28 March Thursday

ബുൾഡോസറല്ല നിയമം ; ആദിത്യനാഥിനോട്‌ സുപ്രീംകോടതി

വെബ് ഡെസ്‌ക്‌Updated: Friday Jun 17, 2022


ന്യൂഡൽഹി
പ്രവാചകനിന്ദയ്‌ക്കെതിരെ പ്രതിഷേധിച്ചവരുടെ വീടുകൾ ബുൾഡോസർകൊണ്ട്‌ ഇടിച്ചുനിരത്തിയ ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ്‌ സർക്കാരിന്‌ സുപ്രീംകോടതിയുടെ മൂക്കുകയർ. നിയമപരമായ നടപടിക്രമങ്ങളെല്ലാം പാലിക്കണമെന്നും മുൻകൂർ നോട്ടീസ്‌ നൽകണമെന്നും കോടതി വ്യക്തമാക്കി.

പൊളിക്കൽ പ്രതികാര നടപടിയാകരുത്‌. ഇതുവരെ നടപ്പാക്കിയ ഇടിച്ചുനിരത്തൽ നിയമം പാലിച്ചാണോയെന്ന്‌ മൂന്നുദിവസത്തിനകം സര്‍ക്കാര്‍ അറിയിക്കണമെന്ന്‌ ജസ്റ്റിസുമാരായ എ എസ്‌ ബൊപ്പണ്ണ, വിക്രംനാഥ്‌ എന്നിവരടങ്ങിയ ബെഞ്ച്‌ ഉത്തരവിട്ടു. അനധികൃത പൊളിക്കലിനെതിരായ ജമിയത്ത്‌ ഉലമ ഹൽഹിന്ദിന്റെ ഹർജിയിലാണ്‌ ഉത്തരവ്‌. ഉത്തർപ്രദേശ്‌ സർക്കാർ നഗരസഭാ ചട്ടങ്ങളടക്കം നഗ്നമായി ലംഘിക്കുകയാണെന്ന്‌ ഹർജിക്കാർക്കുവേണ്ടി അഭിഭാഷകൻ സി യു സിങ്‌ ചൂണ്ടിക്കാട്ടി. 

പൊളിക്കുംമുമ്പ് 15 ദിവസത്തെ നോട്ടീസ്‌ നൽകണമെന്നത്‌ പാലിക്കുന്നില്ല.  പ്രതിയുടെ വീടോ മറ്റു വസ്‌തുവകകളോ തകർക്കാൻ ശിക്ഷാനിയമത്തിൽ വ്യവസ്ഥയില്ല. കെട്ടിടം ഇടിച്ചുനിരത്തിയവർക്കെതിരെ നടപടിവേണമെന്നും  ഹർജിയിൽ ആവശ്യപ്പെട്ടു. സോളിസിറ്റർ ജനറൽ തുഷാർ മേത്തയും യുപി സർക്കാരിനുവേണ്ടി ഹാജരായ ഹരീഷ്‌ സാൽവയും ഹർജി എതിർത്തു. നടക്കുന്ന സംഭവങ്ങളെക്കുറിച്ച്‌ ബോധ്യമുണ്ടന്ന്‌ ജസ്റ്റിസ്‌ ബൊപ്പണ്ണ മറുപടി നൽകി.നിരവധിപേർക്ക്‌ കോടതിയെ സമീപിക്കാനാകുന്നില്ല. അവരുടെ രക്ഷയ്‌ക്ക്‌ കോടതി എത്തിയില്ലെങ്കിൽ അനൗചിത്യമാകുമെന്നും അദ്ദേഹം നിരീക്ഷിച്ചു. കേസ്‌ 21ന്‌ വീണ്ടും പരിഗണിക്കും. കോടതി ഇടപെടൽ ആദിത്യനാഥ്‌ സർക്കാരിന്റെ മുഖത്തേറ്റ അടിയായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top