23 April Tuesday

യുകെയിലെ പുരോഗമന കലാസാംസ്കാരിക സംഘടനകകള്‍ ഒന്നിക്കുന്നു; കാലഘട്ടത്തിന്റെ ആവശ്യമെന്ന് പി.ശ്രീരാമകൃഷ്ണൻ

വെബ് ഡെസ്‌ക്‌Updated: Wednesday Jun 23, 2021

ലണ്ടൻ>  ബ്രിട്ടനിലും നോർത്തേൺ അയർലണ്ടിലും പ്രവർത്തിച്ചുവരുന്ന ഇടതുപക്ഷ പുരോഗമന കലാസാംസ്‌കാരിക സംഘടനകൾ ഒരുമിച്ചു  ഒരു സംഘടനയായി പ്രവര്‍ത്തിക്കുന്നതിനുള്ള നടപടികള്‍  ഏകോപിപ്പിക്കുവാൻ അഡ്‌ഹോക് കമ്മിറ്റി നിലവില്‍ വന്നു. ഇതിനായി ചേര്‍ന്ന യോഗത്തില്‍ സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗവും കേരള നിയമസഭാ മുൻ സ്‌പീക്കറുമായിരുന്ന പി ശ്രീരാമകൃഷ്ണൻ പങ്കെടുത്തു. യുകെയിലെ പുരോഗമന കലാസാംസ്‌കാരിക സംഘടനകളുടെ ലയനം യുകെയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ വളർച്ചക്കും കേരള സർക്കാരിന്റെ പ്രവാസിക്ഷേമമുൾപ്പെടെയുള്ള വിവിധ പദ്ധതികൾ ജനങ്ങളിലേയ്ക്ക്‌ എത്തിക്കുന്നതിന് ഉപകരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


സംഘടനകൾ ഒരുമിച്ചു പ്രവർത്തിക്കണമെന്ന ആശയം സിപിഐ എം മുന്നോട്ട് വെച്ചിരുന്നു. യുകെയിലെ  ഇടതുപക്ഷ കലാ സാംസ്കാരിക  സംഘടനകളായ സമീക്ഷയുടെയും  ചേതനയുടെയും ദേശിയ കമ്മിറ്റികൾ ഇതിനു അംഗീകാരം നൽകുകയും ചെയ്തു. ഇതിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ കുറച്ചുകാലമായി നടന്നുവരുകയുമാണ്. പാർട്ടിയുടെ അന്താരാഷ്ട്രഘടകമായ അസ്സോസിയേൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്സ് (എഐസി) ആണ് ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

രണ്ടു സംഘടനകളുടെയും പ്രവർത്തകരെ കൂട്ടി യോജിപ്പിച്ച് പാർട്ടിയുടെ കീഴിൽ മലയാളികളുടെ സാംസ്‌കാരിക കൂട്ടായ്‌മ കെട്ടിപ്പടുക്കാനായി  യുകെയിലെ പാർട്ടി ബ്രാഞ്ച് സെക്രട്ടറിമാരും ഇരു സംഘടനകളുടെയും ഭാരവാഹികളും ഉൾപ്പെടുന്ന 25 അംഗ അഡ്ഹോക് കമ്മിറ്റി എഐസി നിർദ്ദേശിക്കുകയായിരുന്നു.

എഐസിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ രക്ഷാധികാരികളായ കമ്മിറ്റിയുടെ പ്രസിഡണ്ടായി ലിയോസ് പോളിനെയും സെക്രട്ടറിയായി ആഷിക് മുഹമ്മദ് നാസറിനെയും വൈസ് പ്രസിഡന്റുമാരായി ജയൻ എടപ്പാൾ,  എൽദോസ് പോൾ എന്നിവരെയും ജോയിന്റ് സെക്രട്ടറിമാരായി  ബിജു ഗോപിനാഥ്, വിനോ തോമസ് എന്നിവരെയും ട്രഷററായി രഞ്ജിഷ് ശശിധരനെയും ചുമതലയേൽപ്പിക്കുവാനുള്ള എഐസി നിർദ്ദേശം യോഗം ഏകകണ്ഠമായി അംഗീകരിച്ചു.

സംഘടനകളുടെ ഒരുമിച്ചുള്ള പ്രവർത്തനങ്ങൾക്ക് മാർഗ്ഗരേഖ രൂപീകരിക്കാനും ലയനപ്രക്രിയ സുഗമമായി മുന്നോട്ടുകൊണ്ടുപോകുവാനുള്ള നിർദ്ദേശങ്ങൾ ചർച്ചചെയ്യാനും എഐസി ബ്രാഞ്ചുസെക്രട്ടറിമാരുടെയും ചേതനയുടെയും ഭാരവാഹികളുടെയും  പ്രവർത്തകരുടെയും സംയുക്തയോഗം എഐസി സെക്രട്ടറി ഹർസെവ് ബെയ്‌ൻസ്‌ വിളിച്ചുചേർക്കുകയായിരുന്നു.

അഡ്‌ഹോക് കമ്മിറ്റിക്ക് വേണ്ട എല്ലാ സഹായസഹകരണങ്ങളും നൽകാൻ യുകെയിലുള്ള 30 ൽ പരം എഐസി ബ്രാഞ്ചുകൾക്ക് പാർട്ടി നിർദേശം നൽകിയിട്ടുണ്ട്.അതാത് പ്രദേശങ്ങളിലെ സാംസ്കാരിക സംഘടന പ്രവർത്തകരെ അഡ്‌ഹോക് കമ്മിറ്റി ആവശ്യാനുസരണം വിളിച്ചു ചേർക്കാനും ബ്രാഞ്ച് സെക്രട്ടറിമാരെ പാർട്ടി എക്സിക്യൂട്ടീവ് ചുമതലപ്പെടുത്തി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top