08 June Thursday
അംജത് അലിഖാനും അനൂപ് ജെലോട്ടയും എത്തുന്നു

കേരളീയ സമാജത്തില്‍ പത്ത് നാള്‍ നീളുന്ന ഇന്തോ-ബഹ്‌റൈന്‍ നൃത്ത-സംഗീതോത്സവം

വെബ് ഡെസ്‌ക്‌Updated: Thursday Apr 28, 2022
മനാമ > ഏറെ നാളുകള്‍ക്കുശേഷം ബഹ്‌റൈനില്‍ വീണ്ടും നൃത്ത-സംഗീത സാന്ദ്രമായ രാവുകള്‍ക്ക് ചിലമ്പൊലി ഉയരുന്നു. പ്രഥമ ഇന്തോ-ബഹ്‌റൈന്‍ നൃത്ത സംഗീത ഫെസ്റ്റിന് മെയ് മൂന്നിന് ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ തിരശ്ശീല ഉയരും. ഇന്ത്യന്‍ എംബസി നേതൃത്വത്തില്‍ ബഹ്‌റൈന്‍ സാംസ്‌കാരിക, പുരാവസ്തു അതോറിറ്റി, സൂര്യ സ്‌റ്റേജ് ആന്‍ഡ് ഫിലിം സൊസൈറ്റി എന്നിവയുമായി സഹകരിച്ചാണ് പരിപാടി സംഘടിക്കുന്നതെന്ന് സമാജം പ്രസിഡന്റ് പിവി രാധാകൃഷ്ണ പിള്ള, ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. 
 
ഇന്ത്യന്‍ സ്വാതന്ത്ര്യലബ്ധിയുടെ 75ാം വാര്‍ഷികത്തിന്റെയും സമാജം സ്ഥാപിതമായതിന്റെ 75ാം വര്‍ഷത്തിന്റെയും ഇന്ത്യ- ബഹ്‌റൈന്‍ നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ 50ാം വാര്‍ഷികത്തിന്റെയും ഭാഗാമായ പരിപാടി ഇരു മേഖലകളുടെയും കലാ, സാംസ്‌കാരിക പരിച്ഛേദമായി മാറും. മെയ് 14 വരെ നീളുന്ന സാംസ്‌കാരികോത്സവത്തില്‍ ലോകപ്രശസ്ത സരോദ് വാദകന്‍ ഉസ്താദ് അംജദ് അലി ഖാന്‍, മക്കളായ അമന്‍ അലി ബംഗാഷ്, അയാന്‍ അലി ബംഗാഷ്, പ്രശസ്ത ഗസല്‍ ഗായകന്‍ അനൂപ് ജലോട്ട, ചലിക്കുന്ന വിരലുകള്‍കൊണ്ട് ആളുകളെ വിസ്മയിപ്പിക്കുന്ന രാജേഷ് വൈദ്യ, കീബോര്‍ഡ് മാന്ത്രികന്‍ സ്റ്റീഫന്‍ ദേവസ്സി തുടങ്ങിയവര്‍ പരിപാടികളുടെ മാറ്റുകൂട്ടും. 
 
ആദ്യ ദിനമായ മൂന്നിന് അനൂപ് ജലോട്ടയുടെ ഗസല്‍ നിശയോടെയാണ് തുടക്കം. നാലിന് ഔദ്യോഗിക ഉദ്ഘാടനം. ബഹ്‌റൈന്‍ സാംസ്‌കാരിക, പുരാവസ്തു അതോറിറ്റി കള്‍ച്ചര്‍ ആന്റ്ന്‍ ആര്‍ട്‌സ് ഡയറക്ടര്‍ ജനറല്‍ ശൈഖ ഹാല ബിന്‍ത് മുഹമ്മദ് ആല്‍ ഖലീഫയും ഇന്ത്യന്‍ അംബാസഡര്‍ പീയൂഷ് ശ്രീവാസ്തവയും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്ന് സുഗതകുമാരിയുടെ 'കൃഷ്ണാ നീ എന്നെ അറിയില്ല' എന്ന ഗാനത്തെ ക്ലാസിക്കല്‍ നര്‍ത്തകി ആശാ ശരത് ഭാരതനാട്യത്തിലൂടെ അവതരിപ്പിക്കും.
 
