെറും ആൾക്കൂട്ടമായി മാറുന്നു എന്ന ചരിത്രപരമായ വിമർശനം മുന്നോട്ടുവെക്കുന്ന കൃതി ഭാഷാപരമായും നൈതികമായും പുതിയ ഭാവുകത്വം സൃഷ്ടിച്ചിട്ടുണ്ടെന്ന് അവതാരകൻ അവകാശപ്പെട്ടു.

അവതരണങ്ങളെ തുടർന്ന് ഒരോ കൃതിയെയും കുറിച്ചുള്ള ചർച്ച നടന്നു. അവതരിപ്പിക്കപ്പെട്ട പുസ്‌തകങ്ങളിലെല്ലാം വെറും ആൾക്കൂട്ടങ്ങളായി മാറുന്ന ജനതയെ സൃഷ്ടിക്കുന്ന വർത്തമാനകാല ഇന്ത്യൻ യാഥാർത്ഥ്യങ്ങൾ ഉണ്ടെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. വായനയും അതിന്റെ സംവാദങ്ങളും ജനാധിപത്യത്തിന്റെ ബോധവും പ്രയോഗവുള്ള ഒരു സമൂഹത്തെ കെട്ടിപ്പടുക്കാൻ നമ്മെ പ്രാപ്‌തരാക്കേണ്ടതുണ്ടെന്ന വസ്‌തുതയ്ക്ക് ചില്ലയുടെ സംവാദം അടിവരയിട്ടു.

സംവാദത്തിൽ ബീന, സഫറുദ്ദീൻ, നജീം കൊച്ചുകലുങ്ക്, ശിഹാബ് കുഞ്ചീസ്, പ്രഭാകരൻ, വിനോദ്, ബിജു തായമ്പത്ത് എന്നിവർ പങ്കെടുത്തു. എം ഫൈസൽ മോഡറേറ്ററായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top