19 March Tuesday
ജൂൺ ഒന്നിന്‌ രാജ്യവ്യാപക പ്രക്ഷോഭം

ഗംഗാപ്രവാഹമായ് കണ്ണീർ,രോഷം ; ബ്രിജ്‌ഭൂഷണെ 5 ദിവസത്തിനുള്ളിൽ അറസ്‌റ്റുചെയ്യണമെന്ന്‌ അന്ത്യശാസനം

റിതിൻ പൗലോസ്‌Updated: Wednesday May 31, 2023


ന്യൂഡൽഹി
ഒളിമ്പിക്‌സ്‌ അടക്കം അന്താരാഷ്‌ട്ര വേദികളിൽ ഇന്ത്യയുടെ പേര്‌ അടയാളപ്പെടുത്തിയ മെഡലുകൾ ഗംഗയിലൊഴുക്കി പ്രതിഷേധിക്കാനെത്തിയ ഗുസ്‌തി താരങ്ങളെ അവസാന നിമിഷം പിന്തിരിപ്പിച്ച്‌ കർഷക നേതാക്കൾ. സാക്ഷി മലിക്, വിനേഷ്‌ ഫോഗട്ട്‌, സംഗീത ഫോഗട്ട്‌, ബജ്‌റംഗ്‌ പൂനിയ തുടങ്ങിയവരുടെ നേതൃത്വത്തിലാണ്‌ താരങ്ങൾ ഹരിദ്വാറിലെത്തിയത്‌. ജീവനെപ്പോലെ കാക്കുന്ന മെഡലുകളുമായി നിറകണ്ണുകളോടെ ഇവർ നദീതീരത്തേക്ക്‌ എത്തിയപ്പോള്‍ രാജ്യമൊന്നടങ്കം വിതുമ്പി.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയടക്കം ഏഴ്‌ വനിതാ താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച ബിജെപി എംപി ബ്രിജ്‌ഭൂഷണെ അറസ്റ്റുചെയ്യണമെന്ന ആവശ്യം നരേന്ദ്ര മോദി സർക്കാർ ചെവിക്കൊള്ളാൻ തയ്യാറാകാത്തതിനാലാണ്‌ കടുത്ത തീരുമാനത്തിലേക്ക്‌ താരങ്ങൾ നീങ്ങിയത്‌. ഈ ഘട്ടത്തിലെങ്കിലും കേന്ദ്രസർക്കാരിന്റെ അനുകൂല ഇടപെടലുണ്ടാകുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി. മെഡലുകൾ ഗംഗയിൽ ഉപേക്ഷിക്കാൻ ഒരുങ്ങുന്നതിനിടെയാണ്‌ നരേഷ്‌ ടിക്കായത്തിന്റെ നേതൃത്വത്തിൽ കർഷകരെത്തി തടഞ്ഞത്‌. താരങ്ങൾക്കുള്ള പിന്തുണ ആവർത്തിച്ച്‌ പ്രഖ്യാപിച്ച കർഷകർ, ബ്രിജ്‌ഭൂഷണെ അറസ്റ്റ്‌ ചെയ്യാൻ കേന്ദ്രസർക്കാരിന്‌ അഞ്ചുദിവസത്തെ അന്ത്യശാസനം നൽകി. ഗംഗാ ദസറ ദിനമായ ചൊവ്വാഴ്‌ച രണ്ടു മണിക്കൂറോളം ആയിരക്കണക്കിന്‌ തീർഥാടകരെയടക്കം സാക്ഷിയാക്കി ഗംഗാതീരം സമരവേദിയായി. റിയോ ഒളിമ്പിക്‌സിൽ നേടിയ വെങ്കല മെഡലിൽ തുടരെ മുത്തം നൽകിയ സാക്ഷി ഒടുവിൽ പൊട്ടിക്കരഞ്ഞു. രണ്ട്‌ ഒളിമ്പിക്‌ വെങ്കല മെഡലുകളും കോമൺവെൽത്ത്‌, വേൾഡ്‌ ചാമ്പ്യൻഷിപ്, ഏഷ്യാഡ്‌, ഏഷ്യൻ ഗെയിംസ്‌ മെഡലുകളുമാണ്‌ താരങ്ങൾ ഗംഗയിൽ ഒഴുക്കാൻ കൊണ്ടുവന്നത്‌.

