ന്യൂഡൽഹി
സ്‌ത്രീകളെ ശാക്തീകരിക്കണമെന്ന താൽപ്പര്യം കൊണ്ടല്ല അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന ഭീതി കൊണ്ടാണ് മോദി സർക്കാർ വനിതാ ബിൽ കൊണ്ടുവന്നതെന്ന് സിപിഐ എം രാജ്യസഭാ നേതാവ് എളമരം കരീം രാജ്യസഭയിൽ പറഞ്ഞു. കർണാടകയടക്കമുള്ള സംസ്ഥാനങ്ങളിലും ഡൽഹി മുൻസിപ്പൽ തെരഞ്ഞെടുപ്പിലും തോറ്റതോടെ ജനങ്ങൾ ഒപ്പമില്ലെന്ന് ബിജെപിക്ക് ബോധ്യപ്പെട്ടു. വനിതാ സംവരണ ബിൽ കൊണ്ടുവരാൻ ബിജെപി നിർബന്ധിതമായതാണ്. സിപിഐ എം ബില്ലിനെ പൂർണമായി പിന്തുണയ്ക്കുകയാണ്. സെൻസസിനും മറ്റുമായി കാക്കാതെ ബിൽ പാസായാലുടൻ വനിതാ സംവരണം നടപ്പാക്കണം.
യുപിഎ കാലത്ത് രാജ്യസഭ ബില്ല് പാസാക്കിയിരുന്നു. സോണിയാ ഗാന്ധിയും ബൃന്ദാ കാരാട്ടുമാണ് ബില്ലിനായി ശക്തമായി നിലകൊണ്ടത്. രാജ്യസഭാധ്യക്ഷനായിരുന്ന ഹമീദ് അൻസാരിയുടെ ഉറച്ച നിലപാടും നിർണായകമായി. ലോക്‌സഭയിൽ ബില്ല് പരിഗണിക്കാനായില്ല. ജനാധിപത്യ മഹിളാ അസോസിയേഷൻ പോലുള്ള സംഘടനകളുടെ ദീർഘനാളത്തെ പോരാട്ട ഫലമാണ് വനിതാ സംവരണ ബിൽ.
മണിപ്പുരിൽ സ്‌ത്രീകളെ നഗ്നരാക്കി നടത്തുകയും കൂട്ടബലാൽസംഗത്തിന് ഇരയാക്കി കൊലപ്പെടുത്തുകയും ചെയ്‌തപ്പോൾ ബിജെപിയുടെ വനിതാ സ്‌നേഹം കണ്ടില്ല. രാജ്യത്തിന്റെ അഭിമാനമായ ഗുസ്‌തി താരങ്ങളെ ബിജെപി എംപി കൂടിയായ ഫെഡറേഷൻ പ്രസിഡന്റ് ഉപദ്രവിച്ച ഘട്ടത്തിലും വനിതാ സ്‌നേഹമുണ്ടായില്ല. ഉന്നാവിലും കത്വയിലും ഹാഥ്‌രസിലുമൊന്നും ബിജെപിയുടെ വനിതാ ശാക്തീകരണ താൽപ്പര്യം പ്രകടമായില്ല.
അടുത്ത സെൻസസിനും തുടർന്നുള്ള മണ്ഡല പുനർനിർണയത്തിനുംശേഷം വനിതാ സംവരണം നടപ്പാക്കുമെന്നാണ് സർക്കാർ പറയുന്നത്. അടുത്ത 15 വർഷത്തിനുള്ളിൽ സംവരണം നടപ്പാക്കുമോയെന്ന് ഉറപ്പില്ല.
ബംഗാളിൽ 1983ൽ തന്നെ പഞ്ചായത്തുകളിൽ സ്‌ത്രീകൾക്ക് 33 ശതമാനം സംവരണം നടപ്പാക്കി. കേരളത്തിൽ തദ്ദേശസ്ഥാപനങ്ങളിൽ 50 ശതമാനമാണ് സ്‌ത്രീ സംവരണം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ എന്താണ് അവസ്ഥ–- എളമരം കരീം ചോദിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..