19 April Friday

ഭരത് മുരളി നാടകോത്സവം ജനുവരി 6 മുതൽ

സഫറുള്ള പാലപ്പെട്ടിUpdated: Wednesday Nov 23, 2022

അബുദാബി>  കേരളത്തിന് പുറത്ത് അരങ്ങേറുന്ന ഏറ്റവും വലിയ നാടകോത്സവമായ 'പതിനൊന്നാമത് ഭരത് മുരളി നാടകോത്സവം' 2023 ജനുവരി 06 ന് കേരള സോഷ്യൽ സെന്ററിൽ അരങ്ങേറുമെന്ന് ഭാരവാഹികൾ അറിയിച്ചു. കോവിഡ് വ്യാപനം മൂലം മുടങ്ങിയ നാടകോത്സവം ഏറെ സന്തോഷത്തോടും അഭിമാനത്തോടും കൂടിയാണ് രണ്ടുവർഷങ്ങൾക്ക് ശേഷം വീണ്ടും അരങ്ങിലെത്തിക്കുന്നത്. ഇതിന്റെ ഭാഗമായി 2022 ഒക്ടോബർ 23 ന് വിവിധ സംഘടനകളുടെയും സമിതികളുടെയും ഓൺലൈൻ യോഗം വിളിച്ചു ചേർത്തിരുന്നു.   
കേരളത്തിനകത്തും പുറത്തും ഏറെ ശ്രദ്ധയാകര്‍ഷിക്കപ്പെട്ട നാടകമത്സരങ്ങളിലൊന്നായി മാറിയ ഈ നാടകോത്സവത്തില്‍ സംസ്ഥാന തലത്തിലും ദേശീയ തലത്തിലും ഗള്‍ഫിലെ നാടകരംഗത്തും ഏറെ ശ്രദ്ധേയരായ സംവിധായകരുടെ സംവിധാനത്തിലാണ് ഓരോ നാടകങ്ങളും അരങ്ങേറുന്നത്. യുഎഇയുടെ വിവിധ പ്രവശ്യകളില്‍ നിന്നുള്ള വിവിധ നാടകസമിതികള്‍ മത്സരരംഗത്തുണ്ടാകാറുണ്ട്.

 2009ല്‍ അബുദാബി കേരള സോഷ്യല്‍ സെന്റര്‍ തുടക്കം കുറിച്ച നാടകോത്സവത്തിലൂടെ ഗള്‍ഫിലെ നാടകാസ്വാദകര്‍ക്കിടയിലും നാടകപ്രവര്‍ത്തകര്‍ക്കിടയിലും പുത്തനുണര്‍വ്വ് പകരുകയായിരുന്നു.ഒരു മണിക്കൂറിൽ കുറയാത്ത പരമാവധി രണ്ടു മണിക്കൂർ നീളുന്ന നാടകങ്ങളാണ് നാടകോത്സവത്തിൽ അവതരിപ്പിക്കേണ്ടത്. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന സംഘടനകളും സമിതികളും ഡിസമ്പർ 5–നകം രജിസ്ട്രേഷൻ പൂർത്തീകരിക്കേണ്ടതും നാടകത്തിന്റെ സംക്ഷിപ്തരൂപത്തിലുള്ള സ്ക്രിപ്റ്റിന്റെ പകർപ്പ് info@kscabudhabi.com എന്ന ഇ-മെയിൽ വഴിയോ നേരിട്ടോ നൽകേണ്ടതാണ്.

നാടകോത്സവത്തിന്റെ ഭാഗമായി യു.എ.ഇ യിലെ നാടക രചയിതാക്കൾക്കായി ഏകാങ്ക നാടക രചന മത്സരവും സംഘടിപ്പിക്കുന്നു. 30 മിനുട്ട് അവതരണ ദൈർഘ്യമുള്ള രചനകളാണ് പരിഗണിക്കുക. സൃഷ്ടികൾ മൗലികമായിരിക്കണം. വിവർത്തനങ്ങളോ മറ്റു നാടകങ്ങളുടെ വകഭേദങ്ങളോ പരിഗണിക്കുന്നതല്ല. ഏതെങ്കിലും കഥയോ നോവലോ അധികരിച്ചുള്ള രചനകളും പരിഗണിക്കുന്നതല്ല. മതം, കക്ഷിരാഷ്ട്രീയം എന്നീ വിഷയങ്ങളെ പരാമർശിക്കാത്തതും യു.എ.ഇ നിയമങ്ങൾക്കനുസൃതമായിട്ടുള്ളതും ആയിരിക്കണം.
രചയിതാവിന്റെ പേര്, പ്രൊഫൈൽ, പാസ്പോർട്ട് കോപ്പി, എമിറേറ്റ്സ് ഐഡി കോപ്പി എന്നിവ അറ്റാച്ച് ചെയ്ത് ജനവരി അഞ്ചിനകം കേരള സോഷ്യൽ സെന്ററിൽ എത്തിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്ക് കേരള സോഷ്യൽ സെന്ററുമായോ 026314455, 026314456 എന്നീ നമ്പറുകളിലോ ബന്ധപ്പെടേണ്ടതാണ്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top