ദേശീയപതാക വീശി ഗംഗാ തീരത്തെത്തിയ ജനക്കൂട്ടം താരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. താരങ്ങളെ തടയില്ലെന്നായിരുന്നു ബിജെപി ഭരണത്തിലുള്ള ഉത്തരാഖണ്ഡ്‌ പൊലീസിന്റെ നിലപാട്‌.

ഡൽഹി ജന്തർ മന്തറിൽ 35 ദിവസംനീണ്ട സമരത്തിന്റെ വേദിയടക്കം പൊലീസ്‌ പൊളിക്കുകയും താരങ്ങളെ കലാപക്കേസ്‌ ചുമത്തി അറസ്റ്റു ചെയ്യുകയും ചെയ്‌തിരുന്നു. പുതിയ പാർലമെന്റിന്റെ ഉദ്‌ഘാടന ചടങ്ങിൽ ബ്രിജ്‌ഭൂഷൺ അതിഥിയായി പങ്കെടുക്കെ പുറത്ത് നടുറോഡില്‍ താരങ്ങളെ പൊലീസ് വലിച്ചിഴച്ചു. മോചിതരായ താരങ്ങൾ മെഡലുകൾ ഗംഗയിലൊഴുക്കുമെന്നും ഇന്ത്യാ ഗേറ്റിൽ മരണംവരെ നിരാഹാരസമരം നടത്തുമെന്നും പ്രഖ്യാപിക്കുകയായിരുന്നു. ‘ഞങ്ങളുടെ ജീവിതവും ആത്മാവുമായ മെഡലുകൾ ഗംഗയിലൊഴുക്കിയാൽ പിന്നെ ജീവിച്ചിരിക്കുന്നതിൽ അർഥമില്ല; അതിനാൽ മരണംവരെ നിരാഹാരമിരിക്കും’ –- ചൊവ്വാഴ്‌ച സംയുക്ത പ്രസ്‌താവനയിൽ താരങ്ങൾ പറഞ്ഞു. കേന്ദ്ര ട്രേഡ്‌ യൂണിയനുകളും കർഷകത്തൊഴിലാളി സംഘടനകളും ജൂൺ ഒന്നിന്‌ രാജ്യവ്യാപക പ്രക്ഷോഭത്തിനും ആഹ്വാനം ചെയ്‌തു.

മുന്നറിയിപ്പുമായി
മണിപ്പുരിലെ  
കായികതാരങ്ങളും
മണിപ്പുരില്‍ സമാധാനം പുനഃസ്ഥാപിച്ചില്ലെങ്കില്‍  മെഡലുകളും പുരസ്കാരങ്ങളും തിരികെ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി മണിപ്പരിലെ കായികതാരങ്ങള്‍. ഒളിമ്പിക്സ് ജേതാവ് മീരാബായ് ചാനു ഉള്‍പ്പെടെ 11  താരങ്ങള്‍ ഇക്കാര്യം അറിയിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. പദ്മ പുരസ്കാര ജേതാവ് കൂടിയായ ഭാരോദ്വാഹക കുഞ്ചറാണി ദേവി, ഇന്ത്യൻ വനിതാ ഫുട്ബോള്‍ മുൻ ക്യാപ്റ്റൻ ബെം ബെം ദേവി, ബോക്സർ എൽ സരിതാ ദേവി തുടങ്ങിയവരും ഒപ്പുവച്ചവരിലുണ്ട്. ആഴ്ചകളായി ദേശീയപാത അടച്ചുപൂട്ടിയിരിക്കുന്നത് ചരക്കു ​ഗതാ​ഗതത്തെ ബാധിക്കുമെന്നും അതിനാല്‍ പാത എത്രയും വേ​ഗം തുറക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top