29 March Friday

കായിക മത്സരങ്ങള്‍ക്കിടെ അക്രമം നടത്തിയാല്‍ സൗദിയില്‍ ഏഴുവര്‍ഷം തടവും അഞ്ചു ലക്ഷറം റിയാല്‍ പിഴയും

അനസ് യാസിന്‍Updated: Wednesday May 17, 2023
മനാമ >  സൗദിയില്‍ കായിക മത്സരങ്ങള്‍ക്കിടെ കലാപവും മറ്റ് അക്രമങ്ങളും നടത്തുന്നവര്‍ക്ക് കര്‍ശന ശിക്ഷയും പിഴയും. പുതിയ കായിക നിയമ പ്രകാരം ഇത്തരം അക്രമികള്‍ക്ക് ഏഴ് വര്‍ഷം വരെ തടവോ 500,000 റിയാല്‍(ഏതാണ്ട് 1.10 കോടി രൂപ) പിഴയോ രണ്ടും ഒരുമിച്ചോ ചുമത്തും.
 
അക്രമം, അടിപിടി, പരിപാടി അലങ്കോലമാക്കല്‍, വേദിയിലെ മറ്റുള്ളവരുടെ സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തല്‍, സൗകര്യങ്ങള്‍ നശിപ്പിക്കല്‍ തുടങ്ങിയ എല്ലാ ആക്രമണങ്ങളും ഇതിന്റെ പരിധിയില്‍ വരും. കൂടാതെ, ലൈസന്‍സില്ലാത്ത സ്ഥാപനം കായിക സ്ഥാപനമാണെന്ന് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാന്‍ പേരുകളും അടയാളങ്ങളും ഉപയോഗിക്കുന്നത് കുറ്റത്തിന്റെ പരിധിയില്‍ വരും.
 
സ്‌റ്റേഡിയത്തില്‍ വിദ്വേഷം, വംശീയ വിവേചനം, കായിക ഭ്രാന്ത് എന്നിവ വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ ജനിപ്പിക്കും വിധം പെരുമാറുന്ന കാണികള്‍ക്ക് 1,00,000 റിയാല്‍ (ഏതാണ്ട്് 21.92 ലക്ഷം രൂപ) വരെ പരമാവധി പിഴ ചുമത്തും. അവഹേളനപരവും പൊതു ധാര്‍മ്മികതയ്ക്ക് വിരുദ്ധവുമായ പ്രവൃത്തികള്‍, പ്രസ്താവനകള്‍, മത്സരം തടസ്സപ്പെടുത്തല്‍, കായിക മന്ത്രാലയത്തിന്റെ ഇന്‍സ്‌പെക്ടര്‍മാരെ അവരുടെ ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ നിന്ന് തടയല്‍, അല്ലെങ്കില്‍ അവര്‍ക്ക് തെറ്റായ വിവരം നല്‍കല്‍ എന്നിവയും ഒരു ലക്ഷം റിയാല്‍ പിഴ ക്ഷണിച്ചുവരുത്തും.
 
പുതിയ ചട്ടങ്ങള്‍ അനുസരിച്ച്, സ്‌പോര്‍ട്‌സ് കമ്പനി സ്ഥാപിക്കുന്നതിന് മുമ്പ് സ്‌പോര്‍ട്‌സ് ക്ലബ്ബുകള്‍ കായിക മന്ത്രാലയത്തില്‍ നിന്ന് ലൈസന്‍സ് നേടിയിരിക്കണം. സ്‌പോര്‍ട്‌സ് സ്ഥാപനങ്ങളെ അവരുടെ ഇറക്കുമതിയുടെ കസ്റ്റംസ് തീരുവയില്‍ നിന്ന് ഒഴിവാക്കുമെന്നും വ്യവസ്ഥ ചെയ്യുന്നു.
 
പുതിയ നിയമം ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച് 180 ദിവസത്തിന് ശേഷം പ്രാബല്യത്തില്‍ വരും. ഈ നിയമം സ്‌പോര്‍ട്‌സ് ഫെഡറേഷനുകളുടെയും സൗദി അറേബ്യന്‍ ഒളിമ്പിക് കമ്മിറ്റിയുടെയും അടിസ്ഥാന നിയമത്തിന് പകരമാണ്. കൂടാതെ പുതിയ നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായ എല്ലാം അസാധുവാക്കുകയും ചെയ്യുന്നു.

 

 

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top