26 April Friday

ബഹ്‌റൈന്‍ അന്താരാഷ്ട്ര എയര്‍ ഷോക്കു സമാപനം

അനസ് യാസിന്‍Updated: Saturday Nov 12, 2022

ബഹ്‌റൈന്‍ അന്താരാഷ്ട്ര എയര്‍ ഷോയിലെ വ്യോമാഭ്യാസ പ്രകടനത്തില്‍ നിന്ന്

മനാമ > കരയിലും ആകാശത്തും ദൃശ്യ വിസ്മയം സമ്മാനിച്ച ആറാമത് ബഹ്‌റൈന്‍ അന്താരാഷ്ട്ര എയര്‍ഷോക്ക് സമാപനം. സാഖിര്‍ എയര്‍ ബേസില്‍ നടന്ന എയര്‍ ഷോയില്‍ 185 ലധികം കമ്പനികളും ഇന്ത്യ ഉള്‍പ്പെടെ 30 ലധികം രാജ്യങ്ങളും പങ്കെടുത്തു. ബിസിനസ്സ്, നെറ്റ്‌വര്‍ക്കിംഗ്, വളര്‍ച്ച, വിവരങ്ങള്‍ പങ്കിടുന്നതിലെ അവസരങ്ങള്‍ എന്നിവയിലെ അഭിവൃദ്ധിയെ അടയാളപ്പെടുത്തിയാണ് എയര്‍ ഷോക്ക് തിരശ്ശീല വീണത്. 

ബഹ്‌റൈന്‍ പ്രധാനമമ്രന്ത്രിയും കിരീടവകാശിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ ഉദ്ഘാടനം ചെയ്ത എയര്‍ഷോയില്‍ വ്യോമയാന രംഗത്തെ അതികായന്‍മാര്‍ ഉള്‍പ്പെടെ രാജ്യങ്ങളും കമ്പനികളും അവരുടെ ഏറ്റവും പുതിയ വ്യോമയാന സാങ്കേതികവിദ്യകളും സേവനങ്ങളും പ്രദര്‍ശിപ്പിച്ചു. 200 സിവിലിയന്‍, സൈനിക പ്രതിനിധികള്‍ പങ്കെടുത്തു. കോടിക്കണക്കിന് ഡോളറിന്റെ ഇടപാടുകളും കരാറുകളും എയര്‍ ഷോയില്‍ പിറന്നു. ഇന്ത്യന്‍ പവലിയന്‍ അംബാസഡര്‍ പിയൂഷ് ശ്രീവാസ്തവ ഉദ്ഘാടനം ചെയ്തു. ഇസ്രായേല്‍ എയ്‌റോസ്‌പേസ് ഇന്‍ഡസ്ട്രീസ് (ഐഎഐ)ഉള്‍പ്പെടെ ഇസ്രായേല്‍ ആസ്ഥാനമായുള്ള കമ്പനികള്‍ ആദ്യമായി എയര്‍ഷോയില്‍ പങ്കെടുത്തു.

ഓരോ ദിവസവും മൂന്നു മണിക്കൂറിലേറെ സമയം അന്താരാഷ്ട്ര ഫ്‌ളയിംഗ് ടീമുകള്‍ അണിനിരന്ന ഫ്‌ളയിംഗ് ഡിസ്‌പ്ലേ അരങ്ങേറി. ബഹ്‌റൈന്‍ എയര്‍ ഫോഴ്‌സിന്റെ ഫ്‌ളൈപാസ്റ്റ്്, സൗദി എയര്‍ ഫോഴ്‌സിന്റെ ടൈഫൂണ്‍, ഗ്ലോബല്‍ സ്റ്റാര്‍സ് എയറോബാറ്റിക് ടീം, പാകിസ്ഥാന്‍ വ്യോമ സേനയുടെ ജെഎഫ് -17,  യുഎഇ വ്യോമ സേനയുടെ എഫ് 16, മിറാജ് 2000, അല്‍ ഫുര്‍സാന്‍, അമേരിക്കയുടെ എഫ് 16, പാരാ മോട്ടോര്‍ സോളോ ഡിസ്‌പ്ലേ, സൗദി ഹ്വാക്‌സ്, ഡിഎച്ച്എല്‍ ഫ്‌ളൈ പാസ്റ്റ്, ബ്രിട്ടന്റെ റെഡ് ആരോസ്് തുടങ്ങിയവയാണ് വ്യോമാഭ്യാസ പ്രകടനത്തില്‍ അണി നിരന്നത്.

അഞ്ചാമത് എയര്‍ ഷോയില്‍ നിന്നും വിത്യസ്തമായി ഈ വര്‍ഷം പങ്കെടുത്ത കമ്പനികളില്‍ വന്‍ വര്‍ധനയുണ്ട്. ബഹ്‌റൈന്‍ ഗതാഗതവാര്‍ത്താ വിനിമയ മന്ത്രാലയം, റോയല്‍ ബഹ്‌റൈന്‍ എയര്‍ ഫോഴ്‌സ്, ഫാറന്‍ ബറോ ഇന്റര്‍നാഷണല്‍ ലിമിറ്റഡ് എന്നിവ ചേര്‍ന്നാണ് എയര്‍ ഷോ സംഘിപ്പിച്ചത്. രണ്ടുവര്‍ഷത്തില്‍ ഒരിക്കലാണ് ബഹ്‌റൈന്‍ എയര്‍ ഷോ സംഘടിപ്പിക്കുന്നത്. കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കുമായി വിവിധ പരിപാടികളും നടത്തിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top