20 April Saturday

പ്രവാസികളുടെ കോവിഡ് പരിശോധന സൗജന്യമാക്കിയ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹം: ബഹ്‌റൈന്‍ പ്രതിഭ

വെബ് ഡെസ്‌ക്‌Updated: Saturday Feb 27, 2021
 
മനാമ >  പ്രവാസികള്‍ക്ക് കേരളത്തിലെ വിമാനതാവളത്തില്‍ ആര്‍ടി-പിസിആര്‍ കോവിഡ് ടെസ്റ്റ് സൗജന്യമാക്കിയ കേരള സര്‍ക്കാര്‍ നടപടിയെ ബഹ്‌റൈന്‍ പ്രതിഭ സ്വാഗതം ചെയ്തു. പ്രതിസന്ധി കാലത്ത് പ്രവാസികളെ നെഞ്ചോട്‌ചേര്‍ത്തുപിടിച്ച് പ്രവാസി സമൂഹത്തോടുള്ള പ്രതബദ്ധത പിണറായി സര്‍ക്കാര്‍ വീണ്ടും തെളിയിച്ചിരിക്കയാണെന്ന് പ്രതിഭ പ്രസ്താവനയില്‍ പറഞ്ഞു.
 
കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ ഇന്ത്യയിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് പുറപ്പെടുന്നതിന് 72 മണിക്കൂറിനിടെയും ഇറങ്ങുന്ന വിമാനതാവളത്തിലും കോവിഡ് പരിശോധന നിര്‍ബന്ധമാക്കിയിരുന്നു. ഇത് സാധാരണക്കാരായ പ്രവാസികള്‍ക്ക് കനത്ത സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കിയത്. 
 
ഇന്ത്യയിലാകെ വിമാനതാവളങ്ങളിലെ കോവിഡ് പരിശോധന കേന്ദ്ര സര്‍ക്കാര്‍ സ്വകാര്യ ഏജന്‍സികള്‍ക്കാണ് നല്‍കിയത്. ഇതു പ്രകാരം അതത് സംസ്ഥാനങ്ങളില്‍ സ്വകാര്യ ഏജന്‍സികള്‍ നിശ്ചയിച്ച പണമാണ് ചാര്‍ജായി ഈടാക്കുന്നത്.കേരളത്തില്‍ നാലു തവണയായി സ്വകാര്യ മേഖലയിലെ പരിശോധനാ നിരക്ക് 2,750 രൂപയില്‍ നിന്ന് 1,500 ആയി സംസ്ഥാന സര്‍ക്കാര്‍ കുറച്ചിരുന്നു. എന്നാല്‍, ഇക്കഴിഞ്ഞ ഫെബ്രുവരി ഒന്‍പതിന്റെ കേരള ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് കേരളത്തില്‍ സ്വകാര്യ മേഖലയില്‍ കോവിഡ് പരിശോധനാ നിരക്ക് 1,700 രൂപയാണ്. ഇതാണ് വിമാനതാവളങ്ങളില്‍ ഏജന്‍സികള്‍ ഈടാക്കിയിരുന്നത്. എന്നാല്‍, പ്രവാസികള്‍ക്ക് ഇത് സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതായി പ്രതിഭ ഉള്‍പ്പെടെയുള്ള പ്രവാസ സംഘടനകള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. അത് ശ്രദ്ധയില്‍പെട്ടയുടന്‍ സംസ്ഥാന സര്‍ക്കാര്‍ പരിശോധന സൗജന്യമാക്കി പ്രഖ്യാപിക്കുകയായിരുന്നു. വലിയ സാമ്പത്തിക ബാധ്യത വരുത്തുന്നതായിട്ടുകൂടി പ്രവാസികള്‍ക്ക് കൈതാങ്ങാകുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്തത്്. ഇടതുപക്ഷം ജനപക്ഷം എന്ന നിലപാടാണ് ഇപ്പോള്‍ അന്വര്‍ഥമായത്. 
 
ഈ തീരുമാനമെടുത്ത സര്‍ക്കാരിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ലെന്നും യാത്രാ നിയന്ത്രണം മൂലം ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിയവരും കോവിഡ് പ്രതിസന്ധിയില്‍ തൊഴില്‍ നഷ്ടപ്പെട്ടവരുമായി നാട്ടിലേക്ക് മടങ്ങാന്‍ കാത്തിരിക്കുന്ന ദുരിതത്തില്‍ കഴിയുന്ന നിരവധി പ്രവാസികള്‍ക്ക്  വലിയ ആശ്വാസമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനമെന്നും പ്രതിഭ സെക്രട്ടറി എന്‍വി ലിവിന്‍ കുമാറും പ്രസിഡന്റ് കെഎം സതീഷും പ്രസ്താവനയില്‍ പറഞ്ഞു.
 
പ്രവാസികള്‍ക്ക് വേണ്ടി ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ ഒരു ഇളവും നല്‍കിയിട്ടില്ല. പിഞ്ചു കുട്ടികള്‍ക്കുപ്പോലും പരിശോധന നിര്‍ബന്ധമാണ്. പ്രവാസികളുടെ ആവശ്യങ്ങളോട് മുംഖം തിരിഞ്ഞ് ഇരിക്കയാണ് കേന്ദ്ര സര്‍ക്കാര്‍. മലയാളിയായ കേന്ദ്ര സഹമന്ത്രി മുരളീധരന്‍ ഇക്കാര്യത്തില്‍ പ്രവാസികളെ പരിഹസിക്കുകയായിരുന്നു. കേന്ദ്ര അവഗണനക്കെതിരെ ശക്തമായി പ്രതിഷേധിക്കണമെന്നും പ്രതിഭ ഭാരവാഹികള്‍  പ്രസ്താവനയില്‍ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top