29 March Friday

കര്‍ണാടകത്തില്‍ മുസ്ലിം സംവരണം റദ്ദാക്കല്‍; പ്രതിഷേധവുമായി 
വഖഫ് ബോര്‍ഡ്

വെബ് ഡെസ്‌ക്‌Updated: Sunday Mar 26, 2023

ബം​ഗളൂരു
കർണാടകത്തില്‍ ബിജെപി സര്‍ക്കാർ മുസ്ലിം വിഭാ​ഗത്തിനുള്ള നാലുശതമാനം ഒബിസി സംവരണം റദ്ദാക്കിയതില്‍ വ്യാപകപ്രതിഷേധം ഉയരുന്നു. ആസന്നമായ തെരഞ്ഞെടുപ്പില്‍ ധ്രുവീകരണം ലഷ്യമിട്ടാണ് ബിജെപി നീക്കമെന്ന് വഖഫ് ബോർഡ് പ്രതികരിച്ചു.
‘ബിജെപി സർക്കാരിൽ പ്രതീക്ഷയില്ല. മുസ്ലിം വിഭാ​ഗത്തിന് നാല് ശതമാനം സംവരണം തിരികെ കൊണ്ടുവരണം. മറ്റു ജാതിക്കാർക്കുള്ള സംവരണത്തിൽ എതിർപ്പില്ല. മുസ്ലിങ്ങളോട് ചെയ്തതിൽ കടുത്ത അതൃപ്തിയുണ്ട്', വഖഫ് ബോർഡ് അംഗം പ്രതികരിച്ചു. ആവശ്യങ്ങളുന്നയിച്ച് ​ഗവർണർക്ക് നിവേദനം നല്‍കാനും പ്രക്ഷോഭം ആരംഭിക്കാനുമാണ് മുസ്ലിം സംഘടനകളുടെ തീരുമാനം.


നാലു ശതമാനം ഒബിസി സംവരണം എടുത്ത്‌കളഞ്ഞ് മുസ്ലിം വിഭാ​ഗത്തെ സാമ്പത്തിക സംവരണക്കാര്‍ക്കുള്ള വിഭാ​ഗത്തിലേക്കാണ് മാറ്റിയത്. ഇതോടെ  ബ്രാഹ്മണ വിഭാ​ഗം അടക്കം പ്രബല സമുദായത്തിൽനിന്നുള്ളവരോട് മത്സരിച്ചുവേണം മുസ്ലിങ്ങള്‍ക്ക് സംവരണം നേടാന്‍. മുസ്ലിങ്ങളില്‍ നിന്ന് എടുത്തുമാറ്റിയ നാലു ശതമാനം സംവരണം  രണ്ട് പ്രബല സമുദായങ്ങളായ - വീരശൈവ-ലിംഗായത്തുകള്‍ക്കും വൊക്കലിഗകള്‍ക്കും തുല്യമായി വീതിച്ചു നല്‍കിയിരിക്കുകയാണിപ്പോള്‍.  ഇതോടെ വൊക്കലി​ഗരുടെ ഒബിസി സംവരണം ആറുശതമാനവും ലിം​ഗായത്തിന്റെത്  ഏഴുശതമാനവുമായി ഉയര്‍ന്നു. സംവരണം ഉയര്‍ത്തണമെന്ന് ഇരുവിഭാ​ഗത്തിന്റെയും ആവശ്യം അം​ഗീകരിച്ചത് ഏപ്രില്‍, മെയ് മാസങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ​ഗുണംചെയ്യുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി. മുൻ പ്രധാനമന്ത്രി എച്ച് ഡി  ദേവഗൗഡ കർണാടക മുഖ്യമന്ത്രിയായിരുന്ന കാലത്ത്, 1995-ലാണ്  ഒബിസി വിഭാ​ഗത്തില്‍ മുസ്ലിങ്ങൾക്ക് നാലു ശതമാനം ഏർപ്പെടുത്തിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top