29 March Friday
കേരളത്തിൽനിന്നെത്തിയ നിസാമുദ്ദീൻ എക്‌സ്‌പ്രസ്‌
 ഗ്വാളിയോറിൽ ആക്രമിക്കപ്പെട്ടു

അഗ്‌നിപഥിനെതിരെ രാജ്യം തെരുവിൽ

എം പ്രശാന്ത്‌Updated: Friday Jun 17, 2022


ന്യൂഡൽഹി
തന്ത്രപ്രധാന സൈനിക സേവനവും കരാർവൽക്കരിച്ച നരേന്ദ്രമോദി സർക്കാരിനെതിരായി രാജ്യവ്യാപക പ്രതിഷേധമുയര്‍ത്തി യുവജനങ്ങള്‍. നാലു വർഷത്തേക്കുമാത്രം യുവജനങ്ങളെ  സൈന്യത്തിലേക്ക് എടുക്കുന്ന അ​ഗ്നിപഥ്  പദ്ധതിക്ക് എതിരെ ബിഹാർ, യുപി, രാജസ്ഥാൻ, ഹരിയാന, ഡൽഹി, മധ്യപ്രദേശ്‌, ജമ്മു–-കശ്‌മീർ, പഞ്ചാബ്‌ തുടങ്ങിയ സംസ്ഥാനങ്ങളിൽ പതിനായിരക്കണക്കിന്‌ യുവാക്കൾ തെരുവിലിറങ്ങി. ബിഹാറിൽ പ്രക്ഷോഭകർ മൂന്ന്‌ ട്രെയിൻ കത്തിച്ചു.

കേരളത്തിൽനിന്ന്‌ ഡൽഹി നിസാമുദ്ദീനിലേക്കുള്ള ട്രെയിന്‍ മധ്യപ്രദേശിലെ ഗ്വാളിയോറിൽ ആക്രമിക്കപ്പെട്ടു. 34 ട്രെയിൻ റദ്ദാക്കി. 72 ട്രെയിൻ വൈകിയോടുന്നതായി റെയിൽവേ അറിയിച്ചു. ഹരിയാനയിലെ പൽവലിൽ വാഹനങ്ങൾ കത്തിച്ചു. ജിണ്ടിൽ വിമുക്ത ഭടന്റെ മകൻ ആത്‌മഹത്യ ചെയ്‌തു. പ്രധാനമന്ത്രിയുടെ വസതിക്ക്‌ സുരക്ഷ ശക്തമാക്കി. പ്രഖ്യാപനത്തിന്റെ തൊട്ടുപിന്നാലെ പദ്ധതി പിൻവലിക്കാന്‍ രാജ്യവ്യാപക പ്രതിഷേധമുയര്‍ന്നതോടെ കേന്ദ്രസർക്കാർ സമ്മർദത്തിലായി. വിവാദ പദ്ധതി പിൻവലിക്കണമെന്ന്‌ പ്രതിപക്ഷ നേതാക്കൾ  കേന്ദ്രസർക്കാരിനോട്‌ ആവശ്യപ്പെട്ടു.

ബിഹാറിലാണ്‌ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്‌. സംസ്ഥാന വ്യാപകമായി യുവാക്കൾ തെരുവിലിറങ്ങി. ചാപ്ര, ഗോപാൽഗഞ്ച്‌, കൈമൂർ എന്നിവിടങ്ങളിൽ ട്രെയിനുകൾ കത്തിച്ചു. ചാപ്രയിൽ ബിജെപി എംഎൽഎ സി എം ഗുപ്‌തയുടെ വീട്‌ ആക്രമിച്ചു. നവാഡയിൽ ബിജെപി എംഎൽഎ അരുണാ കുമാരിയുടെ വാഹനം കത്തിച്ചു. ബിജെപി ഓഫീസ്‌ അടിച്ചുതകർത്തു. യുപിയിൽ ബുലന്ദ്‌ഷഹർ, ഗോണ്ട, ഉന്നാവ്‌, ബല്ലിയ, ലഖ്‌നൗ, ഗാസിയാബാദ്‌ എന്നിവിടങ്ങളിലും പ്രതിഷേധം ഇരമ്പി. ഡൽഹി–- ജയ്‌പുർ ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം മുടങ്ങി. ഡൽഹിയിലേക്കുള്ള പല ദേശീയപാതകളിലും പ്രക്ഷോഭകർ കുത്തിയിരുന്നു.

