24 April Wednesday

അറ്റ്‌‌ലസ് രാമചന്ദ്രന്റെ മൃതദേഹം ദുബായിയിൽ സംസ്‌കരിച്ചു; വിടവാങ്ങിയത് അറ്റ്‌‌ലസ് തുറക്കാനുള്ള മോഹം ബാക്കിയാക്കി

അനസ് യാസിൻUpdated: Tuesday Oct 4, 2022


ദുബായ്‌> പ്രമുഖ പ്രവാസി വ്യവസായിയും സിനിമാ നിർമ്മാതാവുമായ അറ്റ്‌ലസ് രാമചന്ദ്രന്റെ മൃതദേഹം ദുബായ് ജബൽ അലി ശ്മശാനത്തിൽ സംസ്‌കരിച്ചു. മരണാനന്തര പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചതിനെതുടർന്ന് കോവിഡ് പ്രോട്ടോക്കോൾ പ്രകാരമായിരുന്നു സംസ്‌കാരം. തിങ്കളാഴ്ച വൈകിട്ട് 5.30നു (പ്രാദേശിക സമയം) ജബൽ അലി ഹിന്ദു ക്രിമീഷൻ സെന്ററിലാ (ന്യൂ സോനാപ്പൂർ) ണു സംസ്‌കാര ചടങ്ങ് നടന്നത്. ഭാര്യയും മക്കളും അടുത്ത ബന്ധുക്കളും സാമൂഹ്യപ്രവർത്തകരും മാത്രമാണ് ചടങ്ങുകളിൽ സംബന്ധിച്ചത്.

ഞായറാഴ്ച രാത്രി യുഎഇ പ്രാദേശിക സമയം 11 ഓടെ ഹൃദയാഘാതത്തെ തുടർന്നാണ് അറ്റ്‌ലസ് രാമചന്ദ്രൻ (80) നിര്യാതനായത്. വയറിലെ മുഴയുമായി ബന്ധപ്പെട്ട ചികിത്സക്കായി മൂന്നു ദിവസം മുൻപാണ് അദ്ദേഹത്തെ ദുബായ് മൻഖൂൽ ആസ്റ്റർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏറെനാളായി വാർധക്യസഹജമായ അസുഖങ്ങൾ അലട്ടിയിരുന്നു. ഭാര്യ ഇന്ദു രാമചന്ദ്രൻ, മകൾ ഡോ.മഞ്ജു രാമചന്ദ്രൻ, പേരക്കുട്ടികൾ എന്നിവർ മരണ സമയത്ത് ഒപ്പമുണ്ടായിരുന്നു. മകൻ ശ്രീകാന്ത് അമേരിക്കയിലാണ്.

വർഷങ്ങളായി കുടുംബത്തോടൊപ്പം ദുബായിലായിരുന്നു താമസം. ഗൾഫില പ്രശസ്തമായ അറ്റ്‌ലസ് ഗ്രൂപ്പ് ഓഫ് ജ്വല്ലറിയുടെ സ്ഥാപകനും ചെയർമാനുമായിരുന്നു അദ്ദേഹം. 1942 ജൂലൈ 31ന് തൃശൂരിൽ വി കമലാകര മേനോന്റെയും എംഎം രുഗ്മിണി അമ്മയുടെയും മകനായാണ് ജനനം. ഇന്ത്യയിൽ ബാങ്ക് ജീവനക്കാരനായി ഔദ്യോഗിക ജീവിതം ആരംഭിച്ച രാമചന്ദ്രൻ 1974ലാണ് പ്രവാസിയായ കുവൈത്തിൽ എത്തിയത്; കൊമേഴ്‌സ്യൽ ബാങ്ക് ഓഫ് കുവൈറ്റിൽ ഓഫീസറായി. ഇവിടെ ഇന്റർനാഷണൽ ഡിവിഷൻ മാനേജരായിരിക്കെയാണ് സ്വർണ വ്യാപാര മേഖലയിലേക്ക് കടക്കുന്നത്. കുവൈത്തിൽ ആറ് ഷോറൂമുകൾ വരെയായി വ്യാപാരം വ്യാപിപ്പിച്ചു. എന്നാൽ 1990 ആഗസ്റ്റിൽ കുവൈത്ത് അധിനിവേശത്തിൽ എല്ലാം തകർന്നു. തുടർന്ന് ദുബായിലെത്തിയ അദ്ദേഹം അവിടെ ആദ്യ ഷോറൂം തുറന്നു. ക്രമേണെ യുഎഇയിൽ 19 ഷോറൂമുകൾ വരെയായി. മറ്റു ഗൾഫ് രാജ്യങ്ങളിലേക്കും വ്യാപാരം വ്യാപിപ്പിച്ചു.