സ്റ്റീഫന്‍ ദേവസ്സിയും സംഘവും, ഉമയല്‍പുരം, ആറ്റുകാല്‍ ബാലസുബ്രഹ്മണ്യം, അമിത് നദിഗ് എന്നിവര്‍ അണിനിരക്കുന്ന സംഗീത നിശ അഞ്ചിന് അരങ്ങേറും. ആറിന് പ്രശസ്ത വയലിന്‍ ജോടികളായ ഗണേഷും കുമരേഷും മൃദംഗ വിദ്വാന്‍ പത്രി സതീഷ് കുമാറും സംഗീതവിരുന്നൊരുക്കും. അഭിഷേക് രഘുറാമും സംഘവും നയിക്കുന്ന കര്‍ണാടക സംഗീതക്കച്ചേരി ഏഴിന് നടക്കും. എട്ടിന് സംഗീത വിദഗ്ധന്‍ നിത്യശ്രീ മഹാദേവനും സംഘവും സംഗീതക്കച്ചേരി അവതരിപ്പിക്കും.
 
ഒമ്പതിന് വിദ്യശ്രീയുടെ 'ബുദ്ധ  ദി ഡിവൈന്‍' എന്ന ബഹ്‌റൈനില്‍നിന്നുള്ള നൃത്തനാടകം അരങ്ങേറും. ഗായകനും സംഗീതസംവിധായകനുമായ എം ജയചന്ദ്രന്‍, ശങ്കരന്‍ നമ്പൂതിരി, ശ്രീവല്‍സന്‍ ജെ. മേനോന്‍, ലാലു സുകുമാര്‍ എന്നിവരു നേതൃത്തിലുള്ള ഗാനമേള 10ന് അരങ്ങേററും. 11ന് ബഹ്‌റൈന്‍ സ്വദേശി കലാകാരന്മാരായ  ഖലീല്‍ അലഷാറിന്റെ കഥക് അവതരണവും തുടര്‍ന്ന് മജാസ് ബഹ്‌റൈന്‍ ബാന്‍ഡ് അവതരിപ്പിക്കുന്ന സംഗീതക്കച്ചേരിയും നടക്കും.
 
12ന് തിരുവാരൂര്‍ ഭക്തവത്സലന്‍, ആലപ്പുഴ ആര്‍ കരുണാമൂര്‍ത്തി, ഗിരിധര്‍ ഉടുപ്പ എന്നിവരുടെ അകമ്പടിയോടെ മൈസൂര്‍ നാഗരാജ്, ഡോ. മൈസൂര്‍ മഞ്ജുനാഥ് എന്നിവര്‍ വയലിനില്‍ നയിക്കുന്ന ക്ലാസിക്കല്‍ ഇന്‍സ്ട്രുമെന്റല്‍ നൈറ്റ്. 13ന് രാജേഷ് വൈദ്യ, ഭുവനേഷ്, കുമാരന്‍, മോഹന്‍, സായ് ഹരി എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിക്കുന്ന കച്ചേരി. 14ന് സരോദ് വിദഗ്ധരായ ഉസ്താദ് അംജദ് അലി ഖാന്റെയും മക്കളുടെയും സംഗീത കച്ചേരി. 
 
പ്രമുഖ കലാസംവിധായകന്‍ സൂര്യ കൃഷ്ണമൂര്‍ത്തി അണിയിച്ചൊരുക്കുന്ന സാംസ്‌കാരികോത്സവം പ്രവൃത്തിദിവസങ്ങളില്‍ വൈകീട്ട് എട്ടിനും അവധിദിവസങ്ങളില്‍ വൈകീട്ട് 7.30നും 
 
വാര്‍ത്തസമ്മേളനത്തില്‍ പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ പ്രശാന്ത് ഗോവിന്ദപുരം, എംപി രഘു, ദേവദാസ് കുന്നത്ത്, ആഷ്‌ലി കുര്യന്‍, വര്‍ഗീസ് ജോര്‍ജ്, ഫിറോസ് തിരുവത്ര, വിനൂപ് കുമാര്‍, മഹേഷ് പിള്ള എന്നിവരും പങ്കെടുത്തു.

 

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top