19 April Friday
ഗോതമ്പ്‌ ക്വിന്റലിന്‌ 500 രൂപ ബോണസ്‌ നൽകണം: കിസാൻസഭ

ഗോതമ്പ്‌ കയറ്റുമതിക്ക്‌
ഭാഗിക അനുമതി ; ഇളവ്‌ മെയ്‌ 13 ന്‌ മുമ്പ്‌ രജിസ്റ്റർ ചെയ്‌തവർക്ക്‌

വെബ് ഡെസ്‌ക്‌Updated: Tuesday May 17, 2022

ന്യൂഡൽഹി

രൂക്ഷമായ വിലക്കയറ്റത്തെ തുടർന്ന്‌ ഗോതമ്പ്‌ കയറ്റുമതിക്ക്‌ ഏർപ്പെടുത്തിയ നിരോധനത്തിൽ ഇളവുമായി കേന്ദ്രസർക്കാർ. നിരോധനം വന്ന 13ന്‌ മുമ്പ്‌ കസ്റ്റംസ്‌ പരിശോധനയ്‌ക്ക്‌ കണ്ടെയ്‌നർ കൈമാറിയവർക്കും രജിസ്റ്റർ ചെയ്‌തവർക്കുമാണ്‌ ഇളവ്‌. ഇതു സംബന്ധിച്ച്‌ വാണിജ്യമന്ത്രാലയം പുതിയ ഉത്തരവ്‌ പുറത്തിറക്കി.

നിരോധന തീയതിക്കുമുമ്പ്‌ പൂർണ അനുമതി ലഭിച്ചവർമാത്രം ചരക്കയച്ചാൽ മതി എന്നായിരുന്നു ആദ്യ ഉത്തരവിൽ. ഇതോടെ ഗോതമ്പുമായെത്തിയ ആയിരക്കണക്കിനു ട്രക്ക്‌ പല തുറമുഖങ്ങളിലും കുടുങ്ങി. നിരോധനത്തിനുമുമ്പ്‌ എത്തിയവയും ഇതിലുണ്ട്‌. 15 വർഷത്തെ ഏറ്റവും കുറവ്‌ ഗോതമ്പ്‌ സംഭരണമുള്ളപ്പോൾ ഒരു കോടി ടൺ കയറ്റുമതി ചെയ്യാൻ തീരുമാനിച്ചതാണ്‌ പ്രതിസന്ധിക്കു കാരണം. കാർഷിക ശാസ്‌ത്രജ്ഞരുടെ മുന്നറിയിപ്പ്‌ വകവയ്‌ക്കാതെയായിരുന്നു നടപടി.

യുദ്ധംമൂലം ഉക്രയ്‌നിൽനിന്ന്‌ ഗോതമ്പ്‌ അന്താരാഷ്‌ട്ര മാർക്കറ്റിൽ എത്താതിരുന്ന അവസരത്തിൽ സ്വകാര്യ കയറ്റുമതിക്കാർക്ക്‌ കൊള്ളലാഭത്തിനുള്ള അവസരം സൃഷ്ടിക്കാനായിരുന്നു ശ്രമം. അതിനിടെ, ഗുജറാത്തിലെ കാന്ദ്‌ലയിൽനിന്ന്‌ 17,160 ടൺ ഗോതമ്പുകൂടി ഈജിപ്‌തിലേക്ക്‌ അയക്കാൻ കേന്ദ്രം അനുമതിയും നൽകി.

ഗോതമ്പ്‌ ക്വിന്റലിന്‌ 500 രൂപ ബോണസ്‌ നൽകണം: കിസാൻസഭ
കർഷകരിൽനിന്ന് സംഭരിക്കുന്ന ഗോതമ്പ്‌ ക്വിന്റലിന്‌ 500 രൂപ വീതം ബോണസ്‌ കേന്ദ്ര സർക്കാർ നൽകണമെന്ന്‌ അഖിലേന്ത്യ കിസാൻസഭ ആവശ്യപ്പെട്ടു. ചൂട്‌ കൂടിയതുമൂലം ഈ വർഷം ഉൽപ്പാദനത്തിന്റെ -25 ശതമാനംവരെ വിളനാശമുണ്ടായി. സർക്കാർ ഏജൻസികൾ ആവശ്യത്തിന് സംഭരണകേന്ദ്രങ്ങൾ തുറക്കാത്തതിനാൽ കുറഞ്ഞ വിലയിൽ കമ്പോളത്തിൽ ഗോതമ്പ്‌ വിൽക്കാൻ കർഷകരെ നിർബന്ധിതരാക്കി.

ബോണസ്‌ തുക സർക്കാർ ഏജൻസികൾക്ക്‌ ഗോതമ്പ്‌ നൽകിയവർക്കും ബാധകമാക്കണം. മോദി സർക്കാർ ഈ വർഷം പ്രഖ്യാപിച്ച 44.4 ദശലക്ഷം ടൺ ഗോതമ്പിന്റെ പകുതിപോലും സംഭരിച്ചിട്ടില്ല. സാഹചര്യം മുതലെടുത്ത് പൂഴ്‌ത്തിവയ്‌പ്‌ നടത്തുന്ന സ്വകാര്യ വ്യാപാരികളുടെയും കോർപറേറ്റ് കമ്പനികളുടെയും കൈയിലേക്ക്‌ കമ്പോളത്തെ നൽകുകയാണ്‌ മോദി സർക്കാർ.   രാജ്യത്ത്‌ ആഭ്യന്തര ഭക്ഷ്യസുരക്ഷ തകരുമ്പോൾ അധികം ഗോതമ്പ്‌ കയറ്റുമതി ചെയ്യുന്നതിനെ ശക്തമായി അപലപിക്കുന്നെന്നും കിസാൻ സഭ പ്രസിഡന്റ്‌ അശോക്‌ ധാവ്‌ളെയും ജനറൽ സെക്രട്ടറി ഹന്നൻ മൊള്ളയും പ്രസ്‌താവനയിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top