08 December Friday

പകർച്ചവ്യാധികൾ നേരിടാൻ ഒമാനിൽ ഫ്ലൂ വാക്സിനേഷൻ പ്രോഗ്രാം

വെബ് ഡെസ്‌ക്‌Updated: Thursday Sep 21, 2023


മസ്കറ്റ് > പകർച്ചവ്യാധികളെ ഫലപ്രദമായി നേരിടുന്നതിന്റെ ഭയമായി  ഒമാനിലെ ആരോഗ്യ മന്ത്രാലയം (എംഒഎച്ച്)  വാർഷിക സീസണൽ ഇൻഫ്ലുവൻസ വാക്സിനേഷൻ ക്യാമ്പയിൻ  ആരംഭിച്ചു.  60 വയസും അതിൽ കൂടുതലുമുള്ള ഒമാനി പൗരന്മാരുടെയും പ്രവാസികളുടെയും, മറ്റു ഗുരുതര രോഗങ്ങങ്ങളുള്ളവരുടേയും   ആരോഗ്യം പരിരക്ഷിക്കുന്നതിൽ ക്യാമ്പയിൻ  പ്രത്യേകമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

ഒമാനിലെ പ്രവാസികൾക്കും പകർച്ചവ്യാധികൾക്ക് സൗജന്യ ചികിത്സ ലഭ്യമാകുന്നതാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. പൊതുജനാരോഗ്യത്തിന് ഗണ്യമായ ഭീഷണി ഉയർത്തുന്ന പകർച്ചവ്യാധികളുടെയും സാംക്രമിക രോഗങ്ങളുടെയും സമഗ്രമായ പട്ടിക ആരോഗ്യ മന്ത്രാലയം സമാഹരിച്ചിട്ടുണ്ട്. ഇത്തരം  രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന വ്യക്തികൾക്ക്  മെഡിക്കൽ സേവനങ്ങൾ സൗജന്യമായിരിക്കും. ഏകദേശം 32 രോഗങ്ങളാണ് ഈ പട്ടികയിലുള്ളത്. തദ്ദേശീയരോടൊപ്പം പ്രവാസികൾക്കും ഇത്തരം സേവനങ്ങൾ സൗജന്യമായി ലഭിക്കും.

കോളറ, മഞ്ഞപ്പനി, മലേറിയ,  ക്ഷയരോഗം, പേവിഷബാധ, പ്ലേഗ്, നവജാതശിശുക്കളുടെയും മുതിർന്നവരുടെയും ടെറ്റനസ്, പക്ഷാഘാതം, പീഡിയാട്രിക് എയ്ഡ്സ്, സാർസ്, കോവിഡ് -19 മൂലമുണ്ടാകുന്ന കടുത്ത ശ്വാസകോശ സംബന്ധമായ അണുബാധകൾ, ഇൻഫ്ലുവൻസ വൈറസുകൾ മൂലമുണ്ടാകുന്ന ശ്വാസകോശ സംബന്ധമായ അണുബാധകൾ, ഡിഫ്തീരിയ, കുഷ്ഠം, മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം (മെർസ്), ചിക്കൻപോക്സ് , വസൂരി, 5 വയസ്സിന് താഴെയുള്ള കുട്ടികളിലെ വില്ലൻ ചുമ, എല്ലാത്തരം രക്തസ്രാവ പനികളും, 5 വയസ്സിന് താഴെയുള്ള കുട്ടികളിൽ ന്യൂമോകോക്കസ്, അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിൽ സെറിബ്രോസ്പൈനൽ പനി, മീസിൽസ്, റുബെല്ല, കൺജെനിറ്റൽ റുബെല്ല, ബ്രൂസെല്ല, ഡെങ്കിപ്പനി, മങ്കിപോക്സ്,  ട്രക്കോമ, ഹെപ്പറ്റൈറ്റിസ് ഇ, ഹെപ്പറ്റൈറ്റിസ് എ എന്നിവയാണ് പട്ടികയിൽ ഉൾപ്പെടുന്ന പ്രധാന  രോഗങ്ങൾ. ഇതോടൊപ്പം ലോകാരോഗ്യ സംഘടനയുടെയും പ്രാദേശിക മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിൽ പൊതു ഭീഷണിയായി പരിഗണിക്കപ്പെടുന്ന മറ്റ്   രോഗങ്ങളും പട്ടികയിൽ ഉൾപ്പെടുന്നു.

രക്ത ദാതാക്കളും അവയവ ദാതാക്കളും തുടങ്ങി ആർട്ടിക്കിൾ 4 ൽ പരാമർശിച്ചിട്ടുള്ള വിഭാഗങ്ങളും ഇളവിനർഹരായിരിക്കും. സാമൂഹ്യ സുരക്ഷാ ആനുകൂല്യങ്ങൾ ലഭിക്കുന്നവരും അവരുടെ കുടുംബങ്ങളും, സാമൂഹിക സുരക്ഷാ മാനദണ്ഡങ്ങൾ  പ്രകാരമുള്ള സഹായം കാത്തിരിക്കുന്നവരും  ഫീസ് ഇളവുകൾക്ക് അർഹരാണ്.

സാമൂഹിക വികസന മന്ത്രാലയത്തിന്റെ സംരക്ഷണയിലുള്ള അനാഥർ, രജിസ്റ്റർ ചെയ്ത വൈകല്യങ്ങളുള്ള ഒമാനി വ്യക്തികൾ, രണ്ട് വയസ്സിന് താഴെയുള്ള കുട്ടികൾ, രോഗപ്രതിരോധ പരിപാടിയുടെ ഗുണഭോക്താക്കൾ, ദേശീയ വാക്സിനേഷൻ കാമ്പെയ്നുകളിൽ പങ്കെടുക്കുന്നവർ, ഗർഭിണികളായ ഒമാനി സ്ത്രീകൾ, ഡയാലിസിസ് രോഗികൾ, ക്യാൻസർ രോഗികൾ  തുടങ്ങി വിവിധ മേഖലയിലെ അർഹരായവരെ ഫീസ് ഇളവിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
-----
-----
 Top