2015 ആഗസ്തിൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ അദ്ദേഹം 2018 ൽ ജയിലിൽ നിന്നറങ്ങി. വായ്പാ തിരിച്ചടവ് മുടങ്ങിയതിന് ബാങ്ക് ഓഫ് ബറോഡയടക്കം 23 ബാങ്കുകളാണ് അറ്റ്‌ലസ് രാമചന്ദ്രനെതിരേ കേസ് നൽകിയത്.കേസ് അവസാനിക്കാത്തതിനാലും കോടികളുടെ കടബാധ്യതയുള്ളതിനാലും യുഎഇ വിട്ട് പോകാനായില്ല. മസ്‌കറ്റിലുള്ള ആശുപത്രി വിറ്റായിരുന്നു ബാങ്കുകളുടെ കുടിശ്ശികയുടെ ഒരു ഭാഗം അടച്ചുതീർത്തത്. മകൾ മഞ്ജുവും മരുമകൻ അരുണിനും കോടതി ജയിൽ ശിക്ഷ വിധിച്ചിരുന്നു. പുറത്തിറങ്ങിയ ശേഷവും തന്റെ അറ്റ്‌ലസിനെ തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലായിരുന്നു. എല്ലാ പശ്‌നങ്ങളും തീർത്ത് തന്റെ സ്വന്തം തൃശൂരിലേക്ക് മടങ്ങണമെന്ന മോഹം ബാക്കിയാക്കിയാണ് അദ്ദേഹം വിടവാങ്ങിയത്.

ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന പരസ്യവാചകത്തിലൂടെ മലയാളി മനസ്സുകളിൽ സ്ഥിരപ്രതിഷ്ഠ നേടിയ അദ്ദേഹം ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിലെ ഗോൾഡ് പ്രമോഷൻ കമ്മിറ്റിയുടെ ആദ്യ ചെയർമാനായിരുന്നു. വൈശാലി, ധനം, സുകൃതം തുടങ്ങിയ സിനിമകൾ നിർമിച്ച രാമചന്ദ്രൻ അറബിക്കഥ, ടു ഹരിഹർ നഗർ, ബാല്യകാല സഖി, തത്വമസി തുടങ്ങി 13ഓളം സിനിമകളിൽ അഭിനയിച്ചു. 2010ൽ ഹോളിഡേസ് എന്ന സിനിമ സംവിധാനം ചെയ്തു. അഞ്ച് സിനിമകളുടെ വിതരണവും നിർവഹിച്ചു. ഫിലിം മാഗസിനായ ചലച്ചിത്രത്തിന്റെ എഡിറ്ററായിരുന്നു. മലയാളം ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു.

ഈ വർഷം തന്നെ തന്റെ അറ്റ്‌ലസ് വീണ്ടും പ്രവർത്തനക്ഷമമാക്കാനുള്ള ശ്രമത്തിനിടെയായിരുന്നു അന്ത്യം. 'ഇപ്പോഴും ഒരങ്കത്തിനുള്ള ബാല്യമുണ്ട്. ജീവിതം ഇങ്ങനെ നീണ്ടുകിടക്കുകയല്ലേ. ജനകോടികളുടെ വിശ്വസ്ത സ്ഥാപനമായി അറ്റ്‌ലസ് തിരിച്ചുവരു'മെന്ന് രണ്ട് മാസം മുൻപ് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ദുബൈ ബുർജ്മാന് സമീപത്തെ അപ്പാർട്ട്‌മെന്റിലിരുന്ന് അറ്റ്‌ലസ് രാമചന്ദ്രൻ പറഞ്ഞ വാക്കുകളാണിത്. അത്രയേറെ ആത്മ ബന്ധമായിരുന്നു അദ്ദേഹത്തിന് അറ്റ്‌ലസുമായി. അതിന് വേണ്ടിയുള്ള ചർച്ചകൾ നടക്കുന്നതിനിടെയാണ് ഹൃദയാഘാതത്തിന്റെ രൂപത്തിൽ അദ്ദേഹത്തെ മരണം തട്ടിയെടുത്തത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top