12 July Saturday

ബഹ്‌റൈനില്‍ 10 ശതമാനം വാറ്റ് പ്രാബല്യത്തില്‍

അനസ് യാസിന്‍Updated: Sunday Jan 2, 2022
 
മനാമ: ബഹ്‌റൈനില്‍ വര്‍ധിപ്പിച്ച മൂല്യവര്‍ധിത നികുതി (വാറ്റ്) പുതുവര്‍ഷത്തില്‍ പ്രാബല്യത്തില്‍ വന്നു. നേരത്തെയുണ്ടായിരുന്ന 5 ശതമാനത്തില്‍ നിന്ന് 10 ശതമാനമായാണ് വര്‍ധിപ്പിച്ചത്. 
 
കോവിഡ് സമ്പത്ത് വ്യവസ്ഥയില്‍ സൃഷ്ടിച്ച ആഘാതവും വരുമാന കമ്മിയും കുറക്കാന്‍ ലക്ഷ്യമിട്ടാണ് വാറ്റ് ഇരട്ടിയായി വര്‍ധിപ്പിച്ചത്. ഇതുവഴി മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ മൂന്ന് ശതമാനം നേട്ടമുണ്ടാകുമെന്നാണ് പ്രതീക്ഷ.  
 
കുടിവെള്ളം, മിനറല്‍ വാട്ടര്‍, പാല്‍, യോഗര്‍ട്ട്, ചീസ്, മറ്റ് പാലുല്‍പന്നങ്ങള്‍, വിവിധ തരം മാംസങ്ങള്‍, ബ്രഡ്, ഉരുളക്കിഴങ്ങ്, സവാള, വെളുത്തുള്ളി, തക്കാളി, കാബേജ്, കാരറ്റ്, കുക്കുംബര്‍, പഴങ്ങള്‍, ഉണക്കിയ പഴങ്ങള്‍, അരി, ഗോതമ്പ്, ചായ, കാപ്പി, ഏലക്കായ് തുടങ്ങിയ 94 അവശ്യ ഭക്ഷ്യ സാധനങ്ങളെ വാറ്റ് പരിധിയില്‍നിഴിവാക്കിയിട്ടുണ്ട്. ഇതിനുപുറമെ, 1820 സര്‍ക്കാര്‍ സേവനങളെയും ഒഴിവാക്കി. ഇത് സാധാരണ ജനങ്ങള്‍ക്ക് ആശ്വാസമാകും. 
 
ഇളവ് വിഭാഗത്തില്‍ പെടാത്ത ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്ക് 10 ശതമാനം വാറ്റ് ബാധകമായിരിക്കും. നികുതി വെട്ടിപ്പ് നടത്തുന്ന ഔട്ട്‌ലെറ്റുകള്‍ അടുച്ചുപൂട്ടുമെന്നും അഞ്ചുവര്‍ഷം വരെ ജയില്‍ ശിക്ഷയും വാറ്റ് തുകയുടെ മൂന്നിരട്ടി പിഴയും ലഭിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. എല്ലാ സ്ഥാപനങ്ങളും പുതിയ നികുതി നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് നാഷണല്‍ റവന്യൂ ബ്യൂറോ ആവശ്യപ്പെട്ടു. വാറ്റ് സംശയ നിവാരണത്തിന് 80008001 എന്ന നമ്പറില്‍ ബന്ധപ്പെടാം. 
 
ജനുവരി ഒന്നു മുതല്‍ 10 ശതമാനമായി വാറ്റ് വര്‍ധിപ്പിക്കാന്‍ ഡിസംബര്‍ ആദ്യവാരം പാര്‍ലമെന്റ് അംഗീകാരം നല്‍കിയിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക സന്തുലിത പരിപാടിയുടെ നിര്‍ണായക തൂണാണ്് ഈ നടപടിയാണെന്ന് ബഹ്‌റൈന്‍ പാര്‍ലമെന്റ് വിലയിരുത്തി.
 
ഗള്‍ഫിലെ ഏറ്റവും ഉയര്‍ന്ന വാറ്റ് നിരക്ക് സൗദിയിലാണ് - 15 ശതമാനം. എണ്ണവില ഇടിഞ്ഞപ്പോള്‍ വരുമാനം ഉയര്‍ത്താന്‍ സൗദി കഴിഞ്ഞ വര്‍ഷം വാറ്റ് നിരക്ക് 15 ശതമാനമായാണ് ഉയര്‍ത്തിയത്. ജിസിസിയുടെ പൊതുവായ ചട്ടക്കൂടിന് കീഴില്‍ യുഎഇയും ഒമാനും അഞ്ച് ശതമാനം വാറ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, കുവൈത്തും ഖത്തറും ഇതുവരെ നടപ്പാക്കിയിട്ടില്ല.
 
കോവിഡ് മഹാമാരി, എണ്ണ വിലയിടിവ്, ശുദ്ധ ഊര്‍ജ്ജത്തിലേക്കുള്ള ആഗോള മാറ്റം എന്നിവ കാരണം ഗള്‍ഫ് സര്‍ക്കാരുകള്‍ നികുതിയില്ലാത്ത അവസ്ഥയില്‍ നിന്ന് കുറഞ്ഞ നികുതിയിലേക്ക് പോകാന്‍ നിര്‍ബന്ധിതമാകുകയാണ്. നിലവില്‍ മൂന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ മദ്യം, പുകയില തുടങ്ങിയ ഹാനികരമായ വസ്തുക്കള്‍ക്ക് എക്‌സൈസ് നികുതിയുണ്ട്. സൗദിയില്‍ പ്രവാസികള്‍ക്കും അവരുടെ ആശ്രിതര്‍ക്കും ലെവിയുമുണ്ട്.
 
 
 
 

 

 

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top