20 April Saturday
അയോധ്യാ മേഖലയിലെ വോട്ട്‌ബാങ്ക്‌ സംരക്ഷിക്കാൻ ബിജെപിക്ക് ബ്രിജ്‌ഭൂഷണിന്റെ സഹായം വേണം

കളങ്കപ്പെട്ട്‌ രാജ്യാഭിമാനം ; നീതിബോധമില്ലാതെ മോദി സർക്കാർ

പ്രത്യേക ലേഖകൻUpdated: Tuesday May 30, 2023



ന്യൂഡൽഹി
രാജ്യാന്തരവേദികളിൽ ത്രിവർണ പതാക പാറിച്ച താരങ്ങളെ മെഡലുകള്‍ ത്യജിക്കേണ്ട അവസ്ഥയില്‍  എത്തിച്ചത്‌ മോദിസർക്കാരിന്റെ മുഷ്‌ക്കും ബിജെപിയുടെ സങ്കുചിത രാഷ്‌ട്രീയനിലപാടും. വർഷങ്ങൾ വിയർപ്പൊഴുക്കിയും ത്യാഗം ചെയ്‌തും നേടിയ മെഡലുകളാണ്‌ ഗംഗാനദിയിൽ ഒഴുക്കുമെന്ന്‌ ഗുസ്‌തിതാരങ്ങൾക്ക്‌ പ്രഖ്യാപിക്കേണ്ടിവന്നത്‌. താരങ്ങളെ അപമാനിച്ച മോദിസർക്കാരിന്റെ നടപടി ചരിത്രത്തിലെ കറുത്ത അധ്യായമായി. ഉത്തർപ്രദേശിലെ ഏതാനും സീറ്റുകളാണ്‌ രാജ്യത്തിന്റെ പെൺമക്കളുടെ അഭിമാനത്തെക്കാൾ പ്രധാനമായി ബിജെപി കരുതുന്നത്‌. മൻകീ ബാത്ത്‌ പ്രഭാഷണം നടത്തുന്ന പ്രധാനമന്ത്രി മോദി വനിതാകായികതാരങ്ങളുടെ മൻകീ ബാത്ത്‌ ശ്രവിക്കാൻ തയ്യാറല്ല.

പ്രായപൂർത്തിയാകാത്ത പെൺകുട്ടി അടക്കം ഏഴ്‌ വനിതാ ഗുസ്‌തിതാരങ്ങൾ ദീർഘകാലം  ലൈംഗിക അതിക്രമങ്ങൾക്ക്‌ വിധേയരായെന്ന വെളിപ്പെടുത്തൽ വന്നശേഷം കേന്ദ്രവും  കായികമന്ത്രാലയവും ഡൽഹി പൊലീസും പുലര്‍ത്തിയ നിസ്സം​ഗത നടുക്കുന്നതാണ്. ഗുസ്‌തി ഫെഡറേഷൻ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ്‌ഭൂഷൺ ശരൺസിങ്ങിനെതിരെ ഡൽഹി പൊലീസ് കേസെടുക്കാന്‍ പോലും സുപ്രീംകോടതി ഇടപെടേണ്ടിവന്നു. പോക്‌സോ വകുപ്പ്‌ ചുമത്തേണ്ട പരാതികളിൽ പൊലീസ്‌ അടയിരുന്നു. കായിക താരങ്ങൾ കോടതിയെ സമീപിച്ചശേഷം എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തെങ്കിലും നടപടികൾ ഇഴയുകയാണ്‌.

ബ്രിജ്‌ഭൂഷണിന്റെ താൽപ്പര്യപ്രകാരമാണ്‌ ഔദ്യോഗിക സംവിധാനങ്ങൾ നീങ്ങുന്നതെന്ന്‌  ആക്ഷേപമുണ്ട്‌. ബാബ്‌റി മസ്‌ജിദ്‌ തകർത്ത കേസിൽ പ്രതിയായിരുന്ന ബ്രിജ്‌ഭൂഷൺ   സംഘപരിവാറിന്‌ വളരെ വേണ്ടപ്പെട്ട ആളാണ്‌. അയോധ്യമേഖലയിലെ വോട്ട്‌ബാങ്ക്‌ സംരക്ഷിക്കാൻ ബ്രിജ്‌ഭൂഷണിന്റെ സഹായം ബിജെപിക്ക്‌ ആവശ്യമാണ്‌. സമരം നടത്തിയ താരങ്ങളെ കലാപകാരികളായി ചിത്രീകരിച്ച്‌ കേസിൽ കുടുക്കിയതിന്‌ പിന്നിലും ഈ രാഷ്‌ട്രീയമാണ്‌. എത്രമാത്രം തരംതാഴ്‌ന്ന നീതിബോധമാണ്‌ മോദിസർക്കാരിന്റേതെന്ന്‌ ഇത്‌ വ്യക്തമാക്കുന്നു. പുതിയ ഇന്ത്യ എന്ന്‌ അവകാശപ്പെട്ട്‌ പ്രധാനമന്ത്രി പാർലമെന്റ്‌ മന്ദിരം ഉദ്‌ഘാടനം ചെയ്‌തതിനു തൊട്ടുപിന്നാലെയാണ്‌ രാജ്യത്തിന്റെ അഭിമാനതാരങ്ങൾക്ക്‌ കണ്ണീരൊഴുക്കേണ്ടിവരുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top