29 March Friday

സിൻഹ വോട്ടുചോർത്തുമോയെന്ന 
ആശങ്കയിൽ ബിജെപി ; ജെഡിയുവിനെയും സംശയം

വെബ് ഡെസ്‌ക്‌Updated: Saturday Jun 25, 2022

image credit Yashwant Sinha twitter


ന്യൂഡൽഹി   
രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ടുചോരുമോയെന്ന ആശങ്കയിൽ ബിജെപി നേതൃത്വം. ബിഹാറിൽ ജെഡിയു ഇടഞ്ഞുനിൽക്കുന്നതാണ്‌ നേതൃത്വത്തെ അലോസരപ്പെടുത്തുന്നത്‌. ജെഡിയു പ്രസിഡന്റും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ്‌ കുമാർ എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥി ദ്രൗപദി മുർമുവിന്‌ പിന്തുണ പ്രഖ്യാപിച്ചെങ്കിലും സംസ്ഥാനത്ത്‌ ഇരുപാർടിയുമായുള്ള തമ്മിലടി ബിജെപിക്ക്‌ നെഞ്ചിടിപ്പേറ്റുന്നു. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ രഹസ്യ ബാലറ്റായതിനാൽ വോട്ടുചോർച്ചയ്‌ക്ക്‌ സാധ്യതയേറെയാണ്‌.

സംഘപരിവാർ വോട്ടുകളിൽ പരാമവധി വിള്ളൽവീഴ്‌ത്തലാണ്‌ യശ്വന്ത്‌ സിൻഹയുടെ ലക്ഷ്യം. പഴയ ബിജെപി ബന്ധങ്ങൾ സിൻഹ പരമാവധി പ്രയോഗിക്കും. വാജ്‌പേയിയുടെ വിശ്വസ്‌തനായിരുന്ന സിൻഹയ്‌ക്ക്‌ ബിജെപിയിൽ അടുത്ത സൗഹൃദങ്ങളുണ്ട്‌. നിതീഷ്‌ കുമാറുമായും അടുത്തബന്ധമുണ്ട്‌.

അതേസമയം, ജെഎംഎം ചുവടുമാറുന്നത്‌ സിൻഹയ്‌ക്ക്‌ തിരിച്ചടിയാണ്‌. ദ്രൗപദി മുർമു വന്നതോടെയാണ്‌ ജെഎംഎം ആശയക്കുഴപ്പത്തിലായത്‌. മുർമു ഉൾപ്പെടുന്ന സന്താൾ വിഭാഗം ജാർഖണ്ഡിൽ നിർണായക വോട്ടുബാങ്കാണ്‌. ജെഎംഎം നേതാവും മുഖ്യമന്ത്രിയുമായ ഹേമന്ത്‌ സോറനടക്കം സന്താൾ വിഭാഗക്കാരാണ്‌. ജാർഖണ്ഡിലെയും ഒഡിഷയിലെയും പട്ടികവർഗ വോട്ടുകൾകൂടി ലക്ഷ്യമിട്ടായിരുന്നു ബിജെപി മുർമുവിനെ അവതരിപ്പിച്ചത്‌. തെരഞ്ഞെടുപ്പിൽ എന്തുനിലപാട്‌ സ്വീകരിക്കണമെന്ന്‌ തീരുമാനിക്കാൻ എംപിമാരുടെയും എംഎൽഎമാരുടെയും യോഗം ജെഎംഎം ശനിയാഴ്‌ച റാഞ്ചിയിൽ വിളിച്ചു.

അതേസമയം, ഡൽഹിയിൽ പ്രതിപക്ഷ പാർടികളുടെ യോഗത്തിൽ പങ്കെടുത്തില്ലെങ്കിലും സിൻഹയ്‌ക്കൊപ്പമെന്ന സൂചനയാണ്‌ തെലങ്കാനയിൽ ഭരണകക്ഷിയായ ടിആർഎസ്‌ നൽകുന്നത്‌. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിനോട്‌ യശ്വന്ത്‌ സിൻഹ ഫോണിൽ പിന്തുണ തേടിയിരുന്നു. ആന്ധ്രയിൽ ഭരണകക്ഷിയായ വൈഎസ്‌ആർസിപിയും മുഖ്യപ്രതിപക്ഷമായ തെലുങ്കുദേശവും മുർമുവിന്‌ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്‌. ഡൽഹിയിലും പഞ്ചാബിലും ഭരണത്തിലുള്ള എഎപി ഇതുവരെ നിലപാട്‌ വ്യക്തമാക്കിയിട്ടില്ല.

സിൻഹയ്ക്ക്  ഇസഡ് സുരക്ഷ
രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ പൊതുസ്ഥാനാർഥിയായി മൽസരിക്കുന്ന യശ്വന്ത്‌ സിൻഹയ്ക്ക്  സിആർപിഎഫിന്റെ ഇസഡ് സുരക്ഷ ഏർപ്പെടുത്തി. പത്തിലധികം കമാൻഡോകൾ  സിൻഹയ്ക്ക് സുരക്ഷ ഒരുക്കും. എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥി ദ്രൗപദി മുർമുവിന് ബുധനാഴ്ച ഇസഡ് പ്ലസ് സുരക്ഷ ഏർപ്പെടുത്തി.

28ന്  പത്രിക നല്‍കും
പ്രതിപക്ഷത്തിന്റെ പൊതുസ്ഥാനാർഥി യശ്വന്ത്‌ സിൻഹ ചൊവ്വാഴ്‌ച പത്രിക സമർപ്പിക്കും.  അദ്ദേഹം പ്രചാരണം ആരംഭിച്ചു. ജാർഖണ്ഡ്‌ തലസ്ഥാനമായ റാഞ്ചിയിൽ വിവിധ നേതാക്കളെ കണ്ട്‌ പിന്തുണ തേടി. ജാർഖണ്ഡിലെ ഹസാരിബാഗിൽനിന്ന്‌ മൂന്നുവട്ടം എംപിയായി സിൻഹ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ശനിയാഴ്‌ച പ്രചാരണത്തിന്റെ ഭാഗമായി പട്‌നയിലെത്തും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top