25 April Thursday

അബുദാബി ശക്തി അവാര്‍ഡ് സമര്‍പ്പണം ഡിസംബര്‍ 4 ന് തിരുവനന്തപുരത്ത്

സഫറുള്ള പാലപ്പെട്ടിUpdated: Tuesday Nov 29, 2022

അബുദാബി>  36 ാമത് അബുദാബി ശക്തി അവാര്‍ഡ് സമര്‍പ്പണം ഡിസംബര്‍ 4ന് ഉച്ചക്ക് 2 ന് തിരുവനന്തപുരം തൈക്കാട് ഭാരത് ഭവന്‍ ഹാളില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നിര്‍വ്വഹിക്കും. മലയാളത്തിലെ സര്‍ഗ്ഗധനരായ എഴുത്തുകാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനായി ശക്തി തിയറ്റേഴ്‌സ് അബുദാബി 1987 ല്‍ ഏര്‍പ്പെടുത്തിയതാണ് അബുദാബി ശക്തി അവാര്‍ഡ്.

കവിത, നോവല്‍, ചെറുകഥ, വൈജ്ഞാനിക സാഹിത്യം, ബാലസാഹിത്യം, നാടകം എന്നീ ശാഖകളില്‍ പെടുന്ന കൃതികള്‍ക്കാണ് അബുദാബി ശക്തി അവാര്‍ഡ് നല്‍കിവരുന്നത്. കേരള സാഹിത്യ അക്കാഡമി അവാര്‍ഡ് കഴിഞ്ഞാല്‍ എല്ലാവര്‍ഷവും മലയാളത്തിലെ എല്ലാ സാഹിത്യ ശാഖകള്‍ക്കും നല്‍കിവരുന്ന ഒരേയൊരു അവാര്‍ഡാണ് അബുദാബി ശക്തി അവാര്‍ഡ്. കൂടാതെ, ശക്തി തിയറ്റേഴ്‌സും പ്രമുഖ സാഹിത്യ നിരൂപകന്‍ തായാട്ട് ശങ്കരന്റെ ഭാര്യ പ്രൊഫ. ഹൈമവതി തായാട്ടും സംയുക്തമായി 1989 ല്‍ ഏര്‍പ്പെടുത്തിയ ശക്തി തായാട്ട് അവാര്‍ഡും, ശക്തി അവാര്‍ഡ് കമ്മിറ്റി രൂപീകരിച്ചതുമുതല്‍ 2006 വരെ അവാര്‍ഡ് കമ്മിറ്റി ചെയര്‍മാനായിരുന്ന മുന്‍ മന്ത്രി ടി. കെ. രാമകൃഷ്ണന്റെ സ്മരണയ്ക്കായി സാംസ്‌കാരിക, വൈജ്ഞാനിക, സാമൂഹ്യ സേവനരംഗങ്ങളില്‍ മികവ് തെളിയിച്ച വ്യക്തികള്‍ക്ക് 2007 മുതല്‍ നല്‍കിവരുന്ന ശക്തി ടി. കെ. രാമകൃഷ്ണന്‍ പുരസ്‌കാരവും, 2014 മുതല്‍ ഇതര സാഹിത്യ കൃതികള്‍ക്ക് നല്‍കിവരുന്ന ശക്തി എരുമേലി പുരസ്‌കാരവും ഇതോടൊപ്പം നല്‍കുന്നതാണ്.

ഡോ. ബി. വി. ശശികുമാര്‍ (ഇതര സാഹിത്യം), ഡോ. എം. ആര്‍. രാഘവ വാര്യര്‍ , (സമഗ്ര സംഭാവന), കവിത ബാലകൃഷ്ണന്‍ (വൈജ്ഞാനിക സാഹിത്യം), കെ. സുധീഷ് (വൈജ്ഞാനിക സാഹിത്യം), രവിവര്‍മ തമ്പുരാന്‍ (നോവല്‍), കെ. രേഖ (ബാലസാഹിത്യം), സുധീഷ് കോട്ടേമ്പ്രം (കവിത), സുറാബ് (കവിത), എം. രാജീവ് കുമാര്‍ (നാടകം), സി. അനൂപ് (കഥ), വി. കെ. ദീപ (കഥ) എന്നിവരാണ് ഈ വര്‍ഷത്തെ അവാര്‍ഡുകള്‍ക്ക് അര്‍ഹരായവര്‍.

അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ പി കരുണാകരന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന അവാര്‍ഡ് സമര്‍പ്പണ സമ്മേളനത്തിൽ  പ്രൊഫ. വി എന്‍ മുരളി തായാട്ട് അനുസ്മരണ പ്രഭാഷണം നിര്‍വ്വഹിക്കും. കവി എന്‍. പ്രഭാവര്‍മ്മ അവാര്‍ഡ് കൃതികളെ പരിചയപ്പെടുത്തും. അഡ്വ. വി. ജോയ്, എം.എല്‍.എ, അവാര്‍ഡ് കമ്മിറ്റി കണ്‍വീനര്‍ എ കെ. മൂസ , സിപിഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, സാക്ഷരത മിഷന്‍ ഡയറക്ടര്‍ പ്രൊഫ. എ  ജി. ഒലീന, ശക്തി തിയറ്റേഴ്‌സ് പ്രസിഡന്റ് ടി. കെ. മനോജ്, മുന്‍ പ്രസിഡന്റ് അഡ്വ. അന്‍സാരി സൈനുദ്ധീന്‍, ജനറല്‍ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി, ഭാരത് ഭവന്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍, കെ. സി. സജീവ്, സി. അശോകന്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് ശക്തി തിയറ്റേഴ്‌സ് അബുദാബി ഭാരവാഹികള്‍ അറിയിച്ചു..


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top