ന്യൂഡൽഹി
സ്‌ത്രീകളുടെ വോട്ട് ലക്ഷ്യമിട്ട് മോദി സർക്കാർ കൊണ്ടുവന്ന വനിതാ സംവരണ ബിൽ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നേട്ടമാക്കി മാറ്റാൻ ബിജെപി ബുദ്ധിമുട്ടും. ബില്ലിന് പാർലമെന്റിന്റെ അംഗീകാരമായെങ്കിലും വനിതാ സംവരണം എപ്പോൾ നിലവിൽ വരുമെന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നതാണ് ബിജെപിക്ക് പ്രതിസന്ധിയാകുന്നത്. സംവരണം എന്ന് നിലവിൽ വരുമെന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് പാർലമെന്റിൽ കൃത്യമായ മറുപടി നൽകാൻ മോദി സർക്കാരിനായില്ല. സെൻസസും മണ്ഡല പുനർനിർണയവും പൂർത്തീകരിച്ചതിനുശേഷം സംവരണം നടപ്പാകുമെന്നാണ് സർക്കാർ വിശദീകരിച്ചത്.
വനിതാ സംവരണം മോദി സർക്കാർ നടപ്പാക്കിയെന്ന വലിയ പ്രചാരണമാകും വരും ദിവസങ്ങളിൽ ബിജെപി നടത്തുക. വെള്ളിയാഴ്‌ച ഡൽഹിയിൽ മഹിളാമോർച്ച നൽകിയ സ്വീകരണത്തിലെ മോദിയുടെ പ്രസംഗത്തിൽനിന്ന് ഇത് വ്യക്തമാണ്. ഭൂരിപക്ഷമുള്ള കരുത്തുറ്റ സർക്കാരുണ്ടായതുകൊണ്ടാണ് വനിതാ സംവരണം യാഥാർഥ്യമായതെന്നായിരുന്നു മോദിയുടെ അവകാശവാദം. അതുകൊണ്ട് അടുത്ത തെരഞ്ഞെടുപ്പിലും ഭൂരിപക്ഷമുള്ള, സ്ഥിരതയുള്ള സർക്കാർ വരണമെന്നും മോദി പറഞ്ഞു.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും ലോക്‌സഭാ തെരഞ്ഞെടുപ്പിലും എന്തായാലും വനിതാ സംവരണമില്ല. ഇത് ചൂണ്ടിക്കാട്ടിത്തന്നെ പ്രതിപക്ഷത്തിന് ബിജെപിയെ നേരിടാനാകും. സംവരണം ഉടൻ നടപ്പാക്കാൻ പാർലമെന്റിൽ തങ്ങൾ നിലപാട് എടുത്തതാണെങ്കിലും ബിജെപി താൽപ്പര്യമെടുത്തില്ലെന്ന് പ്രതിപക്ഷത്തിന് കുറ്റപ്പെടുത്താനാകും. സെൻസസിനും മണ്ഡല പുനർനിർണയത്തിനും ചുരുങ്ങിയത് ആറുവർഷം ആവശ്യമാണ്. തെരഞ്ഞെടുപ്പ് വർഷമായതിനാൽ 2024ൽ സെൻസസ് നടപടികളിലേക്ക് നീങ്ങില്ലെന്ന് പാർലമെന്റിൽ അമിത് ഷാതന്നെ വ്യക്തമാക്കിയിരുന്നു. 2025ൽ സെൻസസ് നടപടികളിലേക്ക് കടന്നാലും അതിനുശേഷം മണ്ഡല പുനർനിർണയംകൂടി പൂർത്തീകരിക്കാൻ 2031 വരെ കാക്കേണ്ടതായിവരും. ഇക്കാര്യവും തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിൽ പ്രതിപക്ഷത്തിന് ചൂണ്ടിക്കാട്ടാനാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..