29 March Friday

മുഖ്യമന്ത്രിക്ക് പൗര സ്വീകരണം നൽകാൻ വിപുലമായ ഒരുക്കങ്ങളുമായി ദുബായ്

വെബ് ഡെസ്‌ക്‌Updated: Monday Apr 17, 2023

അബുദാബി> അബുദാബി ഡിപ്പാർട്ട്മെന്റ്‌ ഓഫ് ഇക്കണോമിക് ഡെവലപ്മെന്റ് സംഘടിപ്പിക്കുന്ന ആനുവൽ ഇൻവെസ്റ്റ്മെന്റ് മീറ്റിൽ പങ്കെടുക്കാനായി യു എ ഇ സർക്കാരിന്റെ ക്ഷണപ്രകാരം എത്തുന്ന മുഖ്യമന്ത്രി  പിണറായി വിജയനും മന്ത്രിമാരായ പി രാജീവ്, പി എ മുഹമ്മദ് റിയാസ് എന്നിവർക്കും പൗര സ്വീകരണം നൽകാൻ ദുബായ് ഒരുങ്ങുന്നു. നോർക്കയുടെ നേതൃത്വത്തിൽ ദുബായിലും മറ്റ് വടക്കൻ എമിറേറ്റുകളിലുമുള്ള വിവിധ മലയാളി സംഘടനകളെ ചേർത്തുകൊണ്ടാണ് സ്വീകരണ പരിപാടി ഒരുക്കുന്നത്. മെയ് 10 ബുധനാഴ്ച ദുബായ് അൽനാസർ ലെഷർ ലാൻഡിൽ വച്ചാണ് പരിപാടി. ഇതിനു മുന്നോടിയായി ദുബായ് ഫ്ലോറ ക്രീക്ക് ഹോട്ടലിൽ വച്ച് ഏപ്രിൽ 16 ഞായറാഴ്ച വിപുലമായ സ്വാഗതസംഘ രൂപീകരണയോഗം സംഘടിപ്പിച്ചു. നോർക്ക ഡയറക്ടർ ഒ വി മുസ്തഫയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സാമൂഹ്യപ്രവർത്തകൻ രാജൻ മാഹി സ്വാഗതം പറഞ്ഞു.
   
ദുബായിലെയും മറ്റ് നോർത്ത് എമിറേറ്റുകളിലെയും  മലയാളിസംഘടനകളുടെ പ്രതിനിധികളായി പങ്കെടുത്ത 351 പേരെ ഉള്‍പ്പെടുത്തി സ്വാഗതസംഘം രൂപീകരിച്ചു. വിവിധ സംഘടനാ പ്രതിനിധികളെയും ലോക കേരളസഭ അംഗങ്ങളെയും മറ്റ്  മലയാളി പൗരപ്രമുഖരെയും ഉൾപ്പെടുത്തിക്കൊണ്ട് 51 അംഗ പ്രവർത്തകസമിതിയും രൂപീകരിച്ചു.

നോർക്ക ഡയറക്ടർ ബോർഡ് അംഗങ്ങളായ എം എ യൂസഫലി, ഡോക്ടർ ആസാദ് മൂപ്പൻ, രവി പിള്ള, സി വി റപ്പായി, ജെ കെ മേനോൻ എന്നിവർ മുഖ്യ രക്ഷാധികാരികൾ ആയിരിക്കുന്ന സ്വാഗതസംഘത്തിന്റെ ചെയർമാനായി ഡോക്ടർ കെ പി ഹുസൈൻ, ജനറൽ കൺവീനറായി നോർക്ക ഡയറക്ടർ ഒ വി മുസ്തഫ എന്നിവരെ തിരഞ്ഞെടുത്തു.

അബ്ദുൽ ജബ്ബാർ, ഷംലാൽ, വി എ ഹസൻ, കെ എം നൂറുദ്ദീൻ, ഷംസുദ്ദീൻ മുഹിയുദ്ദീൻ എന്നിവർ സഹ രക്ഷാധികാരികളാണ്. എൻ കെ കുഞ്ഞുമുഹമ്മദ്, രാജൻ മാഹി, ആർ പി മുരളി  എന്നിവർ കോര്‍ഡിനേറ്റർമാരായി പ്രവർത്തിക്കും. ജോയിന്റ് കൺവീനർമാരായി മുഹമ്മദ് റാഫി, റിയാസ് കൂത്തുപറമ്പ്, ഹമീദ് (ഷാർജ), സൈമൺ (ഫുജൈറ), മോഹനൻ പിള്ള (റാസൽഖൈമ) എന്നിവരെയും തീരുമാനിച്ചു. പരിപാടിയുടെ സാമ്പത്തിക നിയന്ത്രണം പി എ അബ്ദുൽ ജലീൽ നിർവഹിക്കും.

പരിപാടിയുടെ പ്രചാരണ പ്രവർത്തനങ്ങൾ നടത്താനായി പ്രചാരണ കമ്മിറ്റിയും സന്നദ്ധ പ്രവർത്തനത്തിനായി വോളണ്ടിയർ കമ്മിറ്റിയും രൂപീകരിച്ചു. മുഖ്യമന്ത്രിയുടെയും കേരള സർക്കാരിന്റെയും സവിശേഷ ശ്രദ്ധയിൽപെടുത്തണമെന്ന് യുഎഇയിലെ മലയാളി സമൂഹമാഗ്രഹിക്കുന്ന കാര്യങ്ങളെ സംബന്ധിച്ചുള്ള ചർച്ചകളും നിവേദനം സമർപ്പിക്കാനുള്ള സാധ്യതയും പരിപാടിയുടെ ഭാഗമായി ആലോചിക്കുമെന്ന് സ്വാഗതസംഘം ചെയർമാൻ  ഡോക്ടർ കെ പി ഹുസൈൻ പറഞ്ഞു. ഓർമ പ്രസിഡന്റ് റിയാസ് കൂത്തുപറമ്പ് യോഗത്തിന് നന്ദി പറഞ്ഞു
 
മുഖ്യമന്ത്രിക്ക് മെയ് ഏഴിന് അബുദാബിയിലെ പൗര സമൂഹവും സ്വീകരണം ഒരുക്കുന്നുണ്ട്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top