01 December Friday

നിജ്ജാറിന്റെ ശരീരത്തില്‍ 34 വെടിയുണ്ട, വധിച്ചത്‌ രണ്ട്‌ വണ്ടിയിലെത്തിയ ആറുപേർ ചേർന്ന്‌ ; വാഷിങ്‌ടൺ പോസ്‌റ്റ്‌ റിപ്പോർട്ട്‌

വെബ് ഡെസ്‌ക്‌Updated: Wednesday Sep 27, 2023


വാഷിങ്‌ടൺ
ക്യാനഡയിൽവച്ച്‌ ഖലിസ്ഥാൻ വിഘടനവാദി നേതാവ്‌ ഹർദീപ്‌ സിങ്‌ നിജ്ജാറിനെ വധിച്ചത്‌ രണ്ട്‌ വണ്ടിയിലെത്തിയ ആറുപേർ ചേർന്നെന്ന്‌ വാഷിങ്‌ടൺ പോസ്‌റ്റ്‌ റിപ്പോർട്ട്‌. അക്രമികൾ 50 പ്രാവശ്യം നിറയുതിർത്തതായും അതിൽ 34 വെടിയുണ്ട നിജ്ജാറിന്റെ ശരീരത്തിൽ തുളച്ചുകയറിയതായും റിപ്പോർട്ടിൽ പറയുന്നു.
വാൻകൂവറിൽ സറേയിലെ ഗുരുദ്വാരാ മുറ്റത്തുവച്ച്‌ ജൂൺ 18നായിരുന്നു നിജ്ജാറിന്റെ കൊലപാതകം. ഗുരുദ്വാരയുടെ സിസിടിവിയിൽനിന്നുള്ള 90 സെക്കൻഡ്‌ ദൃശ്യത്തെയും സാക്ഷിമൊഴികളെയും അടിസ്ഥാനപ്പെടുത്തിയാണ്‌ റിപ്പോർട്ട്‌.

‘ഗുരുദ്വാര മുറ്റത്തുനിന്ന്‌ ചാര നിറത്തിലുള്ള കാറിൽ നിജ്ജാർ പുറത്തേക്ക്‌ പോകവെ വെളുത്ത കാർ അവിടെയെത്തി. നിജ്ജാറിന്റെ കാറിന്‌ കുറുകെ നിർത്തി രണ്ടുപേർ ചാടിയിറങ്ങി. ഡ്രൈവർ സീറ്റിനുനേരെ വെടിയുതിർത്തു. ശേഷം ഓടി രക്ഷപ്പെട്ടു. മറ്റൊരു കാറിൽ കയറിപ്പോയി’–- റിപ്പോർട്ടിൽ പറയുന്നു. ദൃക്സാക്ഷികളുടെ വിവരണവും റിപ്പോർട്ടിലുണ്ട്.

യുഎന്നില്‍ ക്യാനഡയെ 
"വിമര്‍ശിച്ച്' ജയ് ശങ്കര്‍
ഭീകരവാദത്തെ എതിർക്കുന്നത്‌ രാഷ്ട്രീയ ഹിതാഹിതങ്ങൾ നോക്കിയാകരുതെന്ന്‌ വിദേശമന്ത്രി എസ്‌ ജയ്‌ശങ്കർ. ന്യൂയോർക്കിൽ യുഎൻ പൊതുസഭയുടെ എഴുപത്തെട്ടാം യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘രാജ്യങ്ങളുടെ അഖണ്ഡതയെ മാനിക്കുക, ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കുക തുടങ്ങിയ കാര്യങ്ങൾ തന്നിഷ്ടപ്രകാരം തീരുമാനിക്കേണ്ടവയല്ല. ചില രാജ്യങ്ങൾ അജൻഡ തീരുമാനിക്കുകയും മറ്റുള്ളവർ പിന്തുടരുകയും ചെയ്യുന്ന രീതി മാറി.’- ക്യാനഡയുടെ പേരെടുത്ത്‌ പറയാതെയായിരുന്നു ജയ്‌ശങ്കറുടെ വിമർശം.

ക്യാനഡയിൽ 
സിഖ്‌ പ്രതിഷേധം
ക്യാനഡയിൽ ഖലിസ്ഥാനി വിഘടനവാദി നേതാവ്‌ ഹർദീപ്‌ സിങ്‌ നിജ്ജാറിന്റെ വധവുമായി ബന്ധപ്പെട്ട്‌ വ്യാപക പ്രതിഷേധവുമായി സിഖ്‌ വിഭാഗക്കാർ. കൃത്യമായ അന്വേഷണം നടത്തി  പ്രതികൾക്കെതിരെ നടപടിയെടുക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സിഖ്‌ വിഭാഗക്കാർ രാജ്യത്തെ ഇന്ത്യൻ മിഷനുകൾക്കുമുന്നിൽ പ്രതിഷേധ റാലി നടത്തി. ടൊറന്റോയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കട്ടൗട്ടിൽ ചെരിപ്പുമാല അണിയിച്ചു.വാൻകൂവർ കോൺസുലേറ്റിന്‌ മുന്നിലും ഇരുന്നൂറിലധികം പേർ പ്രതിഷേധിച്ചു. ഒട്ടാവയിലെ ഇന്ത്യൻ ഹൈക്കമീഷനു മുന്നിൽ ഖലിസ്ഥാൻ എന്ന്‌ അടയാളപ്പെടുത്തിയ മഞ്ഞ പതാക വീശി.

വിവരം നൽകിയത്‌ അമേരിക്കയെന്ന്‌ അമേരിക്കൻ പത്രം
ഖലിസ്ഥാൻ വിഘടനവാദി നേതാവ്‌ ഹർദീപ്‌ സിങ്‌ നിജ്ജാറിന്റെ കൊലപാതകത്തിലെ ഇന്ത്യൻ പങ്കിന്റെ തെളിവ്‌ ക്യാനഡയ്ക്ക്‌ നൽകിയത്‌ അമേരിക്കയെന്ന്‌ റിപ്പോർട്ട്‌. അമേരിക്കൻ പത്രം ന്യൂയോർക്ക്‌ ടൈംസാണ്‌ വിവരം പുറത്തുവിട്ടത്‌. ക്യാനഡയിലെ അമേരിക്കൻ സ്ഥാനപതി ഡേവിഡ്‌ കോഹൻ വിവരം സ്ഥിരീകരിച്ചതായും ശനിയാഴ്ച പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.  ക്യാനഡ അന്വേഷണം തുടരണമെന്നും എല്ലാ കുറ്റവാളികളെയും നിയമത്തിന്‌ മുന്നിൽ കൊണ്ടുവരണമെന്നും അമേരിക്കൻ സ്റ്റേറ്റ്‌ ഡിപാർട്‌മെന്റ്‌ വക്താവ്‌ ഡേവിഡ്‌ മില്ലർ ആവശ്യപ്പെട്ടു. വിഷയത്തിൽ ശ്രീലങ്കയും ബംഗ്ലാദേശും ഇന്ത്യക്ക്‌ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്‌. ഭീകരവാദത്തിന്റെ തിക്തഫലങ്ങൾ ഏറെ അനുഭവിച്ച രാഷ്ട്രമാണ്‌ ശ്രീലങ്കയെന്ന്‌ ഇന്ത്യയിലെ ശ്രീലങ്കൻ ഹൈകമീഷണർ മിലിൻഡ മൊറഗോഡ പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top