17 September Wednesday

സ്‌മിതാ മേനോന്റെ സന്ദർശനം; വി മുരളീധരനെതിരായ പരാതിയിൽ പ്രധാനമന്ത്രിയുടെ ഓഫീസ്‌ വിശദീകരണംതേടി

വെബ് ഡെസ്‌ക്‌Updated: Thursday Oct 8, 2020

ന്യൂഡല്‍ഹി > അബുദാബിയില്‍ നടന്ന മന്ത്രിതല സമ്മേളനത്തില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പി ആര്‍ ഏജന്‍സി ഉടമയായ സ്‌മിതാ മേനോനെ പങ്കെടുപ്പിച്ചത് സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടി. പ്രോട്ടോക്കോള്‍ ലംഘനമുണ്ടായെന്ന പരാതിയെ തുടര്‍ന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വിദേശകാര്യ മന്ത്രാലയത്തോട് വിശദീകരണം തേടിയത്. വിദേശ കാര്യ മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി കൂടിയായ അരുണ്‍ കെ ചാറ്റര്‍ജിയോട് ഇത് സംബന്ധിച്ച കാര്യങ്ങള്‍ അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

2019-ലായിരുന്നു 22 രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഒത്തുകൂടിയ വേദിയില്‍ ഔദ്യോഗിക പ്രതിനിധിപോലും അല്ലാത്ത യുവതി എത്തിയത്. തുടര്‍ന്ന് അടുത്തിടെ പ്രഖ്യാപിച്ച മഹിളാ മോര്‍ച്ച ഭാരവാഹി പട്ടികയില്‍ സ്‌മിതമേനോനെ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളായും തിരഞ്ഞെടുത്തിരുന്നു. ലോക് താന്ത്രിക് ജനതാദള്‍ നേതാവ്  സലീം മടവൂരായിരുന്നു ആദ്യം പരാതിയുമായി എത്തിയത്. തുടര്‍ന്ന് പ്രധാനമന്ത്രിക്ക് മുന്നില്‍ പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ പരാതിയുമെത്തി.
 
മുതിര്‍ന്ന ബിജെപി നേതാക്കള്‍ക്ക് പോലും അറിയാത്ത സ്‌മിതാ മേനോന്‍ എങ്ങനെ മഹിളാമോര്‍ച്ചയുടെ പ്രധാന സ്ഥാനത്ത് എത്തിയെന്നാണ് പ്രധാനമായും ഉയരുന്ന ചോദ്യം. മാത്രമല്ല ഇവരെ രാജ്യ പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തില്‍ പങ്കെടുപ്പിച്ചത്‌ വലിയ സുരക്ഷാ വീഴ്‌ച‌യാണെന്നും നയന്ത്ര ചട്ടങ്ങളുടെ ലംഘനമാണെന്നും ആക്ഷേപമുണ്ട്‌. വിദേശകാര്യമന്ത്രാലവുമായി ബന്ധപ്പെട്ട പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തിന്റെ കൂടെ ചുമതലയുള്ള അണ്ടര്‍ സെക്രട്ടറി അരുണ്‍ ചാറ്റര്‍ജിയോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top