29 March Friday

ബ്രിജ്‌ഭൂഷണിനെതിരായ അന്വേഷണം ജൂൺ 15 നകം പൂർത്തീകരിക്കാമെന്ന്‌ കേന്ദ്രത്തിന്റെ ഉറപ്പ്‌

സ്വന്തം ലേഖകൻUpdated: Wednesday Jun 7, 2023

ന്യൂഡൽഹി > ലൈംഗികാക്ഷേപം നേരിടുന്ന ഗുസ്തി ഫെഡറേഷൻ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ്‌ഭൂഷൺ സിങിനെതിരായ പൊലീസ്‌ അന്വേഷണം ജൂൺ 15 നകം പൂർത്തീകരിച്ച്‌ കുറ്റപത്രം സമർപ്പിക്കാമെന്ന്‌ കേന്ദ്ര സർക്കാർ ഗുസ്‌തി താരങ്ങൾക്ക്‌ ഉറപ്പുനൽകി. ജൂൺ 30 നകം ഗുസ്‌തി ഫെഡറേഷന്റെ തെരഞ്ഞെടുപ്പ്‌ പ്രക്രിയ പൂർത്തീകരിച്ച്‌ പുതിയ ഭരണസമിതിയെ കൊണ്ടുവരാമെന്ന ഉറപ്പും ബുധനാഴ്‌ച താരങ്ങളുമായി നടത്തിയ മാരത്തൺ ചർച്ചയിൽ കേന്ദ്ര കായികമന്ത്രി അനുരാഗ്‌ സിങ്‌ ഠാക്കൂർ ഉറപ്പുനൽകി. ജൂൺ 15 വരെ ബ്രിജ്‌ഭൂഷണിനെതിരായ സമരപരിപാടികൾ നിർത്തിവെയ്‌ക്കണമെന്ന മന്ത്രിയുടെ അഭ്യർത്ഥന മാനിക്കാമെന്ന്‌ ചർച്ചയിൽ പങ്കെടുത്ത ബജ്‌രങ്‌ പുനിയയും സാക്ഷി മാലിക്കും അറിയിച്ചു. കർഷകസംഘടനകളടക്കം പിന്തുണയ്‌ക്കുന്നവരുമായി ചർച്ച നടത്തി അന്തിമ തീരുമാനങ്ങളിലേക്ക്‌ കടക്കുമെന്നും താരങ്ങൾ മാധ്യമങ്ങളോട്‌ പറഞ്ഞു.

കഴിഞ്ഞ ശനിയാഴ്‌ച രാത്രി ആഭ്യന്തര മന്ത്രി അമിത്‌ ഷായുമായി ഗുസ്‌തി താരങ്ങൾ ചർച്ച നടത്തിയിരുന്നു. തിങ്കളാഴ്‌ച മുതൽ താരങ്ങൾ റെയിൽവെയിൽ വീണ്ടും ജോലിയിൽ പ്രവേശിച്ചതോടെ അമിത്‌ ഷായുമായുള്ള ചർച്ച തുടർന്നാണിതെന്നും സമരത്തിൽ നിന്ന്‌ താരങ്ങൾ പിൻവാങ്ങിയെന്നും സർക്കാർ അനുകൂല മാധ്യമങ്ങൾ റിപ്പോർട്ടുചെയ്‌തു. സമരം തുടരുമെന്ന്‌ വ്യക്തമാക്കിയ താരങ്ങൾ ചർച്ച രഹസ്യമാക്കി വെയ്‌ക്കണമെന്ന്‌ അമിത്‌ ഷാ നിർദേശിച്ചിരുന്നുവെന്നും സർക്കാർ തന്നെ അത്‌ ലംഘിച്ചുവെന്നും ആരോപിച്ചു. ഇതോടെ അമിത്‌ ഷാ വീണ്ടും ബന്ധപ്പെട്ട്‌ രണ്ടാമതൊരു ചർച്ച കൂടി നിർദേശിക്കുകയായിരുന്നു. ഇതുപ്രകാരമാണ്‌ ബുധനാഴ്‌ച കായികമന്ത്രിയുമായി ആറുമണിക്കൂർ ചർച്ച നടത്തിയത്‌.

ഗുസ്‌തി ഫെഡറേഷൻ തലപ്പത്ത്‌ വനിതയെ നിയമിക്കുക, ബ്രിജ്‌ഭൂഷണിനെയും അനുകൂലികളെയും ഫെഡറേഷനിൽ നിന്ന്‌ അകറ്റിനിർത്തുക തുടങ്ങിയ ആവശ്യങ്ങളും താരങ്ങൾ കായികമന്ത്രി മുമ്പാകെ വെച്ചിട്ടുണ്ട്‌. വനിതാ താരങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടു. ജൂൺ 15 നകം അനുകൂല തീരുമാനങ്ങളുണ്ടായില്ലെങ്കിൽ സമരം തുടരുമെന്ന നിലപാടിൽ തന്നെയാണ്‌ താരങ്ങൾ. ഹരിയാനയിലെ ബലാലിയിൽ കർഷകരുടെ സമ്മേളനത്തിലായതിനാല വിനേഷ്‌ ഫൊഗട്ട്‌ ചർച്ചയ്‌ക്കെത്തിയില്ല.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top