25 April Thursday

പ്രവാസികളെ ആർടിപിസിആർ ടെസ്റ്റിന്റെ പേരിൽ കൊള്ളയടിക്കുന്നു; പ്രതിഷേധവുമായി ദുബായിലെ ഇടതുപക്ഷ പ്രവർത്തകർ

വെബ് ഡെസ്‌ക്‌Updated: Thursday Dec 30, 2021

ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ ആർടിപിസിആർ ടെസ്റ്റ് നടത്താൻ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ സ്വകാര്യ കമ്പനികൾ പ്രവാസികളെ കൊള്ളയടിക്കുന്ന വിഷയത്തിൽ പ്രതിഷേധം ശക്തമാക്കേണ്ട സമയം അതിക്രമിച്ചെന്ന് ദുബായിലെ ഇടതുപക്ഷ പ്രവർത്തകർ. കഴിഞ്ഞ ദിവസം, ഗൾഫിലെ ജീവകാരുണ്യ പ്രവർത്തകൻ അഷറഫ് താമരശ്ശേരിയ്ക്കുണ്ടായ അനുഭവത്തെക്കുറിച്ച് സാമൂഹ്യ മാധ്യമത്തിൽ പങ്കുവച്ചത് ചൂണ്ടിക്കാണിച്ചുകൊണ്ട് പ്രതികരിക്കുകയായിരുന്നു ഇടതു പ്രവർത്തകർ.

നമ്മുടെ എയർപോർട്ടുകളിൽ നടക്കുന്ന ആർടിപിസിആർ ടെസ്റ്റിൻ്റെ വിശ്വാസ്യതയാണ് ഇതോടെ നിരന്തരമായി ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. കേന്ദ്ര സർക്കാരിൻ്റെ പൂർണ്ണ നിയന്ത്രണത്തിലാണ് വിമാനത്താവളങ്ങൾ പ്രവർത്തിക്കുന്നത്. എയർപോർട്ട് അതോറിറ്റിയാണ് യാത്രക്കാരുടെ കോവിഡ് ടെസ്റ്റ് നടത്താൻ സ്വകാര്യ ഏജൻസികളെ ഏൽപ്പിച്ചതും നിരക്കുകൾ നിശ്ചയിച്ച് നൽകിയതും. പുറത്ത് 500 രൂപക്ക് ചെയ്യുന്ന ആർടിപിസിആർ ടെസ്റ്റിൻ്റെ നിരക്ക് 2490 രൂപയായി ക്ലിപ്തപ്പെടുത്തി സ്രവ പരിശോധന നടത്തി ലഭിക്കുന്ന സർട്ടിഫിക്കറ്റ് ഇത്തരത്തിൽ വിശ്വാസ്യത ഇല്ലാത്തതു കൂടിയാകുന്നത് പ്രവാസി സമൂഹത്തോടുള്ള കടുത്ത അനീതിയാണ്.

എന്തു കൊണ്ടാണ് ഇങ്ങിനെ ഒരു സ്വകാര്യ കമ്പനിക്ക് തന്നിഷ്ടം പോലെ കൊള്ളയടിക്കുവാൻ അവസരമുണ്ടാകുന്നത് ? അശാസ്ത്രീയമായ പരിശോധനയാണോ ഈ സ്വകാര്യ ഏജൻസി നടത്തുന്നത് ? ഈ ചോദ്യങ്ങൾക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയമാണ് ഉത്തരം നൽകേണ്ടത്. ലാഭ കൊതിയന്മാരായ ഒരു കൂട്ടമാളുകൾക്ക് ടെസ്റ്റ് നടത്തുവാനുള്ള അവകാശം പതിച്ചു നൽകിയത് കേന്ദ്ര സർക്കാരാണ്.

കേരള സർക്കാർ പലതവണ കേന്ദ്ര ഗവ: നെയും വ്യോമയാന വകുപ്പിനെയും നിരക്ക് കുറക്കാനും ഏജൻസികളുടെ വിശ്വാസ്യത ഉറപ്പ് വരുത്താനും ആവശ്യപ്പെട്ട് നിവേദനം നൽകിയതാണ്. മുഖ്യമന്ത്രി നേരിട്ട് ഇക്കാര്യത്തിൽ ഇടപെട്ടതും എല്ലാവർക്കും അറിയുന്നതാണ്. കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ പല അംഗങ്ങളും പ്രവാസികളുടെ വിവിധ പ്രശ്നങ്ങൾ കേന്ദ്ര അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടു വന്നതും ആരും മറന്നു കാണില്ല. എന്നാൽ, മോദി സർക്കാർ പല കാര്യങ്ങളിലുമെന്ന പോലെ ഇക്കാര്യത്തിലും നിഷേധാത്മക നിലപാടാണ് ഇതുവരെയും സ്വീകരിച്ചിരിക്കുന്നത്.

നേരത്തെ, വിമാന താവളങ്ങളിലെ ഈ പരിശോധനകൾ സൗജന്യ നിരക്കിൽ നടത്തുന്നതിന് പ്രവാസി സഹകരണ സംഘത്തെ ചുമതലപ്പെടുത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ ഇത് വ്യക്തമാക്കിയിരുന്നതുമാണ്. എന്നാൽ സുരക്ഷാ കാരണം പറഞ്ഞ് സംസ്ഥാന സർക്കാർ തീരുമാനം എയർപോർട്ട് അതോറിട്ടി ഓഫ് ഇന്ത്യ അംഗീകരിച്ചില്ല. പിന്നീട് സ്വകാര്യ ഏജൻസികളെ അവർ ചുമതലപ്പെടുത്തുകയും ചെയ്യുകയായിരുന്നു. അതുകൊണ്ടുതന്നെ, അഷ്റഫ് താമരശ്ശേരി ചൂണ്ടിക്കാണിച്ച പ്രശ്നത്തിൽ പിണറായി സർക്കാരിന് യാതൊരു പങ്കുമില്ല. രക്തക്കറ മുഴുവൻ കേന്ദ്ര സർക്കാറിൻ്റെ കൈകളിലാണ് പുരണ്ടിരിക്കുന്നത്. തെളിവ് സഹിതമുള്ള അദ്ദേഹത്തിൻ്റെ ഈ അനുഭവം കേന്ദ്ര സർക്കാരിൻ്റെയും വ്യോമയാന വകുപ്പിൻ്റെയും  സജീവ പരിഗണനയിൽ കൊണ്ട് വരാൻ മുഖ്യമന്ത്രിയുടെ ഓഫീസ് നടപടികൾ ആരംഭിച്ചു കഴിഞ്ഞു എന്നത് ആശ്വാസകരമാണ്. ഒപ്പം, പ്രവാസി ദ്രോഹ നിലപാടു തുടരുന്ന കേന്ദ്ര സർക്കാരിനെതിരെ കക്ഷി രാഷ്ട്രീയത്തിനെതിരെ മലയാളികളുടെ പ്രതിഷേധം ഇനിയും ഉയർന്നു വരേണ്ടതുണ്ടെന്ന് ദുബായിലെ ഇടതുപക്ഷ പ്രവർത്തകർ ആയ ലോക കേരള സഭ അംഗം എൻ കെ കുഞ്ഞാഹമ്മദ്, അബ്ദുൾ റഷീദ് എന്നിവർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top