29 March Friday
പപ്പന്‍ ചിരന്തനയുടെ നിര്യാണത്തില്‍ അനുശോചനം

അരങ്ങിന് നഷ്ടപ്പെട്ടത് സര്‍ഗാത്മക കലാകാരനെ: ബഹ്‌റൈന്‍ പ്രതിഭ

വെബ് ഡെസ്‌ക്‌Updated: Wednesday Jan 12, 2022

മനാമ > പ്രമുഖ നാടക പ്രവര്‍ത്തകനും സിനിമാ സീരിയല്‍ നടനും പ്രതിഭ പ്രവര്‍ത്തകനുമായിരുന്ന പപ്പന്‍ ചിരന്തനയുടെ നിര്യാണത്തില്‍ ബഹ്‌റൈന്‍ പ്രതിഭ അനുശോചിച്ചു. സര്‍ഗ്ഗാത്മകമായ ഒരു കാലകാരനെയും പൊതുപ്രവര്‍ത്തകനെയുമാണ് നഷ്ടപ്പെട്ടതെന്ന് അനുശോചന യോഗം അഭിപ്രായപ്പെട്ടു. കലാകാരന്‍മാരെ വലിപ്പ ചെറുപ്പ മില്ലാതെ വിലമതിച്ച അദ്ദേഹം മികച്ച നാടക സംസ്‌ക്കാരമാണ് പ്രതിഭക്ക് നല്‍കിയത്. നടനെന്ന നിലയിലും സംവിധായകനെന്ന നിലയിലും സഹപ്രവര്‍ത്തകര്‍ക്ക് അദ്ദേഹം ആത്മവിശ്വാസം പകര്‍ന്നു നല്‍കി.

കണ്ണൂര്‍ ജില്ലയിലെ നെരുവമ്പ്രം പാലങ്ങാട്ട് വീട്ടില്‍ പത്മനാഭന്‍ (68) എന്ന പപ്പന്‍ ചിരന്തന കഴിഞ്ഞ ദിവസമാണ് നിര്യാതനായത്.  1970 കാലത്ത് കുറുവാട് ബ്രാഞ്ചിന്റെ കീഴിലെ ഗ്രൂപ്പ് കമ്മിറ്റിയിലൂടെ  പാര്‍ട്ടിയിലേക്ക് കടന്നുവന്ന അദ്ദേഹം ബഹറില്‍ പ്രതിഭ, കേരള സമാജം തുടങ്ങിയ സംഘടകളിലും നേതൃത്വപരമായ പങ്കു വഹിച്ചു.
പ്രവാസി ജീവിതത്തിനു ശേഷം നെരുവമ്പ്രത്തെ കലാ സാംസ്‌ക്കാരിക രാഷ്ട്രീയ രംഗത്ത് നിറ സാന്നിദ്ധ്യമായിരുന്നു. ഏഴോം ഫൈനാര്‍ട്ട് സ് സൊസൈറ്റിയുടെ (ഫെയ്‌സ് ) സെക്രട്ടറി, നെരുവമ്പ്രം ജനകീയ കലാസമിതിയുടെ സെക്രട്ടറി, ഗാന്ധി സ്മാരക ഗ്രന്ഥാലയം പ്രവര്‍ത്തക സമിതി അംഗം, പുരോഗമന കലാ സാഹിത്യ സംഘം ഏഴോം യൂണിറ്റ് സെകട്ടറി, സിപിഐഎം നെരുവമ്പ്രം ബ്രാഞ്ച് അംഗം, നാടക് ജില്ലാ കമ്മറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. ദീര്‍ഘകാലം കോഴിക്കോട് ചിരന്തന തീയേറ്റേഴ്‌സില്‍ പ്രൊഫഷണല്‍ നാടകനടനായും പ്രവര്‍ത്തിച്ചു.

കുറുവാട് യുവജന കലാസമിതിയിലൂടെയാണ് നാടക പ്രവേശനം. കാലനേമി, രാജസഭ, മേടപത്ത്, യന്ത്രപ്പാവ, ട്രുത്ത് ഇന്ത്യ ടിവി ചാനല്‍, സ്വയം വരം,  മണ്ണ്, എന്റെ പുള്ളി പയ്യ് കരയുന്നു തുടങ്ങിയ നിരവധി നാടകങ്ങളില്‍ വേഷമിട്ടു. എന്‍ഡോ സള്‍ഫാന്‍ ഇരകളുടെ കഥ പറയുന്ന അമീബ എന്ന സിനിമയില്‍ ശ്രദ്ധേയമായ വേഷം ചെയ്തു.  സ്‌നേഹ വീട്, ചായില്യം, പേടിതൊണ്ടന്‍ എന്നീ സിനിമകളിലും അഭിനയിച്ചു. നിരവധി അമേച്വര്‍ നാടകങ്ങളുടെ സംവിധായകനും ഷോര്‍ട്ട് ഫിലിം അഭിനേതാവുമായിരുന്നു.

വിവി ദാക്ഷായണിയാണ് ഭാര്യ. മക്കള്‍: പ്രീത, പ്രവീണ്‍ (ബഹ്‌റൈന്‍) മരുമക്കള്‍: കെസി രാജന്‍, രേവതി.

കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഉണ്ടായ ദുഃഖത്തില്‍ പ്രതിഭ പ്രവര്‍ത്തകരും പങ്ക് ചേരുന്നതായി അനുശോചന സന്ദേശത്തില്‍ അറിയിച്ചു.

പ്രതിഭയില്‍ ചേര്‍ന്ന അനുസ്മരണ യോഗത്തില്‍ വൈസ് പ്രസിഡന്റ് ശശിധരന്‍ ഉദിനൂര്‍ അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി പ്രദീപ് പതേരി സ്വാഗതം പറഞ്ഞു. മുഖ്യ രക്ഷാധികാരി പി ശ്രീജിത് അനുശോചന പ്രമേയം അവതരിപ്പിച്ചു. രക്ഷാധികാരി സമിതി അംഗം സുബൈര്‍ കണ്ണൂര്‍, എവി അശോകന്‍, വീരമണി, രാമചന്ദ്രന്‍ ഒഞ്ചിയം, ഷെറീഫ് കോഴിക്കോട്, ട്രഷറര്‍ മിജോഷ് മൊറാഴ,  നാടക പ്രവര്‍ത്തകനും പപ്പന്‍ ചിരന്തനയുടെ സുഹൃത്തുമായ കൃഷ്ണകുമാര്‍ പയ്യന്നൂര്‍, ഷീജ വീരമണി, ഷീബ രാജീവന്‍, മനോജ് തേജസ്വിനി, ഗണേശ് കുറാറ എന്നിവര്‍ സംസാരിച്ചു.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top