29 March Friday

എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിലക്ക് ദുബായ് നീക്കി

അനസ് യാസിന്‍Updated: Friday Sep 18, 2020
മനാമ: എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ദുബായ് നീക്കി. ശനിയാഴ്ച മുതല്‍ മുന്‍നിശ്ചയിച്ച പ്രകാരം സര്‍വീസ് നടത്തുമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഫെയ്‌സ്ബുക്ക് പേജില്‍ അറിയിച്ചു. 
 
ഡല്‍ഹി, ജയ്പൂര്‍ എന്നിവടങ്ങളില്‍ നിന്നും കൊറോണവൈറസ് പോസിറ്റീവായ രണ്ട് പേരുമായി യാത്ര ചെയ്തതിന്റെ പേരില്‍ വെള്ളിയാഴ്ച മുതല്‍ 15 ദിവസത്തേക്കാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്ക് ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി വിലക്ക് ഏര്‍പ്പെടുത്തിയത്. ഇക്കാര്യം കാണിച്ച് എക്‌സ്പ്രസിന് അധികൃതര്‍ കത്ത് നല്‍കിയിരുന്നു. 
 
വിലക്കിനെ തുടര്‍ന്ന് വെള്ളിയാഴ്ച മുതല്‍ ദുബായില്‍ നിന്നുള്ള എല്ലാ സര്‍വീസുകളും ഷാര്‍ജയിലേക്ക് മാറ്റി. വെള്ളിയാഴ്ച ദുബായില്‍ നിന്നും പുറപ്പെടേണ്ടിയിരുന്ന കോഴിക്കോട്, തിരുവനന്തപുരം, ഡല്‍ഹി, മുംബൈ, കണ്ണൂര്‍ എന്നിവിടങ്ങളിലേക്കുള്ള എക്‌സപ്രസ് സര്‍വീസുകള്‍ ഷാര്‍ജയില്‍ നിന്നാണ് പറന്നുയര്‍ന്നത്.  
 
പ്രശ്‌നത്തിന് കാരണം ഡല്‍ഹി, ജയ്പൂര്‍ വിമാനത്താവളങ്ങളിലെ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണെന്ന് വ്യക്തമാക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റിക്ക് വിശദീകരണം നല്‍കിയിരുന്നു. ജീവനക്കാര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും എക്‌സ്പ്രസ് അറിയിച്ചു. ഇരുരാജ്യങ്ങളുടേയും വ്യോമയാന മന്ത്രി തലത്തിലും പ്രശ്‌നം ചര്‍ച്ച ചെയ്തു. ഇതേതുടര്‍ന്നാണ് വിലക്ക് നീക്കിയത്. 
 
സെപ്റ്റംബര്‍ നാലിനാണ് ജയ്പൂര്‍-ദുബായ് വിമാനത്തില്‍ കോവിഡ് രോഗിയായ യാത്രക്കാരനെ കയറ്റിയത്. പോസിറ്റീവായ ഒരു യാത്രക്കാരനെ ഡല്‍ഹിയില്‍ നിന്നും കറ്റിയതിനെതിരെ സെപ്റ്റംബര്‍ രണ്ടിന് എയര്‍ലൈന്‍സിന് അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നു. 
 
 
കോവിഡ് രോഗികളുമായുള്ള യാത്രയുടെ പേരില്‍ ഇത് രണ്ടാം തവണയാണ് ഇന്ത്യന്‍ വിമാനങ്ങള്‍ വിലക്ക് നേരിടുന്നത്. ആഗസ്തില്‍ കോവിഡ് രോഗികളുമായി യാത്ര ചെയ്തതിന് ഹോങ്കോംഗ് സര്‍ക്കര്‍ എയര്‍ ഇന്ത്യക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഡല്‍ഹിയില്‍ നിന്ന് എത്തിയ വിമാനത്തില്‍ 11 പേര്‍ക്ക് കോവിഡ് പോസിറ്റീവായതാണ് സര്‍ക്കാര്‍ നടപടിക്ക് കാരണമായത്.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top