മനാമ
ബഹ്‌റൈനിലെ ആലിയിൽ വാഹനാപകടത്തിൽ നാലു മലയാളികൾ ഉൾപ്പെടെ അഞ്ചുപേർ മരിച്ചു. കോഴിക്കോട് മായനാട് വൈശ്യംപുറത്ത് പൊറ്റമ്മൽ വി പി മഹേഷ് (33), ചാലക്കുടി മുരിങ്ങൂർ പരീക്കാടൻവീട്ടിൽ ഗൈഥർ (28), പയ്യന്നൂർ എടാട്ട് താമരംകുളങ്ങര മുത്തപ്പൻ ക്ഷേത്ര കവാടത്തിനുസമീപം കാനാവീട്ടിൽ അഖിൽ രഘു (28), മലപ്പുറം കാളികാവ് വെള്ളയൂർ ഗോകുലംവീട്ടിൽ ജഗത് (29), തെലങ്കാന സ്വദേശി സുമൻ രാജണ്ണ (27) എന്നിവരാണ് മരിച്ചത്. മുഹറഖിലെ അൽ ഹിലാൽ ആശുപത്രി ജീവനക്കാരാണ് അഞ്ചുപേരും.
വെള്ളി രാത്രി പത്തിന് ഷൈഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിലാണ് അപകടം. ആലിയിലെ ഗൾഫ് എയർ ക്ലബിൽ ആശുപത്രിയുടെയും വിവിധ ബ്രാഞ്ചുകളുടെയും ഓണാഘോഷം കഴിഞ്ഞു മുഹറഖിലേക്ക് മടങ്ങിയ ഇവർ സഞ്ചരിച്ച കാർ ശുചീകരണ ട്രക്കിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. കാർ പൂർണമായും തകർന്നു. അഞ്ചുപേരും സംഭവസ്ഥലത്ത് മരിച്ചു.
മഹേഷ് ആശുപത്രി എച്ച്ആർ എക്‌സിക്യൂട്ടീവായിരുന്നു. ഭാര്യ റില്യ ഇതേ ആശുപത്രിയിൽ നഴ്‌സാണ്. മകൾ: ശ്രീഗ (എൽകെജി, ന്യൂ ഇന്ത്യൻ സ്കൂൾ). രണ്ടുവർഷം ബഹ്‌റൈനിൽ ജോലിചെയ്‌ത് നാട്ടിലെത്തി ആറുമാസം മുമ്പാണ് കുടുംബസമേതം ബഹ്‌റൈനിലേക്ക് പോയത്. അച്ഛൻ: മൂത്തോറൻ (റിട്ട. പൊലീസ്). അമ്മ: മീനാക്ഷി. സഹോദരങ്ങൾ: മനേഷ്, മഞ്ജു.ഇൻഷുറൻസിൽ ജീവനക്കാരനായ ഗൈഥർ ഒരു വർഷം മുൻപാണ് വിവാഹിതനായത്. ഭാര്യ: ലിയ. അച്ഛൻ: ജോർജ്. അമ്മ: ഷീല. സഹോദരങ്ങൾ: ഫെനു, അനുഗ്രഹ. സംസ്‌കാരം ചൊവ്വാഴ്ച.
റിട്ട. വില്ലേജ് ഓഫീസർ പുത്തൻവീട്ടിൽ വാസുദേവന്റെയും സുഷമയുടെയും മകനാണ് ജഗത്. ആശുപത്രിയിൽ റിസപ്ഷനിസ്റ്റായിരുന്നു. ഒരുവർഷം മുമ്പാണ് നാട്ടിൽവന്ന് പോയത്. സഹോദരൻ: രജത്ത്. പയ്യന്നൂർ സഹകരണ ആശുപത്രിയിൽ എക്‌സ്‌റേ ടെക്‌നീഷ്യനായിരുന്ന അഖിൽ നാലുമാസംമുമ്പാണ് ബഹ്‌റൈനിലെത്തിയത്. രഘൂത്തമന്റെയും മണിമേഖലയുടെയും മകനാണ്. ഒരുമാസം മുൻപായിരുന്നു വിവാഹ നിശ്ചയം. ബഹ്‌റൈനിലുണ്ടായിരുന്ന സഹോദരൻ സൂരജ് അപകടത്തെ തുടർന്ന് ശനിയാഴ്ച നാട്ടിലേക്ക് മടങ്ങി. ഓഫീസ് ബോയിയായിരുന്നു സുമൻ രാജണ്ണ.
സമീപകാലത്ത് ബഹ്‌റൈനിൽ നടന്ന ഏറ്റവും വലിയ അപകടമാണിത്. പൊലീസ് അന്വേഷണം ആരംഭിച്ചു. ഒരേ ബ്രാഞ്ചിൽ ജോലി ചെയ്തിരുന്ന ഇവർ ഉറ്റ സുഹൃത്തുക്കളാണ്. ഓണാഘോഷത്തിൽ വിവിധ പരിപാടികൾ അവതരിപ്പിച്ച് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. സൽമാനിയ ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകാൻ ശ്രമം ആരംഭിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..