01 October Sunday

തലകുനിച്ച്‌ രാജ്യം ; അഭിമാനതാരങ്ങളെ തെരുവിൽ തല്ലിച്ചതച്ചു , സമരപ്പന്തൽ പൊളിച്ചുനീക്കി

റിതിൻ പൗലോസ്‌Updated: Monday May 29, 2023

വിനേഷ് ഫോഗട്ട്, സംഗീത ഫോഗട്ട് എന്നിവരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കുന്നു ഫോട്ടോ: പി വി സുജിത്


ന്യൂഡൽഹി
ലൈംഗികാതിക്രമക്കേസിൽ പ്രതിയായ ബിജെപി എംപിയും ഗുസ്‌തി ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ്‌ ഭൂഷണിനെതിരെ ഡൽഹി ജന്തർമന്തറിൽ സമരം ചെയ്യുന്ന വനിതാ ഗുസ്‌തി താരങ്ങളെ തല്ലിച്ചതച്ച്‌ പൊലീസ്‌. താരങ്ങളെ തടവിലിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി മീറ്ററുകൾക്കപ്പുറം പുതിയ പാർലമെന്റ്‌ മന്ദിരം ഉദ്‌ഘാടനം ചെയ്യുമ്പോൾ ഒളിമ്പിക്‌സ്‌ വേദിയിലടക്കം പുതച്ചുനിന്ന ത്രിവർണ പതാക മുറുകെപ്പിടിച്ച്‌ സാക്ഷി മലിക്കും വിനേഷ്‌ ഫോഗട്ടും തെരുവിൽ പൊലീസിന്റെ ക്രൂരമർദനം ഏറ്റുവാങ്ങിയത്‌ രാജ്യത്തിനു നാണക്കേടായി. താരങ്ങളുടെ വയറിനും നെഞ്ചിനും പുരുഷ പൊലീസിന്റെ ചവിട്ടേറ്റു.

‘രാജ്യത്തിനുവേണ്ടി  ചോരയും നീരും നൽകി മെഡൽ നേടിയതാണോ ഞങ്ങൾ ചെയ്‌ത തെറ്റ്‌, എങ്കിൽ തൂക്കിക്കൊല്ലൂ’–- പൊലീസ്‌ മർദനത്തിനിടെ സാക്ഷി മലിക്‌ വിളിച്ചുപറഞ്ഞു. സംഗീത ഫോഗട്ട്‌, ബജ്‌റംഗ്‌ പൂനിയ, സത്യവർഥ്‌ കഠിയാൻ തുടങ്ങി എല്ലാ സമരക്കാരെയും ഒന്നൊഴിയാതെ പൊലീസ്‌ തല്ലിച്ചതച്ചു. സമരപ്പന്തലും പൊളിച്ചുനീക്കി. പൊലീസ്‌ സർവസന്നാഹങ്ങളും ഒരുക്കിയിട്ടും മുന്നൂറോളം പേരെ ജന്തർമന്തറിൽ എത്തിക്കാൻ സമരസമിതിക്കായി. ഇതിനിടെ മാധ്യമങ്ങളെ സമരവേദിയിൽനിന്ന്‌ പുറത്താക്കാനും പൊലീസ്‌ ശ്രമിച്ചു.

പതിനൊന്ന്‌ മുപ്പതിനാണ്‌ ത്രിവർണ പാതകയേന്തി മാർച്ച്‌ തുടങ്ങിയത്‌. നാലിടത്തെ ബാരിക്കേഡുകൾ സമരക്കാർ മറികടന്നു. പ്രതി ബ്രിജ്‌ ഭൂഷന്റെ വീടിനു സമീപം ഒരുക്കിയ അഞ്ചാംനിര ബാരിക്കേഡിനു മുന്നിലാണ്‌ കൊടിയ മർദനം അരങ്ങേറിയത്‌. പ്രതീകാത്മക വനിതാ പഞ്ചായത്ത്‌ താരങ്ങൾ നടത്തി. ഡൽഹി അതിർത്തികളിൽ ആയിരക്കണക്കിന്‌ കർഷകരെയും സ്‌ത്രീകളെയും കരുതൽ തടങ്കലിലാക്കിയും വാഹന ഗതാഗതം നിയന്ത്രിച്ചുമാണ്‌ നഗരത്തിലേക്കുള്ള സമരക്കാരുടെ വരവ്‌ പ്രതിരോധിച്ചത്‌. ഇതിനിടെ ഹരിയാനയിലെ അംബാലയിലും സംഘർഷമുണ്ടായി.  
പൊലീസ്‌ നടപടിയോടെ സമരം അവസാനിപ്പിക്കില്ലെന്നും ജന്തർമന്തറിൽ സത്യഗ്രഹം തുടരുമെന്നും സാക്ഷി മലിക്‌ വ്യക്തമാക്കി. ഇന്ത്യ ഏകാധിപത്യ രാജ്യമല്ലെന്നും സാക്ഷി പറഞ്ഞു. കർഷക സംഘടനകളും ഖാപ്പ്‌ നേതാക്കളും ഉടൻ തുടർ സമരം പ്രഖ്യാപിക്കും.

സാക്ഷി മലിക്കിനെ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുന്നു      ഫോട്ടോ: പി വി സുജിത്

സാക്ഷി മലിക്കിനെ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുന്നു ഫോട്ടോ: പി വി സുജിത്


 

ഗുസ്‌തി താരങ്ങളെ 
വളഞ്ഞാക്രമിച്ച്‌ പൊലീസ്‌
ഗുസ്‌തി താരങ്ങളുടെ കായിക ക്ഷമതയ്‌ക്കു മുന്നിൽ വെള്ളം കുടിച്ച്‌ പൊലീസ്‌. അക്രമം താരങ്ങൾ ചെറുത്തതോടെ ആദ്യം പൊലീസ്‌ ഒരടി പിന്നോട്ടുപോയി. തുടർന്ന്‌ സമീപത്തു തന്നെയുണ്ടായിരുന്ന മറ്റ്‌ ഉദ്യോഗസ്ഥരുമായി ചേർന്നാണ്‌ ഗുസ്‌തിക്കാരെ സംഘം ചേർന്ന്‌ പൊലീസ്‌ നേരിട്ടത്‌. സാക്ഷി മലിക്കിനെയും വിനേഷ്‌ ഫോഗട്ടിനെയും പുരുഷ പൊലീസുകാരടക്കം മർദിച്ചു.

ഗുസ്‌തിക്കിടയിൽ പ്രയോഗിക്കുന്ന പൂട്ടിട്ട്‌ താരങ്ങൾ പരസ്‌പരം കെട്ടുപിണഞ്ഞ്‌ കിടന്നതോടെ എന്തുചെയ്യണമെന്നറിയാതെ പൊലീസുകാർ കുഴങ്ങി. പതിനഞ്ച്‌ മിനിറ്റ്‌ എടുത്താണ്‌ പത്തോളം പേർ ചേർന്ന്‌ സംഗീത ഫോഗട്ടിനെ ബസിൽ വലിച്ചുകയറ്റിയത്‌. അറസ്റ്റിന്‌ വഴങ്ങാതിരുന്നെങ്കിലും പൊലീസിനെ തിരിച്ചാക്രമിക്കാൻ താരങ്ങൾ മുതിർന്നില്ല. താരങ്ങളെ പൊലീസ്‌ ആക്രമിച്ചതിനെതിരെ മുൻ ജനപ്രതിനിധികളടക്കമുള്ള പ്രമുഖരായ 1150 പേർ സംയുക്ത പ്രസ്‌താവനയിറക്കി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top