25 April Thursday

വിഷ ചികിത്സ; ആന്റി വെനം ക്ഷാമത്തിന് പരിഹാരവുമായി അബുദാബി കമ്പനി

കെ എൽ ഗോപിUpdated: Sunday Oct 30, 2022

അബുദാബി > വിഷപ്പാമ്പുകളേയും തേളുകളേയും വളർത്തി ആന്റി വെനം ശേഖരിച്ചു കൊണ്ട് വിഷ ചികിത്സയ്ക്കുള്ള ആന്റി വെനം ക്ഷാമത്തിന് പരിഹാരം കണ്ടെത്തുന്നതിന് അബുദാബിയിലെ അംസാൽ കമ്പനി.  അബുദാബിയിൽ നിന്ന് 45 കിലോമീറ്റർ അകലെ അൽ വത്ബയിലാണ് ഈ കമ്പനി പ്രവർത്തിക്കുന്നത്. മരുഭൂമിയിലുള്ള തേളുകൾക്കും, പാമ്പുകൾക്കും മാരകമായ വിഷമാണ് ഉള്ളത്. ഇതിനാവശ്യമായ മരുന്ന് ലഭിക്കാത്തതുമൂലം ഒട്ടേറെ പേരാണ് മരണത്തിന് ഇരയാകുന്നത്.

25 ഇനത്തിൽപ്പെട്ട 2000 വിഷപ്പാമ്പുകളും, 45 ഇനത്തിൽപ്പെട്ട വിവിധതരം വിഷ തേളുകളെയുമാണ് ഇവിടെ വളർത്തുന്നത്. പ്രകൃതിദത്തമായ അന്തരീക്ഷത്തിലുള്ള കൂടുകൾ നിർമ്മിച്ചുകൊണ്ട് ലോകാരോഗ്യ സംഘടനയുടെ നിലവാരത്തിനനുസരിച്ചുള്ള ക്രമങ്ങൾ പാലിച്ചുകൊണ്ടാണ് തങ്ങൾ വിഷം ശേഖരിക്കുന്നത് എന്ന് കമ്പനി സിഇഒ മുഹമ്മദ് പറയുന്നു. പച്ചിമേഷ്യയിലും ആഫ്രിക്കയിലും യുഎഇയിലും ആണ് കമ്പനി ശേഖരിക്കുന്ന വിഷം മരുന്ന് ഗവേഷണത്തിനായി ഉപയോഗിക്കുന്നത്. ലോകത്ത് ഓരോ വർഷവും 54 ലക്ഷത്തോളം പാമ്പുകടികൾ ഉണ്ടാകുന്നതായും, ഇതിൽ 27 ലക്ഷം കേസുകളിലും വിഷബാധ ഏൽക്കുകയും, ഒരു ലക്ഷത്തോളം പേർ മരണപ്പെടുകയും, മൂന്നു ലക്ഷത്തോളം പേരുടെ അവയവങ്ങൾ മുറിച്ചു മാറ്റുകയും, മറ്റു വൈകല്യങ്ങൾ സംഭവിക്കുകയും ചെയ്യുന്നതായും ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പറയുന്നു.

ഒരു ഗ്രാം വിഷം ഉണ്ടാക്കണമെങ്കിൽ 1500 മുതൽ 3000 വരെ തേളുകൾ വേണം. ഒരു ഗ്രാം വിഷം കൊണ്ട് ഇരുപതിനായിരം മുതൽ 50,000 ഡോസ് വരെ ആന്റിവെനം ഉൽപ്പാദിപ്പിക്കാൻ കഴിയും. ഒരു ഗ്രാം തേൾ വിഷത്തിന് 7000 മുതൽ 10,000 ഡോളർ വരെയാണ് വില. തേളുകളെ ചെറിയതോതിൽ വൈദ്യുത ആഘാതം ഏൽപ്പിച്ചാണ് വിഷം ശേഖരിക്കുന്നത്. അതേസമയം ഒരു ഗ്രാം പാമ്പ് വിഷം 20 പാമ്പുകളിൽ നിന്നും ശേഖരിക്കാൻ സാധിക്കും. താരതമ്യേന പാമ്പ് വിഷത്തിനേക്കാൾ കൂടുതൽ തേൾ വിഷത്തിനാണ് വില.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top