രാജസ്ഥാനിൽ സിക്കർ, ജയ്‌പുർ, അജ്‌മീർ, നഗൗർ, ജോധ്‌പുർ, ജുൻജുനു എന്നിവിടങ്ങളിൽ പടുകൂറ്റൻ യുവജനറാലി നടന്നു. ജമ്മുവിലും പഞ്ചാബിലും പ്രക്ഷോഭകർ റെയിൽ–- റോഡ്‌ ഉപരോധിച്ചു. മധ്യപ്രദേശിലെ ഗ്വാളിയോർ, ബിർളനഗർ റെയിൽവേസ്‌റ്റേഷനുകളിൽ ആയിരക്കണക്കിന്‌ യുവാക്കൾ പ്രതിഷേധവുമായി എത്തി. ഗ്വാളിയോറിൽ ട്രെയിനുകളും സ്‌റ്റേഷൻ മാസ്‌റ്ററുടെ മുറിയും തകർത്തു. ജീവനക്കാർ രക്ഷപ്പെട്ടോടി.

സൈന്യത്തിലെ കരാര്‍ തൊഴില്‍
സൈന്യത്തിൽ 4 വർഷത്തെ താൽക്കാലിക സർവീസ്‌ നടപ്പാക്കുന്നതാണ്‌ അഗ്നിപഥ്‌ പദ്ധതി. വനിതകളടക്കം പതിനേഴര മുതൽ 21 വരെ പ്രായപരിധിക്കാരെ മൂന്നു സേനാവിഭാഗത്തിലും അഗ്നിവീർ എന്ന പേരിൽ നിയമിക്കും. നാലുവർഷ കാലയളവിൽ 31,000 മുതൽ 40,000 രൂപവരെയാണ് ശമ്പളം.  21,000 രൂപമുതൽ 28,000 രൂപവരെയാണ്‌ കൈയിൽ ലഭിക്കുക. ഓരോ ബാച്ചിലെയും 25 ശതമാനംപേർക്ക്‌ ദീർഘകാല സേവനത്തിന്‌ അവസരം നൽകും. പിരിയുന്നവർക്ക്‌ പെൻഷനുണ്ടാകില്ല. സേവാനിധി പാക്കേജ്‌ എന്ന പേരിൽ 11 മുതൽ 12 ലക്ഷം രൂപവരെ നൽകും. അഗ്നിവീർ

റദ്ദാക്കണം: സിപിഐ എം
അഗ്‌നിപഥ്‌ ഇന്ത്യയുടെ ദേശീയ താൽപ്പര്യങ്ങൾക്ക്‌ വിരുദ്ധമാണെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ. സൈന്യത്തിന്‌ ദോഷകരമായ പദ്ധതി റദ്ദാക്കണം. നാലുവർഷ കരാറിൽ സൈനികരെ എടുത്ത് പ്രൊഫഷണലായ സായുധസേന സൃഷ്ടിക്കാനാകില്ല. പെൻഷൻ ഒഴിവാക്കാനുള്ള ഈ പദ്ധതി സായുധസേനയുടെ നിലവാരത്തെയും കാര്യക്ഷമതയെയും ബാധിക്കും.

രണ്ട്‌ വർഷമായി കരസേനയിൽ റിക്രൂട്ട്‌മെന്റില്ല. നാലുവർഷ കരാർ സേവനത്തിനുശേഷം പുറത്തിറങ്ങുന്നവര്‍ക്ക് മറ്റ്‌ തൊഴിൽ സാധ്യതകളുണ്ടാകില്ല. സ്വകാര്യ സായുധസംഘങ്ങൾക്കായി തൊഴിലെടുക്കുന്ന അപകടകരമായ സാഹചര്യം ഉരുത്തിരിയാം.  ഇത്‌ വലിയ പ്രത്യാഘാതം സൃഷ്ടിക്കും. തൊഴിൽ സുരക്ഷയെന്ന ഉറപ്പുപോലും നൽകാതെ രാജ്യത്തിനായി ജീവത്യാഗം ചെയ്യാന്‍ യുവജനങ്ങളോട് ആഹ്വാനം ചെയ്യുന്നത്‌ അങ്ങേയറ്റം കുറ്റകരമാണ്‌. രാജ്യത്ത് പൊടുന്നനെ ഉയര്‍ന്ന പ്രതിഷേധം ജനരോഷമാണ്‌ പ്രകടമാക്കുന്നത്‌–- പിബി  ചൂണ്ടിക്കാട്ടി..


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top