അബുദാബി> അബുദാബി കേരള സോഷ്യൽ സെന്റർ പ്രവാസവും ഇന്ത്യൻ മഹാസമുദ്രവും എന്ന വിഷയത്തിൽ ചുറ്റുവട്ടം പരിപാടിയിൽ സാഹിത്യ ചർച്ച നടത്തി.
ചർച്ചയിൽ ഡോ. അബ്ദുൾ ലത്തീഫ്, മുസഫർ അഹമ്മദ് എന്നിവർ വിഷയമവതിപ്പിച്ച് സംസാരിച്ചു. ഇന്ത്യൻ മഹാസമുദ്രവും മലബാറും എന്ന മഹമ്മൂദ് കൂറിയുടെ പുസ്തകത്തിൻെറ വിവർത്തകനാണ് ഡോ. അബ്ദുൾ ലത്തീഫ്. പുസ്തകത്തിൻെറ ഉള്ളടക്കത്തെ കുറിച്ച് അദ്ദേഹം ചുരുക്കി അവതരിപ്പിച്ചു.
ഇന്ത്യയെ മൊത്തത്തിലെടുത്താൽ വിവിധങ്ങളായ സാംസ്കാരീക വിനിമയങ്ങൾ നടന്നിട്ടുണ്ടെങ്കിലും സൂഷ്മമായി പരിശോധിച്ചാൽ കടൽക്കരയിലെ കേരള തീരത്തുള്ള മനുഷ്യർക്ക് ഇന്ത്യയുടെ മറ്റു പ്രദേശങ്ങളിലുള്ള മനുഷ്യർക്ക് കിട്ടിയതിനേക്കാൾ കൂടുതൽ സാംസ്കാരിക അനുഭവങ്ങൾ കിട്ടിയിരിക്കുന്നത് കടലിൻെറ മറുകരയിൽ നിന്നാണ്. പ്രധാനമായും ഗൾഫ് നാടുകളും കടന്ന് ഉത്തരാഫ്രിക്കൻ ഭാഗങ്ങളിൽ നിന്നാണ്. കേരളത്തിലെ അതേ സാമഗ്രികൾ, വസ്തുക്കൾ, മരങ്ങൾ, നാമങ്ങൾ എല്ലാം ഈ പ്രദേശങ്ങളിൽ സുപരിചിതമായി കാണാൻ കഴിയുന്നു. ഓലയും, കള്ള് ചെത്തുമൊക്കെ അവിടെയും കാണുന്നു. ഇതൊക്കെ കേരളത്തിലേക്ക് വന്നത് ഉത്തരാഫ്രിക്കയിൽ നിന്നാണെന്ന് വേണം കരുതാൻ. കേരളവുമായി ബന്ധപ്പെട്ട രേഖകൾ അമ്പത് ലോകഭാഷകളിലായി ചിതറി കിടപ്പുണ്ടെന്നാണ് മഹമൂദ് കൂറി പറയുന്നത്.
മലയാളം. തമിഴ്, സംസ്കൃതം, തെലുങ്ക്, കൊറ്സോണി, അറബ് മലയാളം, ഹിബ്രു മലയാളം, വട്ടെഴുത്ത് മലയാളം, പേർഷ്യൻ, ഉത്തരാഫ്രിക്കൻ ഭാഷകളിൽ, ഇൻഡോനേഷ്യൻ ഭാഷയിൽ, ഫ്രെഞ്ച്, ഡച്ച്, ലാറ്റിൻ, പോർച്ചുഗീസ്. പോർച്ചുഗലിലെ ലൈബ്രററികളിൽ മലയാളവുമായി ബന്ധപ്പെട്ട് നൂറു കണക്കിന് ബോഷറുകൾ ഉണ്ട്. ഇങ്ങനെ കേരളത്തിൻെറ ചരിത്രം ഇത്രയും ഭാഷകളിൽ ഒളിഞ്ഞു കിടക്കുമ്പോൾ നമ്മുടെ ചരിത്ര പഠനങ്ങൾ മുന്നോ നാലോ ഭാഷകളിൽ അടിസ്ഥാനപ്പെടുത്തി മാത്രമാണ് നടക്കുന്നത്. കേട്ടതിനേക്കാൾ കൂടുതൽ കേൾക്കാനിരിക്കുന്നു. കോഴിക്കോട് മിസ്ക്കാൽ പള്ളി, അടിമത്തത്തിൽ മോചിതനായ അടിമ തൻെറ സമ്പാദ്യത്തിൻെറ ഒരു ഭാഗം ചിലവാക്കി നിർമിച്ചതാണ്. ഈ അടിമയെ പുറം രാജ്യത്തു നിന്നെവിടെ നിന്നോ വാങ്ങി കൊണ്ടുവന്നതാണ്. മിസ്ക്കാൽ എന്നത് ഏതോ പുറം രാജ്യത്തിൻെറ നാണയമാണ്. ഇങ്ങനെ ദേശാന്തരങ്ങളിലൂടെയുള്ള പ്രവാസ മനുഷ്യവർഗ്ഗത്തിൻെറ സഞ്ചാര ചരിത്രം വിവിധ രാജ്യങ്ങളിൽ ചരിത്രരേഖകളിൽ ഉറങ്ങികിടപ്പുണ്ടെന്നും, കലർപ്പില്ലാത്ത ഒരു മനുഷ്യനും ലോകത്തെവിടെയും ജീവിച്ചിരിപ്പില്ലെന്നും ഇന്ത്യൻ മഹാസമുദ്രവും മലബാറും എന്ന പുസ്തകം മലയാളത്തിലേക്ക് തർജമ ചെയ്ത ഡോ. അബ്ദുൾ ലത്തീഫ് പറഞ്ഞു.
വി. മുസഫർ അഹമ്മദ് പ്രവാസത്തിൻെറ ചരിത്രം പ്രവാസികൾ രേഖപ്പെടുത്തേണ്ടതുണ്ടെന്നും, ഇതു വരെയും അതിനുള്ള ശ്രമം എവിടേയും നടന്നിട്ടില്ലെന്നും അതിനുള്ള ശ്രമം ഇനിയെങ്കിലും ഉണ്ടെന്നും ഗൾഫ് പ്രവാസികളെ അദ്ദേഹം ഓർമ്മിപ്പിച്ചു. കേരള സോഷ്യൽ സെൻ്റർ പ്രസിഡണ്ട് എ.കെ.ബീരാൻ കുട്ടി അദ്ധ്യക്ഷനായി. സാഹിത്യ വിഭാഗം സെക്രട്ടറി റഫീക്ക് അലി സ്വാഗതവും, കലാവിഭാഗം അസിസ്റ്റൻ്റ് സെക്രട്ടറി ബാദുഷ നന്ദിയും രേഖപ്പെടുത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..