19 April Friday
പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീടുകളില്‍ നല്‍കും

ബഹ്‌റൈനില്‍ മൊബൈല്‍ കോവിഡ് വാക്‌സിന്‍ സേവനം തുടങ്ങി

അനസ് യാസിന്‍Updated: Friday Jan 15, 2021

മനാമ > ബഹ്‌റൈനില്‍ പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീടുകളില്‍ ചെന്ന് കോവിഡ് വാക്‌സിന്‍ നല്‍കുന്ന മൊബൈല്‍ യൂണിറ്റുകള്‍ ആരംഭിച്ചു.

മേഖലയില്‍ തന്നെ ആദ്യമായാണിതെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ബിഎന്‍എ പറഞ്ഞു. കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്താന്‍ കഴിയാത്തവര്‍ക്ക് വീട്ടിലെത്തി മെഡിക്കല്‍ ടീം വാക്‌സിന്‍ നല്‍കും. വാക്‌സിനായി രജിസ്റ്റര്‍ ചെയ്ത പ്രായമായവരുടെയും ഭിന്നശേഷിക്കാരുടെയും പട്ടിക സമാഹരിക്കുകയാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്തുടനീളം മൊബൈല്‍ യൂണിറ്റുകള്‍ നടത്താനും വാക്‌സിനേഷന്‍ ടീമിന്റെ സന്ദര്‍ശനം അപേക്ഷകരുടെ കുടുംബങ്ങളെ അറിയിക്കാനുമായി പ്രത്യേക സംവിധാനം ആവിഷ്‌കരിച്ചിട്ടുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. മൊബൈല്‍ യൂണിറ്റിന്റെ സേവനം ആവശ്യമുള്ളവര്‍ ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലോ ബിഅവയര്‍ ആപ്പ് വഴിയോ രജിസ്റ്റര്‍ ചെയ്യണം.

കിരീടവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ നേതൃത്വത്തിലുള്ള എക്‌സിക്യുട്ടീവ് കമ്മിറ്റി നിര്‍ദേശ പ്രകാരമാണ് തീരുമാനം.

കഴിഞ്ഞ മാസം 17നാണ് ബഹ്‌റൈനില്‍ കൊറോണവൈറസിനെതിരെ കുത്തിവെപ്പ് ആരംഭിച്ചത്. 18 വയസിന് താഴെയുള്ള രാജ്യത്തെ പൗരന്മാരും പ്രവാസികളും ഉള്‍പ്പെടെ മൊത്തം 15 ലക്ഷത്തോളം പേര്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കാനായി ദേശീയ വാക്‌സിനേഷന്‍ കാമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്. ചൈനയുടെ സിനോഫോം, അമേരിക്കയുടെ ഫൈസര്‍ എന്നീ വാക്‌സിനുകള്‍ വ്യക്തികള്‍ക്ക് തെരഞ്ഞെടുക്കാം. വാക്‌സിന്‍ പൂര്‍ണ്ണമായും സൗജന്യം. രാജ്യത്തെ 27 ഹെല്‍ത്ത് സെന്ററുകള്‍, കിംഗ് ഹമദ് യൂണിവേഴ്‌സിറ്റി ഹോസ്പ്പില്‍ എന്നിവ വഴിയാണ് കുത്തിവെപ്പ്. ഒരു ലക്ഷത്തിലധികം പേര്‍ ഇതുവരെ രാജ്യത്ത് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു.

ജനസംഖ്യയുടെ വലിയൊരു ഭാഗത്തിന് മാര്‍ച്ച് അവസാനത്തോടെ കുത്തിവെപ്പ് പൂര്‍ത്തിയാക്കാനാണ് ആരോഗ്യ മന്ത്രാലയം ലക്ഷ്യമിടുന്നത്. ഇതിനായി മറ്റു രണ്ട് വാക്‌സിന്‍ കൂടി രാജ്യത്തേക്ക് കൊണ്ടുവരാന്‍ ആലോചനയുണ്ട്. ഓക്‌സഫഡിന്റെ ആസ്ട്ര സെനക, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ തുടങ്ങിയ വാക്‌സിനുകളുടെ ബന്ധപ്പെട്ട രേഖകള്‍ അധികൃതര്‍ പരിശോധിക്കുന്നതായാണ് റിപ്പോര്‍ട്ട്.

മൊബൈല്‍ ആപ് വഴി കോവിഡ്-19 വാക്‌സിനേഷന്‍ അപ്പോയ്‌മെന്റ് അനുവദിക്കുന്ന ലോകത്തിലെ ആദ്യ രാജ്യമാണ് ബഹ്‌റൈന്‍. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ വാക്‌സിനേഷന്‍ നിരക്ക് ബഹ്‌റൈനിലാണ്-100 വ്യക്തികള്‍ക്ക് 3.49 വാക്‌സിനേഷന്‍ ഡോസ് എന്നതാണ് ബഹ്‌റൈനിലെ നിരക്ക്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top