26 April Friday

ഇന്ത്യൻ ‘വാട്ടർഗേറ്റ്‌ ’ ; ചോർത്തപ്പെട്ടവരിൽ രാഹുൽ, പ്രശാന്ത്‌ കിഷോർ, ബിജെപി നേതാക്കൾ

എം പ്രശാന്ത്‌Updated: Monday Jul 19, 2021


ന്യൂഡൽഹി
പെഗാസസ്‌ ഫോൺ ചോർത്തലിൽ ഭരണ–- പ്രതിപക്ഷ വ്യത്യാസമില്ലാതെ രാഷ്ട്രീയ നേതാക്കൾ കൂട്ടമായി ഇരയാക്കപ്പെട്ടു. കോൺഗ്രസ്‌ നേതാവ്‌ രാഹുൽ ഗാന്ധി, തെരഞ്ഞെടുപ്പ്‌ തന്ത്രജ്ഞൻ പ്രശാന്ത്‌ കിഷോർ, മമത ബാനർജിയുടെ അനന്തരവൻ അഭിഷേക്‌ ബാനർജി, കേന്ദ്ര മന്ത്രിമാരായ അശ്വനി വൈഷ്‌ണവ്‌, പ്രഹ്ലാദ്‌ പട്ടേൽ, വിഎച്ച്‌പി നേതാവ്‌  പ്രവീൺ തൊഗാഡിയ, രാജസ്ഥാൻ മുഖ്യമന്ത്രിയായിരുന്ന വസുന്ധര രാജെ സിന്ധ്യയുടെ പ്രൈവറ്റ്‌ സെക്രട്ടറി, കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിയുടെ ഒഎസ്‌ഡി, തെരഞ്ഞെടുപ്പ്‌ കമീഷൻ അംഗമായിരുന്ന അശോക്‌ ലവാസ, ബിൽ ആൻഡ്‌ മെലിൻഡ ഗേറ്റ്‌സ്‌ ഫൗണ്ടേഷന്റെ ഇന്ത്യാ ഹെഡ്‌ ഹരി മേനോൻ, വൈറോളജിസ്‌റ്റ്‌ ഗഗൻദീപ്‌ കാങ്‌, മുൻ ചീഫ്‌ ജസ്‌റ്റിസ്‌ രഞ്‌ജൻ ഗൊഗോയിക്കെതിരായി ലൈംഗികാരോപണം ഉന്നയിച്ച സുപ്രീംകോടതി ജീവനക്കാരിയും ബന്ധുക്കളും ചോർത്തൽ പട്ടികയിലുണ്ട്‌. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും ആഭ്യന്തരമന്ത്രി അമിത്‌ ഷായുടെയും എതിർപക്ഷത്തുള്ളവരാണ്‌ ഇരയാക്കപ്പെട്ടവരിലേറെയുമെന്നത്‌ ശ്രദ്ധേയം.

2018 പകുതിമുതൽ 2019 പകുതിവരെയാണ്‌ രാഹുൽ ഗാന്ധിയുടെ രണ്ട്‌ നമ്പർ ചോർത്തിയത്‌. കോൺഗ്രസിൽ രാഹുലിന്റെ വിശ്വസ്‌തരായ സച്ചിൻ റാവു, അലങ്കാർ സവായ്‌ എന്നിവരും പട്ടികയിലുണ്ട്‌. രാഷ്ട്രീയവുമായി ബന്ധമില്ലാത്ത അഞ്ച്‌ സുഹൃത്തുക്കളും ചോർത്തലിന്‌ ഇരകളായി. ഇവരിൽ രണ്ടുസ്‌ത്രീകളുമുണ്ട്‌. യുഎസിൽ മുൻ പ്രസിഡന്റ്‌ റിച്ചാർഡ്‌ നിക്‌സണിന്റെ രാജിക്ക്‌ വഴിയൊരുക്കിയ വാട്ടർഗേറ്റ്‌ വിവാദത്തിന്‌ സമാനമായി, പാർടി അധ്യക്ഷനായി 2019ലെ പൊതുതെരഞ്ഞെടുപ്പിലേക്ക്‌ കോൺഗ്രസിനെ നയിക്കുമ്പോഴാണ്‌ രാഹുലിനെ ഉന്നമിട്ടത്‌.

1972ലെ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിന്‌ മുമ്പ്‌ ഡെമോക്രാറ്റിക് പാർടി ഓഫീസിൽ ഉപകരണം വച്ച് വിവരം ചോർത്തിയത് പുറത്തുവന്നതിനെ തുടർന്നായിരുന്നു നിക്‌സണിന്റെ രാജി. രാഹുൽ അന്ന്‌ ഉപയോഗിച്ച ഫോണുകൾ നിലവിൽ ഉപയോഗിക്കാത്തതിനാൽ ഫോറൻസിക് പരിശോധനയ്‌ക്ക്‌ വിധേയമായിട്ടില്ല. ബംഗാൾ തെരഞ്ഞെടുപ്പിൽ തൃണമൂലിനെ സഹായിച്ച മോഡിയുടെ മുൻ ഉപദേശകൻ  പ്രശാന്ത്‌ കിഷോറിന്റെ ഐഫോൺ ചോർത്തിയെന്ന്‌ ആംനെസ്‌റ്റി ഇന്റർനാഷണലിന്റെ ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞു.  കിഷോറിന്റെ ഫോണിൽ ജൂണിൽ 14 ദിവസവും ജൂലൈയിൽ 12 ദിവസവും പെഗാസസ്‌ ആക്രമണമുണ്ടായി. കിഷോർ ഡൽഹിയിൽ രാഹുലുമായും പ്രിയങ്ക ഗാന്ധിയുമായും കൂടിക്കാഴ്‌ച നടത്തിയ കഴിഞ്ഞ ചൊവ്വാഴ്‌ചയും വിവരം ചോർത്തി. ഫോറൻസിക് പരിശോധനയ്‌ക്ക്‌ ഫോൺ വിധേയമാക്കിയ ദിവസവും പെഗാസസ്‌ കടന്നുകയറ്റം നടത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top