17 August Wednesday

കൂടല്ലൂർ എംടികഥകളിൽ; ശക്തി സാഹിത്യ സായാഹ്നം ശ്രദ്ധേയമായി

വെബ് ഡെസ്‌ക്‌Updated: Monday Jul 4, 2022

അബുദാബി>  മലയാള സാഹിത്യലോകത്തിലെ അതികായനായ എംടിയെ ഏറെ സ്വാധീനിച്ച കൂടല്ലൂരിനെയും എംടി കഥകളിലെ കൂടല്ലൂരിലെ ഓരോ കഥാപാത്രങ്ങളെയും ചർച്ചയ്ക്ക് വിധേയമാക്കിക്കൊണ്ട് ശക്തി തിയറ്റേഴ്‌സ് സംഘടിപ്പിച്ച സാഹിത്യ സായാഹ്നം വേറിട്ടൊരനുഭവമായി.'കൂടല്ലൂർ; എംടി കഥകളിൽ' എന്ന വിഷയത്തെ അധികരിച്ച് എംടിയുടെ കുടുംബാംഗമായ എം. ടി. റാണി മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. എംടിയുടെ കുടുംബ പശ്ചാത്തലവും എംടി കഥകൾക്ക് വിഷയമായിത്തീർന്ന കഥാപാത്രങ്ങളെയും പ്രദർശിപ്പിച്ചുകൊണ്ട് അവതരിപ്പിച്ച പ്രഭാഷണം എഴുത്തിലൂടെ മാത്രം അറിഞ്ഞ എംടിയുടെ മറ്റൊരു ലോകം തുറന്നു കാണിക്കുകയായിരുന്നു.

നഗരത്തിന്റെ ഏകാന്തതയിലിരുന്ന് എഴുത്തില്‍ ഗ്രാമജീവിതത്തിന്റെ കഥാലോകം സൃഷ്ടിച്ച എംടിയുടെ മനസില്‍ നിറഞ്ഞു നിൽക്കുന്ന കൂടല്ലൂര്‍ പോലെ മറ്റൊരു ദേശം ഉണ്ടായിരിക്കില്ല എന്ന് എം. ടി. റാണി അഭിപ്രായപ്പെട്ടു.ലോകസാഹിത്യഭൂപടത്തിൽ കൂടല്ലൂർ എന്ന ചെറിയ ഗ്രാമത്തെ മിഴിവോടെ വരച്ചിട്ട എഴുത്തുകാരനാണ് എംടി. കുടല്ലൂരിന്റെ കഥാകാരൻ എന്നതു തുടക്കത്തിൽ എംടിക്കു കീർത്തിമുദ്രയായിരുന്നെങ്കിൽ പിന്നീട് ഒഴിയാബാധയായി മാറുകയായിരുന്നു. കൂടല്ലൂരിനപ്പുറം എംടിക്ക് മറ്റൊരു ലോകം ഇല്ലെന്ന രീതിയിൽ.

പാടത്തിന്റെ കരയിലെ ഒരു തകർന്ന തറവാട്ടുവീടിന്റെ മുകളിൽ ചാരുപടിയുടെ മുമ്പിൽ അരണ്ട വെളിച്ചത്തിൽ എഴുതിയ സാധനങ്ങൾ വീണ്ടും അയവിറക്കിയും എഴുതാനുദ്ദേശിക്കുന്നവയെക്കുറിച്ചു വീണ്ടും സ്വപ്നങ്ങൾ നെയ്തെടുക്കുകയും ചെയ്ത ലോക സാഹിത്യത്തിലെ എംടിയെ ഞങ്ങൾ ഉണ്ണിമാമ എന്നാണ്‌ വിളിച്ചു പോന്നിരുന്നത്.
കൂടല്ലൂര്‍ എന്ന പാലക്കാടന്‍ ഗ്രാമത്തില്‍ നിന്നാണ് ഭൂരിഭാഗം കഥാപാത്രങ്ങളെയും കഥാതന്തുക്കളെയും എംടി ലോക സാഹിത്യത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. മനുഷ്യമനസ്സിന്റെ നിഗൂഢതകള്‍ തേടി കൂടല്ലൂരിലെ കുന്നിന്‍പുറങ്ങളിലും ഇടവഴികളിലും എം.ടി. യുടെ സഞ്ചാരം നേരിട്ടനുഭവിക്കാൻ കഴിഞ്ഞത് ഇന്നും മനസ്സിൽ അഭിമാനമായി കൊണ്ട് കൊണ്ട് നടക്കുകയാണെന്ന് റാണി കൂട്ടിച്ചേർത്തു.

എംടിയുടെ കഥകളിലെ സ്ത്രീ സാന്നിധ്യം എന്ന വിഷയത്തെ ആസ്പദമാക്കി ബിന്ദു ഷോബി അനുബന്ധ പ്രഭാഷണം നിർവ്വഹിച്ചു. എംടിയുടെ 'വാനപ്രസ്ഥം എന്ന കഥയുടെ സംക്ഷിപ്ത രൂപം ശക്തി ബാലസംഘം സെക്രട്ടറി അക്ഷര സജീഷ് അവതരിപ്പിച്ചു.
ശക്തിയുടെ ചർച്ചാവേദിയായ അകത്തളത്തിൽ ശക്തി പ്രസിഡന്റ് ടി. കെ. മനോജിന്റെ അധ്യക്ഷതയിൽ ചേർന്ന സെമിനാറിൽ ജനറൽ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി, കേരള സോഷ്യൽ സെന്റർ സാഹിത്യ വിഭാഗം സെക്രട്ടറി  പ്രദീപ് കുറ്റിക്കോൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

പ്രശസ്ത നാടക ചലച്ചിത്ര സീരിയൽ നടൻ വി. പി. ഖാലിദിന്റെ വേർപാടിൽ അനുശോചിച്ചുകൊണ്ടാണ് യോഗ നടപടികൾ ആരംഭിച്ചത്.ചടങ്ങിൽ ശക്തി സാഹിത്യ വിഭാഗം സെക്രട്ടറി ബാബുരാജ് കുറ്റിപ്പുറം സ്വാഗതവും അസിസ്റ്റന്റ് ട്രഷറർ റാണി സ്റ്റാലിൻ നന്ദിയും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top