26 April Friday

'ഹിന്ദുത്വ'ത്തിനു ഹിന്ദുമതവിശ്വാസവുമായി യാതൊരു ബന്ധവും ഇല്ല: - കെ. ജയദേവൻ

വെബ് ഡെസ്‌ക്‌Updated: Thursday Nov 10, 2022

അബുദാബി ശക്തി തിയറ്റേഴ്‌സിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സെമിനാറിൽ കെ. ജയദേവൻ സംസാരിക്കുന്നു.

അബുദാബി> ഹിന്ദു മത വിശ്വാസമായോ, ആചാരാനുഷ്ഠാനങ്ങളുമായോ യാതൊരു ബന്ധമില്ലാത്ത ഒന്നാണ് ഹിന്ദുത്വം. ഹിന്ദുമത ഗ്രന്ഥങ്ങളിലും ഹിന്ദുമത പ്രത്യയശാസ്ത്രങ്ങളിലും ഒരിടത്തും ഹിന്ദുത്വം എന്ന വാക്ക് കാണാനാവില്ല.  1920 നു ശേഷം സവർക്കാറാണ് ഹിന്ദുത്വം എന്ന പദം ആദ്യമായി ഉപയോഗിച്ചതെന്ന് സാംസ്കാരിക പ്രവർത്തകൻ കെ. ജയദേവൻ അഭിപ്രായപ്പെട്ടു. അബുദാബി ശക്തി തിയ്യറ്റേഴ്‌സിന്റെ ആഭിമുഖ്യത്തിൽ 'കേരളീയതയുടെ വർത്തമാനം എന്ന വിഷയത്തെ അധികരിച്ച് സംഘടിപ്പിച്ച സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം..

ഹിന്ദുത്വ ശക്തിയും ആഗോള മൂലധനവും ശ്രദ്ധയോടെ ഇടപെടുന്ന ഒന്നാണ് സംസ്കാരം. അതുകൊണ്ട് തന്നെയാണ് ശുദ്ധ അസംബന്ധമാണെന്ന് അറിഞ്ഞിട്ടുപോലും വെളുക്കാൻ വേണ്ടി കുങ്കുമപ്പൂ പാലിൽ കലക്കി കുടിക്കുന്നതും ഐശ്വര്യം ലഭിക്കുന്നതിന് വേണ്ടി അക്ഷയതൃദീയ ദിനത്തിൽ സ്വര്ണക്കടയ്ക്ക് മുന്നിൽ ക്യൂ നിൽക്കുന്നതും.

അവനവനെ ഓർത്ത് സ്വയം അഭിരമിക്കുന്നവർ തങ്ങളാരാണെന്നും തങ്ങളുടെ ന്യൂനതകൾ എന്താണെന്നും തിരിച്ചറിയണമെങ്കിൽ അവനവനിൽ നിന്നും പുറത്ത് കടന്ന് അവനവനിലേക്ക് നോക്കണം. പുരോഗമനത്തിന്റെ കാല് മുന്നിലും സംസ്കാരത്തിന്റെ കാല് പുറകിലുമായാണ് മലയാളികൾ സഞ്ചരിക്കുന്നത്. ആ നിൽപ്പിന്റെ ലക്ഷണമാണ് നമ്മുടെ നാട്ടിൽ ആഭിചാരക്കൊലയിലൂടെയും, ദുര്മന്ത്രവാദത്തിലൂടെയും, ഐശ്വര്യത്തിനായുള്ള നരബലിയിലൂടെയുമെല്ലാം നാം കണ്ടുകൊണ്ടിരിക്കുന്നത്. അദ്ദേഹം തുടർന്ന് പറഞ്ഞു.

ശക്തി പ്രസിഡന്റ് ടി. കെ. മനോജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ 2022 ലെ അബുദാബി ശക്തി അവാർഡ് ജേതാവ് സുറാബിനെ ആദരിച്ചു.സുനിൽ മാടമ്പിയുടെ 'പെനാൽറ്റി ബോക്സി'ന്റെ ആദ്യകോപ്പി കെ. ജയദേവൻ കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് വി. പി. കൃഷ്ണകുമാറിന് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു. കഥാകൃത്ത് അർഷദ് ബത്തേരി പുസ്തകത്തെ പരിചയപ്പെടുത്തി.  
ലോക കേരള സഭ അംഗം എ. കെ. ബീരാൻകുട്ടി ആശംസകൾ നേർന്നു.ചടങ്ങിൽ ശക്തി ജനറൽ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി സ്വാഗതവും സാഹിത്യവിഭാഗം സെക്രട്ടറി ബാബുരാജ് കുറ്റിപ്പുറം നന്ദിയും പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top