06 December Wednesday

വീരപ്പൻ വേട്ടയ്ക്കിടെ ബലാത്സം​ഗം ; സർക്കാർ ഉദ്യോ​ഗസ്ഥർ കുറ്റക്കാർ; ഉത്തരവ്‌ മദ്രാസ് ഹൈക്കോടതി ശരിവച്ചു

വെബ് ഡെസ്‌ക്‌Updated: Friday Sep 29, 2023


ചെന്നൈ
വീരപ്പൻ വേട്ടയുടെ മറവിൽ ബലാത്സംഗം അടക്കം ഗുരുതര കുറ്റകൃത്യങ്ങൾ ചെയ്ത കേസിൽ 215 സർക്കാർ ഉദ്യോ​ഗസ്ഥർ കുറ്റക്കാരാണെന്ന ഉത്തരവ്‌ ശരിവച്ച്‌ മദ്രാസ് ഹൈക്കോടതി. പ്രതികളുടെ അപ്പീല്‍ തള്ളിയ ജസ്റ്റിസ് വേല്‍മുരു​ഗന്റേതാണ് വിധി. ഇരകള്‍ക്ക് നഷ്ടപരിഹാരമായി പത്തു ലക്ഷം രൂപയും ജോലിയും നൽകണമെന്നും ഹൈക്കോടതി സംസ്ഥാന സർക്കാരിനോട്‌ നിർദ്ദേശിച്ചു. പരാതിയിൽ നടപടി സ്വീകരിക്കാതിരുന്ന അന്നത്തെ ജില്ലാ കലക്‌ടർ, ജില്ലാ വനംവകുപ്പ്‌ അധികൃതർ, എസ്‌പി എന്നിവർക്കെതിരെ കർശന നടപടിയെടുക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

1992-ൽ ചന്ദനക്കൊള്ളക്കാരനായ വീരപ്പനെ പിടികൂടാനെത്തിയ 269 ഉദ്യോഗസ്ഥർ ധർമ്മപുരി ജില്ലയിലെ വാച്ചാത്തിയിൽ 18 ഗോത്രസ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് കേസ്. നിരവധി പേര്‍ ക്രൂരമര്‍ദനത്തിനിരയായി. കുടിലുകൾ തകർത്തു. നൂറിലധികം സ്ത്രീകളെയും കുട്ടികളെയും കള്ളക്കേസ് ചുമത്തി മാസങ്ങളോളം ജയിലില്‍ അടച്ചു. 126 വനംവകുപ്പ് ഉദ്യോഗസ്ഥരും 84 പൊലീസുകാരും അഞ്ചു റവന്യു ഉദ്യോഗസ്ഥരും കുറ്റക്കാരാണെന്ന് 2011 സെപ്തംബറിൽ സെഷൻസ് കോടതി കണ്ടെത്തി. പത്തു വർഷംവരെ തടവുശിക്ഷയും വിധിച്ചു. പ്രതികളിലെ 54 പേർ ഇക്കാലയളവിൽ മരിച്ചു. ഇരകൾക്ക്‌ നീതി ആവശ്യപ്പെട്ടും കാര്യക്ഷമമായ അന്വേഷണത്തിനും സിപിഐ എം നേതൃത്വത്തിൽ വൻ പ്രക്ഷോഭങ്ങളും നിയമപോരാട്ടവും നടത്തിയിരുന്നു. സിപിഐ എം സംസ്ഥാന കമ്മറ്റി നൽകിയ ഹർജിയിലാണ്‌ സിബിഐ അന്വേഷണത്തിന്‌ ഉത്തരവിട്ടത്‌.

വാച്ചാത്തിയിലെ ധീരവനിതകൾക്ക്‌ 
സല്യൂട്ട്‌: കിസാൻ സഭ
വീരപ്പനെതിരായ നടപടിയുടെ മറവിൽ തമിഴ്‌നാട്ടിലെ വാച്ചാത്തിയിൽ 18 സ്‌ത്രീകളെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ഉദ്യോഗസ്ഥർക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം നടത്തിയ ധീരവനിതകളെ അഖിലേന്ത്യാ കിസാൻ സഭ അഭിവാദ്യം ചെയ്‌തു. 1992 ജൂൺ 20ന് വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും റവന്യു ഉദ്യോഗസ്ഥരുമാണ്‌ ചന്ദനക്കടത്തുമായോ വീരപ്പനുമായോ ബന്ധമില്ലാതിരുന്ന ഗ്രാമവാസികളായ സ്‌ത്രീകളെ ബലാത്സംഗം ചെയ്‌തത്‌.

സിപിഐ എം, കിസാൻ സഭ, തമിഴ്‌നാട് ട്രൈബൽ അസോസിയേഷൻ, അഖിലേന്ത്യാ ജനാധിപത്യ മഹിള അസോസിയേഷൻ എന്നിവർ നടത്തിയ നീണ്ടകാലത്തെ നിയമപോരാട്ടത്തിലാണ്‌ ആരോപണവിധേയർ കുറ്റക്കാരാണെന്ന്‌ കണ്ടെത്തിയത്‌. ശിക്ഷ ഇപ്പോൾ മദ്രാസ്‌ ഹൈക്കോടതിയും ശരിവച്ചു. വാച്ചാത്തിയിലെ സ്ത്രീകൾക്കും ജനങ്ങൾക്കും നീതി ഉറപ്പാക്കാനും കുറ്റവാളികൾക്ക്‌ ശിക്ഷ ഉറപ്പാക്കാനും പ്രയത്നിച്ച എല്ലാവരെയും അഭിനന്ദിച്ച കിസാൻ സഭ അഖിലേന്ത്യ പ്രസിഡന്റ്‌ അശോക്‌ ധാവ്‌ലെ, ജനറൽ സെക്രട്ടറി വിജൂ കൃഷ്‌ണൻ എന്നിവർ ജനങ്ങളെ ദ്രോഹിക്കുന്ന ഉദ്യോഗസ്ഥർക്ക്‌ നൽകുന്ന മുന്നറിയിപ്പാണ്‌ വിധിയെന്നും പ്രസ്‌താവനയിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top