19 April Friday

പതിനൊന്നാമത് ഭരത് മുരളി നാടകോത്സവത്തിന് യുഎഇയിൽ നാളെ തിരശ്ശീല ഉയരും

സഫറുള്ള പാലപ്പെട്ടിUpdated: Thursday Jan 12, 2023

പതിനൊന്നാമത് ഭരത് മുരളി നാടകോത്സവത്തിന്റെ ഭാഗമായി അബുദാബി കേരള സോഷ്യൽ സെന്റർ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ നിന്ന്

അബുദാബി>  പതിനൊന്നാമത് ഭരത് മുരളി നാടകോത്സവത്തിനു നാളെ (വെള്ളിയാഴ്ച) തിരശ്ശീല ഉയരും.  നാടകോത്സവത്തിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച വൈകീട്ട് 8 നു കേരള സോഷ്യൽ സെന്ററിൽ സംഘടിപ്പിക്കുന്ന സാംസ്കാരിക സമ്മേളനത്തോടെ ആരംഭിക്കും. ജനുവരി 14 മുതൽ 30 വരെ യു.എ.ഇയിലെ വിവിധ എമിറേറ്റുകളിൽ നിന്നുള്ള 8 നാടകസമിതികൾ അവതരിപ്പിക്കുന്ന നാടകങ്ങളാണ് നാടകോത്സവത്തിൽ അരങ്ങേറുക.വൻ ജനപങ്കാളിത്തത്തോടെയാണ്   കേരള സോഷ്യൽ സെന്റർ സംഘടിപ്പിച്ചുവരുന്ന ഭരത് മുരളി നാടകോത്സവം വര്ഷം തോറും അരങ്ങേറുന്നത്.

കോവിഡിനെ തുടർന്നുള്ള രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം സംഘടിപ്പിക്കുന്ന നാടകോത്സവത്തിൽ പങ്കെടുക്കുന്ന നാടകങ്ങൾ ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്. അവയുടെ  സംവിധായകർ വിവിധ നാടകസമിതികൾക്ക് വേണ്ടി യുഎഇയിലെത്തി മാസങ്ങളോളം പ്രയത്നിച്ചാണ് നാടകങ്ങൾ അരങ്ങേത്തെത്തിക്കുന്നത് .

പ്രശാന്ത് നാരായണൻ രചനയും സംവിധാനവും നിർവ്വഹിച്ച് ഇന്ത്യ സോഷ്യൽ സെന്റർ അജ്‌മാൻ അവതരിപ്പിക്കുന്ന 'നവ രാഷ്ട്ര'യാണ് ഉദ്ഘാടന നാടകം. ശനിയാഴ്ചയാണ് ഇവ രംഗത്താവതരിപ്പിക്കുന്നത്. ജനുവരി 15 ന് സി എൻ ശ്രീകണ്ഠൻ നായർ രചിച്ച് എമിൽ മാധവി സംവിധാനം ചെയ്യുന്ന 'ലങ്കാലക്ഷ്മി ഷാർജ ചമയം തിയേറ്റർ രംഗത്താവതരിപ്പിക്കും. 20ന് 'റാണി ബിജിലി ലാജ്ജോ ഷാജഹാൻ ഒ. ടി. യുടെ സംവിധാനത്തിൽ 'ഓർമ്മ ദുബായ്' അവതരിപ്പിക്കും. ഷാജഹാനും അനൂപ് രത്നയും സംയുക്തമായാണ് രചന നിർവ്വഹിച്ചിരിക്കുന്നത്.
ശ്രീജിത്ത് പൊയിൽക്കാവ് രചിച്ച് അജയ് അന്നൂരിന്റെ സംവിധാനത്തിൽ അൽഖൂസ് തിയ്യേറ്റർ 'ദ്വയം'എന്ന നാടകം ജനുവരി 21ന് രംഗത്തവതരിപ്പിക്കും. 26ന് ജിനോ ജോസഫിന്റെ സംവിധാനത്തിൽ കല അബുദാബി 'സ്റ്റേജ്' അവതരിപ്പിക്കും.

കഴിഞ്ഞ പത്ത് നാടകോത്സവത്തിലും പങ്കെടുത്ത ഒരേയൊരു നാടകസമിതിയായ ശക്തി തിയറ്റേഴ്‌സ് അബുദാബി കെ. ബി. ജയകുമാർ രചിച്ച് ജോബ് മഠത്തിൽ സംവിധാനം ചെയ്ത 'കക്കുകളി' അരങ്ങിലെത്തിക്കും. ജനുവരി 29ന് ഷേക്സ്പിയറുടെ 'മാക്ബത്' സുവീരന്റെ സംവിധാനത്തിൽ 'ക്രീയേറ്റീവ് ക്ലൗഡ് അൽ ഐൻ' അവതരിപ്പിക്കും. നാടകോത്സവത്തിന്റെ സമാപന ദിവസമായ 30 നു നിഖിൽ ദാസിന്റെ സംവിധാനത്തിൽ അൽ ഐൻ മലയാളി സമാജം 'കവചിതം' അരങ്ങേറും.  31 ന് കേരള സോഷ്യൽ സെന്ററിൽ നടക്കുന്ന സമാപന ചടങ്ങിൽ വെച്ച് ഫലം പ്രഖ്യാപിക്കും. പ്രശസ്ത നാടകപ്രവർത്തകരായ ഡോ. തുളസീധരൻ, വിനോദ് നാരായണൻ എന്നിവരാണ് വിധികർത്താക്കളായി എത്തുന്നത്.

വാർത്താ സമ്മേളനത്തിൽ കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് കൃഷ്ണകുമാർ വി. പി., ജനറൽ സെക്രട്ടറി ഷെറിൻ വിജയൻ, ലുലു ഇന്റർനാഷണൽ എക്സ്ചേഞ്ച് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് വി.എസ് തമ്പി, അഹല്യ മെഡിക്കൽ ഗ്രൂപ്പ് സീനിയർ  ഓപ്പറേഷൻസ് മാനേജർ സൂരജ് പ്രഭാകർ, കലാവിഭാഗം സെക്രട്ടറി നിഷാം വെള്ളുത്തടത്തിൽ എന്നിവർ പങ്കെടുത്തു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top